മണ്ണാര്‍ക്കാട്: ആനമൂളിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടികൊന്ന സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അട്ടപ്പാടി ആനമൂളിയിലാണ് റോഡ് ഉപരോധിച്ചത്. ആനമൂളി ഉരുളന്‍കുന്ന് പരേതനായ തലച്ചിറ സോമന്റെ ഭാര്യ കല്യാണി (ശോഭന-58)യാണ് കൊല്ലപ്പെട്ടത്. ജില്ലാ കളക്ടര്‍ മേരിക്കുട്ടി സ്ഥലത്തെത്തിയാണ് ഉപരോധം അവസാനിപ്പിച്ചത്.
തെങ്കര, ആനമൂളി, മെഴുകുംപാറ എന്നിവിടങ്ങളില്‍ കാട്ടാന ഇറങ്ങുന്നത് പതിവാണ്. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ അവയെ താത്ക്കാലികമായി ഓടിക്കും. പിന്നീട് ഇവ വീണ്ടും വരുമെന്നതിനാല്‍ ശാശ്വതപരിഹാരം ആവശ്യപ്പെട്ടും മരിച്ച ശോഭനയുടെ കുടുംബത്തിന് ധനസഹായം ആവശ്യപെട്ടുമാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. നൂറുകണക്കിന് വാഹനങ്ങളാണ് ഉപരോധത്തില്‍ കുടുങ്ങിയത്.
ഡി.എഫ് ഒ രാജു തോമസ്സിന്റെ നേതൃത്വത്തില്‍ വനപാലകരും ജനപ്രതിനിധികളും, പോലീസും നടത്തിയ ചര്‍ച്ചയില്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായി. കളക്ടര്‍ എത്തിയ ശേഷമേ റോഡുപരോധം അവസാനിപ്പിക്കൂ എന്ന നിലപാട് പ്രതിഷേധക്കാര്‍ കൈക്കൊണ്ടതോടെ 11 മണിയോടെ കലക്ടര്‍ സ്ഥലത്തെത്തി. ഡിവൈഎസ്പി സുനില്‍കുമാര്‍, ഡിഎഫ്ഒ രാജുതോമസ്, മണ്ണാര്‍ക്കാട് തഹസീല്‍ദാര്‍ കെ.വി.വിജയന്, വില്ലേജ് ഓഫീസര്‍ വി.ടി.ജോസ്, ആര്‍ഡിഒ ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി.
അടിയന്തിര ധനസഹായമായി 25000 രൂപ സംഭവസ്ഥലത്തുവച്ചുതന്നെ ബന്ധുക്കള്‍ക്ക് നല്കി. തുടര്‍ന്ന് ഉപരോധം പിന്‍വലിക്കുകയായിരുന്നു. ആഴ്ച്ചകള്‍ക്ക് മുമ്പ് വനംവകുപ്പിന് ലഭിച്ച കാട്ടാനകുട്ടിയുടെ കൂട്ടമാണ് ഇതെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് രണ്ട് ആദിവാസികളെ കാട്ടാനകള്‍ ചവിട്ടികൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: