പത്തനംതിട്ട: പൊതുവിപണിയിലെ വിലക്കയറ്റം കുടുംബബജറ്റുകള്‍ താളംതെറ്റിക്കുന്നു. ഓരോ ദിവസവും പച്ചക്കറി, മത്സ്യം, മാംസം വിപണിയില്‍ വില കുതിച്ചുയരുകയാണ്. മത്സ്യ വിപണിയില്‍ വില ഉയരുന്നതിനൊപ്പം ഗുണനിലവാരം കുറയുന്നതായ പരാതിയും നിലനില്ക്കുന്നു.
പച്ചക്കറിക്കു രണ്ടിരട്ടിയിലധികം വിലയാണ് രണ്ടാഴ്ചക്കിടെ കൂടിയത്. പച്ചക്കറികള്‍ക്കു പുറമെ പയര്‍വര്‍ഗങ്ങള്‍ക്കും പലവ്യജ്ഞനങ്ങള്‍ക്കും വില ക്രമാതീതമായി വര്‍ധിച്ചു. അരി, ഉഴുന്ന്, പരിപ്പ്, ചെറുപയര്‍ എന്നിവയുടെ വിലയിലും വര്‍ധന. ഉള്ളിക്കും വെളുത്തുള്ളിക്കും വില ഗണ്യമായി ഉയര്‍ന്നു. കിഴങ്ങുവര്‍ഗങ്ങള്‍ക്ക് 40 ശതമാനം വരെയാണ് വര്‍ധന. അരിക്ക് മൂന്നു രൂപ മുതല്‍ അഞ്ചുരൂപ വരെ കൂടി. ബ്രാന്‍ഡ് അരിക്ക് പായ്ക്കറ്റിന് 10 രൂപ വര്‍ധിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് കിലോയ്ക്ക് 12രൂപയായിരുന്ന തക്കാളിക്ക് 80 -100 രൂപയായി ഉയര്‍ന്നു. പച്ചമുളകിന് 120 രൂപ മുതല്‍ 150 രൂപവരെയും വെണ്ടയ്ക്ക് 80 – 90 രൂപവരെയുമാണ് വില. തമിഴ്നാട്ടില്‍ തക്കാളിക്ക് 30 രൂപ മാത്രമാണ് വില. പച്ചപ്പയറിന് 30 രൂപയില്‍ നിന്ന് 100 രൂപയായി ഉയര്‍ന്നു. ബീന്‍സിന് 120 രൂപയാണ് വില. വിലയില്‍ അല്പം കുറവ് സവാളയ്ക്കാണ് കിലോയ്ക്ക് 20 രൂപ. 30 രൂപയായിരുന്ന കാരറ്റിന്റെ വില 80 രൂപയായി. മുരിങ്ങായ്ക്ക് 100 രൂപയാണ് വില. എറ്റവും ഞെട്ടിപ്പിക്കുന്നത് വെളുത്തുള്ളിയുടെ വിലയാണ്. 70 രൂപയില്‍ നിന്ന് 180 രൂപയായി ഉയര്‍ന്നു.
പച്ചക്കറിയുടെയും മത്സ്യത്തിന്റെയും വില ഉയര്‍ന്നതോടെ ഭക്ഷണസാധനങ്ങളുടെ വിലവര്‍ധിപ്പിക്കാനാണ് ഹോട്ടലുടമകളുടെ നീക്കം. നഗരത്തിലെ പല ഹോട്ടലുകളും ഭക്ഷണവില ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്. മഴ ശക്തിപ്രാപിക്കുന്നതിനനുസരിച്ച് പച്ചക്കറികളുടെ വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ട്രോളിംഗ് നിരോധനത്തിന്റെ പേരില്‍ മത്സ്യത്തിന്റെ വിലയില്‍ വന്‍ വര്‍ധനയുണ്ടാകും. പഴകിയ മത്സ്യങ്ങളാണ് ജില്ലയിലെ വിപണിയില്‍ ഏറെയും എത്തുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള മത്സ്യം വ്യാപകമായി എത്തുന്നുമുണ്ട്.
ഉഴുന്ന്, ചെറുപയര്‍, തുവരപരിപ്പ്, കടല തുടങ്ങിയ പലവ്യഞ്ജനങ്ങളുടെ വിലയിലും കഴിഞ്ഞ മാസത്തേക്കാള്‍ വര്‍ധനയുണ്ടായി. മുമ്പേ വിലക്കയറ്റത്തിന്റെ പിടിയിലായിരുന്ന ഉഴുന്നിന്റെ വില 142ല്‍ നിന്ന് 200രൂപയായി. തുവരപ്പരിപ്പിന്റെ വില ഒറ്റയടിക്ക് 150ലേക്കെത്തി. മുളകിന്റെ മൊത്തവില 160 രൂപ, ചില്ലറ വിപണിയില്‍ 200. ജീരകം 180, വെള്ളക്കടല 140 രൂപയിലെത്തി. മല്ലി 110, പരിപ്പ് 76, വന്‍പയര്‍ 74, ചെറുപയര്‍ 120, കടുക് 100 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്. 36.50 രൂപയായിരുന്ന പഞ്ചസാരയ്ക്ക് ഒറ്റയടിക്ക് അഞ്ചു രൂപ കൂട്ടി.
കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തിക്കുന്ന അന്യസംസ്ഥാനങ്ങളില്‍ കാര്യമായ വിലവര്ധനയില്ലാതിരുന്നിട്ടും സംസ്ഥാനത്ത് പച്ചക്കറി വില കൂടിയതിന് പിന്നില്‍ ഇടനിലക്കാരാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: