മലപ്പുറം: സ്കൂള്‍ പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാരകമായ ഡിഫ്തീരിയ രോഗം ജില്ലയില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്. പ്രതിരോധ കുത്തിവെപ്പുകള്‍ കുട്ടികളുടെ ജന്മാവകാശമാണ്. ഇത് നിഷേധിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ്. പൂര്‍ണ്ണമായോ ഭാഗികമായോ കുത്തിവെപ്പെടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ശരിയായ ബോധവല്‍ക്കരണം നല്‍കണം. പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെ ചിലര്‍ ആരോപണങ്ങള്‍ അഴിച്ചുവിടുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സമൂഹത്തിന്റെ ആരോഗ്യം തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
ഡിഫ്തീരിയ വ്യാപനം തടയുന്നതിന് ആവശ്യമായ ടിഡി വാക്സിന്റെ ലഭ്യതക്കുറവ് പ്രതിരോധ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. എത്രയും വേഗം വാക്സില്‍ ലഭ്യമാക്കണം. ഒരു ഡോക്ടര്‍ക്കടക്കം രോഗബാധയുണ്ടായ സാഹചര്യത്തില്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അടിയന്തിരമായി വാക്സിന് നല്‍കണം. ജനസംഖ്യാനുപാതികമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണം. അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പും അവര്‍ക്ക് സമ്പൂര്‍ണ്ണ കുത്തിവെപ്പും നല്‍കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡോ.ആനന്തകേശവന്, ഡോ.ഷിബി പൗലോസ്, ഡോ.മോഹന്‍ദാസ് നായര്‍, ഡോ.കെ.കെ.ജോഷി, ഡോ.ടി.വി.പത്മനാഭന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: