പത്തനംതിട്ട: സിവില്‍ സ്റ്റേഷനിലെ പഞ്ചിംങ് സംവിധാനം കളക്ടറുടെ ഓഫീസിലെ ജീവനക്കാര്‍ക്കുമാത്രമായി ഏര്‍പ്പെടുത്തിയതില്‍ ജീവനക്കാര്‍ക്ക് പരാതി. കളക്ടറുടെ ഓഫീസടക്കം 12 ലേറെ ഓഫീസുകളാണ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കളക്ടറുടെ ഓഫീസിലെ 130 ഓളെ ജീവനക്കാര്‍ മാത്രമേ പഞ്ചിംങ് സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ജില്ലാ പ്ലാനിംങ് ഓഫീസ്, എല്‍എ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസ്, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് , അസി.ഡെവലെപ്പ്മെന്റ് കമ്മീഷണര്‍ ഓഫീസ്, കുടുംബശ്രീ, ഡിഎംഒ ഓഫീസ്, ജില്ലാ സപ്ലൈഓഫീസ്, സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്ക് ഓഫീസ്, ജില്ലാ സാക്ഷരതാ മിഷന് ഓഫീസ്, വില്ലേജ് ഓഫീസ്, തുടങ്ങിയ ഓഫീസുകളെല്ലാം സിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലെ ജീവനക്കാരെ പഞ്ചിംങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കളക്ട്രേറ്റിലെ ഒന്നാംനിലയില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പഞ്ചിംങ് സംവിധാനം ഏര്‍പ്പെടുത്തിയത്.
ഹാജര്‍ രേഖപ്പെടുത്തുന്നതിന് ഫോട്ടോപതിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
മെഷീനിന്റെ ഡയല് പാഡിനു മുന്നില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുമ്പോള്‍ ഹാജര്‍ രേഖപ്പെടുത്തും. ജീവനക്കാരന്റെ പേര്, തസ്തിക, ജോലിക്ക് കയറുന്ന സമയം, പുറത്തുപോകുന്ന സമയം എന്നിവ മെഷീന് രേഖപ്പെടുത്തും. ഇതിനു പുറമേ പഞ്ച് ചെയ്യുന്ന വിവരങ്ങള്‍ ജില്ലാ കളക്ടറുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണില്‍ ലൈവായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: