കാസര്‍കോട്: വിദ്യാനഗറില്‍ നിന്നും ചെങ്കളയില്‍ നിന്നുമായി 85 കിലോ ചന്ദനമുട്ടികള്‍ പിടികൂടിയ കേസില്‍ അറസ്റ്റിലായ ചന്ദന മാഫിയാ സംഘത്തിലെ ഇടനിലക്കാരനെ കോടതി റിമാന്‍ഡ് ചെയ്തു. ബദിയടുക്ക ബദിയടുക്ക വിദ്യാഗിരി മുനിയൂറിലെ പി എം ഹമീദിനെ (43) യാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത്.
അതേ സമയം ഈ കേസിലെ മുഖ്യപ്രതിയായ ചെങ്കള സിറ്റിസണ്‍ നഗറിലെ ഇബ്രാഹിമിനെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ശക്തമാക്കി. ഇബ്രാഹിന്റെ സിറ്റിസണ്‍ നഗറിലെ വീട് പൂട്ടിയിട്ട നിലയിലാണ്. ഇബ്രാഹിമിന്റെ നായന്മാര് മൂലയിലെ സഹോദരന്റെ വീട്ടില്‍ ഇബ്രാഹിമും കുടുംബവും ഒളിവില്‍ കഴിയുകയാണെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് ഇവിടെയും റെയ്ഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പോലീസെത്തുമെന്നറിഞ്ഞ് ഇബ്രാഹിം കുടുംബ സമേതം ഇവിടെ നിന്നും മുങ്ങുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ സി ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് 85 കിലോ ചന്ദമനമുട്ടികളുമായി ഹമീദിനെ പിടികൂടിയത്. ഹമീദ് ബസില്‍ കടത്തിവരികയായിരുന്ന 10 കിലോ ചന്ദന മുട്ടികളാണ് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.
കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത ഹമീദ് വിദ്യാനഗറില്‍ ബസിറങ്ങിയ ശേഷം ബിസി റോഡിലൂടെ ചന്ദന മുട്ടികള്‍ അടങ്ങിയ ബിഗ്ഷോപ്പറുമായി നടന്നുപോകുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബിഗ്ഷോപ്പര്‍ പരിശോധിച്ചപ്പോഴാണ് 10 കിലോ ചന്ദനമുട്ടികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹമീദിനെ ചോദ്യം ചെയ്തപ്പോള്‍ ചെങ്കള സിറ്റിസണ്‍ നഗറിലെ ഇബ്രാഹിമിന് കൈമാറാനാണ് ചന്ദനമുട്ടികള്‍ ബസില്‍ കടത്തിയതെന്ന് മൊഴിനല്‍കി. പോലീസ് ഹമീദിനേയും കൂട്ടി ഇബ്രാഹിമിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ അവിടെയുണ്ടായിരുന്നില്ല. ഇബ്രാഹിമിന്റെ വീട്ടിനകത്ത് നടത്തിയ പരിശോധനയില്‍ 75 കിലോ ചന്ദനമുട്ടികള്‍ കണ്ടെത്തുകയായിരുന്നു. ഇബ്രാഹിമിനുവേണ്ടിയാണ് ഹമീദ് സ്ഥിരമായി ചന്ദനമുട്ടികള്‍ കടത്തിയിരുന്നതെന്നും കേസിലെ മുഖ്യപ്രതി ഇബ്രാഹിമാണെന്നും ഹമീദ് ഒരു കണ്ണി മാത്രമാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: