മഞ്ചേരി: ഫയര്‍ എഞ്ചിനുകള്‍ മഴ കൊള്ളാതെ സൂക്ഷിക്കാന്‍ പോലുമാകാതെ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് മഞ്ചേരി ഫയര്‍ സ്റ്റേഷന്. കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡിലാണ് നിലവില്‍ ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. ഓഫീസും ഉദ്യോഗസ്ഥരുടെ താമസവും എല്ലാം ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലാണ്.
ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിനു സൗകര്യങ്ങളുണ്ടെങ്കിലും വാഹനം നിര്‍ത്തിയിടാന്‍ സ്ഥലമില്ല. വേനല്‍കാലത്ത് പ്രശ്നമില്ലെങ്കിലും മഴക്കാലത്ത് അതൊരു വെല്ലുവിളി തന്നെയാണ്. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ഈ വാഹനങ്ങള്‍ ഇവിടെ മഴ നനഞ്ഞ് കിടക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് തിരക്ക് പിടിച്ച് മഞ്ചേരിയില്‍ ഫയര്‍ സ്റ്റേഷന് അനുവദിച്ചത്. ഉദ്ഘാടന മാമാങ്കത്തില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍ സ്ഥിരമായൊരു സ്ഥലം കണ്ടെത്താന്‍ ഇതുവരെ പുതിയ സര്‍ക്കാരിനും സാധിച്ചിട്ടില്ല.
യൂണിറ്റ് നിലവില്‍ വന്നപ്പോള്‍ മലപ്പുറത്തുനിന്നും എത്തിച്ച പഴയ വാഹനമാണ് നിലവില്‍ മഞ്ചേരിയില്‍ ഉപയോഗിക്കുന്നത്. 4500 ലിറ്റര്‍ വെള്ളം ഉപയോഗിക്കാവുന്ന ഈ വാഹനമാണ് കാരക്കുന്ന്, പാണ്ടിക്കാട്, മങ്കട അരീക്കോട്, തൃപ്പനച്ചി എന്നീ പരിധികളിലെ ദുരന്തങ്ങള്‍ നേരിടേണ്ടത്. മഞ്ചേരിയില്‍ ഫയര്സ്റ്റേഷന് വന്നതിനു ശേഷം 77 ദുരന്തങ്ങള്‍ ഇതിനകം ഉണ്ടായതായി അധികൃതര്‍ പറയുന്നു. തീപിടുത്തങ്ങളാണ് ഇതിലധികവും. വേനല്‍കാലത്ത് മഞ്ചേരിയിലും പരിസരങ്ങളിലും വര്‍ധിച്ചുവരുന്ന തീപിടിത്തങ്ങളും മറ്റും നേരിടാന്‍ ഈ പഴയ വാഹനം കൊണ്ട് മാത്രം കഴിയില്ല. ഉള്ള കേടുപാടില്ലാതെ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളും ഇവിടെയില്ല. ഫയര്‍ സ്റ്റേഷന് സ്വന്തമായ കെട്ടിടവും മികച്ച വാഹനങ്ങളും ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: