നീലേശ്വരം: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൊട്ടിഘോഷിച്ച് ആരംഭിച്ച നീലേശ്വരം കോട്ടപ്പുറം-അച്ചാം തുരുത്തി സീപ്ലെയിന്‍ സര്‍വ്വീസിന്റെ ചിറകൊടിഞ്ഞു. കേരളത്തില്‍ ഇതിന് പുറമേ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലും സര്‍വ്വീസ് ആരംഭിച്ചിരുന്നു. രണ്ട് സ്ഥലങ്ങളിലും പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് സര്‍വ്വീസ് ആരംഭിക്കാനുള്ളതയ്യാറെടുപ്പിലാണ്. സ്വകാര്യ ഏജന്‍സികള്‍ സീപ്ലെയിന്‍ സമോസ്ട്രേഷന് നടത്താനുള്ള കാലതാമസമാണ് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള തടസ്സമായി ചൂണ്ടികാണിക്കുന്നത്. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെള്ളത്തിലും കരയിലും ഒരു പോലെ സഞ്ചരിക്കുവാന്‍ സാധിക്കും.
സീപ്ലെയിന്‍ വഴി നീലേശ്വരത്ത് നിന്ന് 45 മിനുട്ടിനുള്ളില്‍ കുറഞ്ഞ ചിലവില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തുവാന്‍ സാധിക്കും. 6 മുതല്‍ 20 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന സീപ്ലെയിനുകള് നെടുമ്പാശ്ശേരിയില്‍ തയ്യാറാക്കി നിര്‍ത്തിയിട്ട് കാലം കുറേയായി. പുഴയിലൂടെ ജലവിമാനം സഞ്ചരിക്കാനുള്ള റണ്‍വേ, യാത്രക്കാരെ ഇറക്കാനായി സോളാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫ്ളോട്ടിംഗ് ജെട്ടി, ലഗേജ് പരിശോധിക്കാനുള്ള എക്സറേ യൂണിറ്റ് തുടങ്ങിയവ കോട്ടപ്പുറത്ത് സജ്ജമായിട്ടുണ്ട്. സര്‍വ്വീസ് ആരംഭിക്കാത്തിനാല്‍ ഇവ തുരുമ്പെടുത്ത് നശിക്കുകയാണ്. യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ഹൗസ് ബോട്ട് എറണാകുളത്ത് നിന്ന് ഇത് വരെ ഇവിടെയെത്തിയിട്ടില്ല. കൊല്ലം, ആലപ്പുഴ, കോട്ടപ്പുറം സീപ്ലെയിന്‍ സര്‍വ്വീസിനായി ഇത് വരെ 5 കോടിയിലധികം രൂപ ചിലവഴിച്ച് കഴിഞ്ഞു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കോഴ്സ് പൂര്‍ത്തിയാക്കിയ പോലീസുകാരെ ഇവിടെ സുരക്ഷാ ജോലികള്‍ക്കായി നിയമിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ കീഴില്‍ എസ്ഐ ഉള്‍പ്പെടെ ഒരു പോലീസുകാരന്റെ കാവലിലാണ് നിലവില്‍ ഫ്ളോട്ടിംഗ് ജെട്ടി. സീപ്ലെയിന്‍ സര്‍വ്വീസ് രാവിലെ 10 മുതല്‍ 5 വരെയാണ് സര്‍വ്വീസ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഈ സമയങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമുണ്ടാകുമെന്ന് പറഞ്ഞ് മത്സ്യതൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ആ പ്രശ്നം പിരഹരിക്കാനായി നിയോഗിക്കപ്പെട്ട പ്രത്യേക കമ്മറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ച് കഴിഞ്ഞു. അതിനുശേഷമാണ് മറ്റ് പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്.
ആദ്യ ഘട്ടത്തില്‍ കൊല്ലത്തും ആലപ്പുഴയിലുമാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അതിനാല്‍ തന്നെ കോട്ടപ്പുറം സര്‍വ്വീസിന് കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇതിനുശേഷം വയനാട്, കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലും സീപ്ലെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്തോറും ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. കാസര്‍കോടിന്റെ ടൂറിസം മേഖലയുടെ മുഖഛായ തന്നെ മാറ്റി മറിക്കാന്‍ കഴിയുന്ന കോട്ടപ്പുറം സീപ്ലെയിന്‍ സര്‍വ്വീസ് അധികൃതരുടെ അനാവസ്ഥകാരണം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുമോയെന്ന ഭീതിയാലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: