കാഞ്ഞങ്ങാട്: അര്‍ബുദ രോഗം ബാധിച്ച് തിരുവനന്തപുരം റിജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന പടിമരുതിലെ ഓട്ടോ തൊഴിലാളി സതീശന്റെ മകന് അനയ് മോനെ വിദഗ്ധ ചികിത്സക്ക് ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധനും ഇന്ത്യയിലും വിദേശത്തുമുള്‍പ്പെടെ നിരവധി ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്കിയ ഡോ.അമിത് റാവൂത്തരാണ് അനയ്മോനെ ചികിത്സിക്കുന്നത്. തിരുവനന്തപുരം ആര്‍സിസിയില്‍ നിന്നും ബംഗളുരുവില്‍ തുടര്‍ചികിത്സക്കായി കഴിഞ്ഞ ആഴ്ചയാണ് അനയ്മോനെയും കൊണ്ട് അച്ചന് സതീശന് നാട്ടിലേക്ക് വന്നത്. തുടര്‍ന്ന് ബംഗളുരുവിലേക്ക് പോയി.
സതീശന്റെ മൂന്നുവയസുള്ള മകന് അനയ് അര്‍ബുദം ബാധിച്ച് നാലുമാസത്തോളമായി തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. അനയ്മോന്റെ ചികിത്സക്ക് പണമുണ്ടാക്കാന്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന റിച്ചു ബസ് ഒരു ദിവസത്തെ സമ്പാദ്യം നല്‍കുമെന്നറിയിച്ചതോടെയാണ് അനയ്മോന് ജനശ്രദ്ധ നേടിയത്. തുടര്‍ന്ന നാടിന്റെ നാനാ ഭാഗത്തു നിന്നും അനയ്മോന്റെ ജീവന് രക്ഷിക്കാനുള്ള പ്രാര്‍ത്ഥനയും ധനസമാഹരണവുമായിരുന്നു. റിച്ചുബസിന് പിന്നാലെ നിരവധി ബസുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ അവരുടെ ഒരു ദിവസത്തെ വരുമാനം അനയ്മോന് ചികിത്സാ നിധിയിലേക്ക് കൈമാറി. ഏകദേശം 32 ലക്ഷത്തോളം രൂപയാണ് ഇതുവരെയായി ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചതെന്ന് ചികിത്സാ കമ്മറ്റി ട്രഷറര്‍ ചുള്ളിക്കരയിലെ സിനു കുര്യാക്കോസ് പറഞ്ഞു.
അനയ് മോന്റെ ജീവന് രക്ഷിക്കുന്നതില്‍ ബംഗളൂരുവിലെ ഡോ.അമിത് റാവൂത്തറിന്റെ ഉറപ്പും, നാട്ടുകാരുടെയും ബന്ധുക്കളുടേയും പ്രാര്‍ത്ഥനയിലും കുടുംബത്തിന് പൂര്‍ണപ്രതീക്ഷയാണുള്ളത്. അനയ്മോന്റെ ചികിത്സാകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പിതാവ് സതീന്റെ കൂടെ ഭാര്യ ലതിക, ലതികയുടെ സഹോദരി ചന്ദ്രമതി, ചികിത്സ കമ്മറ്റി കണ്‍വീനര്‍ സന്തോഷ്, പൊതുപ്രവര്ത്തകന് രതീഷ് എന്നിവരും ആശുപത്രിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: