കാസര്‍കോട്: കസബ കടപ്പുറത്ത് ഫിഷറീസ് കോളനി നിവാസികള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ശൗചാലയങ്ങള്‍ തകര്‍ന്നു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ പെരുവഴിയിലായിരിക്കുകയാണ് കോളനി നിവാസികള്‍. മാലിന്യങ്ങള്‍ ശൗചാലയത്തിന് പുറത്ത് തളം കെട്ടിക്കിടക്കുകയും മഴവെള്ളത്തിലൊലിച്ച് പരിസരത്ത് ദുര്‍ഗ്ഗന്ധം ഉണ്ടാക്കുകയുമാണെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ഇത് തകരാന്‍ കാരണമായത്.
അപാകതകള്‍ നിര്‍മ്മാണ സമയത്ത് തന്നെ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നുവെങ്കിലും അവര്‍ കേട്ടഭാവം നടിച്ചില്ലെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. സെപ്റ്റിക് ടാങ്കിന്റെ അരികുകള്‍ തകര്‍ന്നാണ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകിയിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരദേശ വികസന കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയാണ് ഫിഷറീസ് കോളനിയില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി ആറ് വീതം മൂന്ന് സ്ഥലങ്ങളിലായി 36 ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. 24 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. ഓരോ സ്ഥലങ്ങളിലും എട്ട് ലക്ഷം രൂപ വീതം ഉപയോഗിച്ചാണ് 12 ശൗചാലയങ്ങളടങ്ങുന്ന കോംപ്ലക്സുകള്‍ നിര്‍മ്മിച്ചത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും തുറന്ന് കൊടുക്കാത്തത് കാരണം സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു കെട്ടിടങ്ങള്‍.
ബിജെപി കൗണ്‍സിലര്‍ എം.ഉമയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ സ്ത്രീകള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച മുമ്പ് ഫിഷറീസ് കോളനിയിലെ 12 ശൗചാലയങ്ങള്‍ തുറന്ന് കൊടുത്തു. നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മറ്റിയുണ്ടാക്കി പരിപാലിച്ച് വരുന്നതിനിടെയാണ് നിര്‍മ്മാണത്തിലെ അപാകത കാരണം ടാങ്ക് തക ര്‍ന്ന് ഇന്നലെ മാലിന്യങ്ങ ള്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. ടാങ്കിനകത്തെ വായു പുറത്ത് പോകാനാവശ്യമായ എയര്‍ ഹോളുകള്‍ ഇല്ലാതെയാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബാക്കി 24 എണ്ണം പൈപ്പുകളും വാതിലുകളും മറ്റും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത് കാരണം ഉപയോഗ ശൂന്യമായിരിക്കുകയാണ്. വാതിലുകള്‍ ഉള്ള സ്ത്രീകളുടെ ശൗചാലയങ്ങളില്‍ പലതിലും ഉപയോഗ ശേഷം വെള്ളമൊഴിച്ചാല്‍ കെട്ടിക്കിടക്കുകയാണെന്ന് സ്ത്രീകള്‍ പറഞ്ഞു.
ശൗചാലയങ്ങള്‍ തകര്‍ന്നതോടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളും കുട്ടികളും. മഴകനത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് മത്സ്യ തൊഴിലാളികള്‍. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ നിന്ന് രോഗങ്ങള്‍ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയായതിനാല്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടുമോയെന്ന ഭയത്തിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: