രാജപുരം: കാസര്‍കോട് ജില്ലയിലെ മലയോര പഞ്ചായത്തായ കള്ളാറില്‍ നിന്നും ആരംഭിച്ച് കല്‍പ്പറ്റ, മലമ്പുഴ, മൂന്നാര്‍, ശബരിമല, കിടങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തിന്റെ സമഗ്രവികസനത്തിന് മീതെ ഉയര്‍ന്ന് പറക്കാന്‍ ചെറുവിമാന സര്‍വ്വീസ് എന്ന ആശയത്തിന് കേന്ദ്രസര്‍ക്കാറിന്റെ വ്യോമയാനനയ പരിഷ്കരണത്തിലൂടെ പച്ചക്കൊടി. കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ ഉപജ്ഞാതാവും കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറുമായ ജോസ് കൊച്ചിക്കുന്നേല്‍ മലയോരത്തുനിന്നും ചെറുവിമാന സര്‍വ്വീസ് നടത്തുന്നതിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കേന്ദ്രസര്‍ക്കാറിന്റെ പുതിയ വ്യോമയാന നയം വന്നതോടെ പ്രോജക്ട് പ്രാവര്‍ത്തികമാകുമെന്ന സന്തോഷത്തിലാണ് മലയോര ജനത. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ചെറുവിമാന സര്‍വീസ് വരുന്നത്. ഇതിനായി നിലവിലുള്ള എയര്‍സ്ട്രിപ്പുകളുടെ വിവരവും പ്രോജക്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെ വര്‍ധനയ്ക്കനുസരിച്ച് ദേശീയ പാത വികസനം നടക്കുന്നില്ല. റോഡപകടങ്ങള്‍ ഉദാഹരണമാണ്. ചെറുവിമാന സര്‍വ്വീസ് വന്നാല്‍ ട്രാഫിക് ജാമും റോഡ് അപകടങ്ങളും കുറയ്ക്കാന്‍ സാധിക്കുമെന്ന് പ്രോജക്ടില്‍ പറയുന്നു. എക്സ്പ്രസ് ഹൈവെ, നാലുവരിപാതകളുടെ നിര്‍മാണം കേരളം പോലുള്ള ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് വിഷമകരമായ സാഹചര്യത്തില്‍ ധാരാളം തരിശ് റവന്യു ഭൂമി മേല്‍പ്പറഞ്ഞ ഗ്രീന്‍സ് സ്റ്റേഷനുകളില്‍ ലഭ്യമാണ്. ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് ചെറുവിമാനം ഉപയോഗപ്പെടുത്താം. 75 സീറ്റുകളില്‍ താഴയുള്ള വിമാനം സര്‍വീസ് ആരംഭിച്ചാല്‍ റോഡിലെ തിക്കും തിരക്കും ഒഴിക്കി പെട്ടെന്ന് എത്തിപ്പെടാനും സാധ്യമാകും. മന്ത്രിതല ഔദ്യോഗിക പരിപാടികള്‍ വേഗത്തിലാക്കാമെന്ന മേന്മയും ഇതിനുണ്ട്. കേന്ദ്രസര്‍ക്കാര്‍ വ്യോമയാനനയം പരിഷ്കരിച്ചതോടെ മലയോരത്തെ ചെറുവിമാന സര്‍വ്വീസ് എന്ന ആശയത്തിന് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: