എഴുത്തിന്റെ വഴിയില്‍ ഗൗരവമായി സഞ്ചരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി അങ്കണം സാംസ്കാരികവേദി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. പ്രായംകൊണ്ട് പക്വത എത്തിയിട്ടില്ലെങ്കിലും എഴുത്തുകൊണ്ട് മുതിര്‍ന്നവരായ വിദ്യാര്‍ത്ഥികളാണ് അങ്കണത്തിന്റെ പ്രോത്സാഹനം ഏറ്റുവാങ്ങുന്നവരില്‍ ഏറെയും. മലയാള സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രതിഭയുള്ള ഒരുകൂട്ടം യുവഎഴുത്തുകാരുടെ പുസ്തകങ്ങള്‍ അങ്കണം പ്രസിദ്ധീകരിച്ചിരിക്കുന്നു.
നാല്പത് കവിതകളിലായി തനിക്ക് പറയാനുള്ളതെല്ലാം കാച്ചിക്കുറുക്കിയ ഒരുവിഭവം പോലെ അവതരിപ്പിച്ചിരിക്കുന്ന ടി.പി.സുമയ്യബീവിയുടെ കവിതാസമാഹാരം ‘പുഴ പോയവഴി’ യാണ് ഒരു പുസ്തകം. ഇല തിന്നുന്ന പുഴുവിന് ഇലയോടുള്ള അടുപ്പം പ്രണയമാണെന്ന് വ്യാഖ്യാനിക്കുന്ന വര്‍ത്തമാനകാല ഉപഭോഗസംസ്കാരത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നതാണ് സുമയ്യയുടെ കവിതകള്‍. മൂന്നോ നാലോ വരികളില്‍ ഒരു ലോകത്തെത്തന്നെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സുമയ്യ കുഞ്ഞുണ്ണിമാഷെ ഓര്‍മ്മപ്പെടുത്തുന്നു. സുമയ്യയുടെ നാല്പത് കവിതകളാണ് സമാഹാരത്തിലുള്ളത്.
പുതുമഴയുടെ പ്രണയത്തില്‍ പൊതിരെ വന്നുമ്മവെച്ചു ഭൂമി പിളര്‍ന്ന് ചിറകേറിവന്ന മഴപ്പാറ്റകള്‍ മുതല്‍ അനേകം ആത്മഹത്യകള്‍ക്ക് സാക്ഷിയാകുമ്പോഴും സ്വയം മരണം വരിക്കാന്‍ കഴിയാതെ വിമ്മിഷ്ടപ്പെടുന്ന ഫാന്‍ വരെ സുമയ്യയുടെ കവിതയില്‍ ബിംബങ്ങളായി കടന്നുവരുന്നു. സ്വപ്നങ്ങളുടേയും സ്വാതന്ത്ര്യത്തിന്റേയും വിരലുകള്‍ നഷ്ടപ്പെട്ട ഏകാകിനിയാണ് താന്‍ എന്നാണ് ടി.പി.സുമയ്യബീവി തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയാണ് സുമയ്യ.
ചെറുകഥാസാഹിത്യത്തില്‍ നവാഗതയായ ആര്.നന്ദനയുടെ ‘ഇടനിലങ്ങള്‍ നഷ്ടപ്പെട്ടവര്‍’ ആണ് മറ്റൊരു പുസ്തകം. ജീവിതത്തിന്റെ ഒച്ചയും തിളക്കവുമില്ലാത്ത ഇരുണ്ട പ്രതലങ്ങളെ ചൂണ്ടിക്കാട്ടി ഒച്ചവെക്കാന്‍ ശ്രമിക്കുന്ന കഥകളാണ് നന്ദനയുടേത്. ചെറുകഥ ഒരു സ്വാതന്ത്ര്യമാണ്. അനുഭവങ്ങളുടെ സ്ത്രീപക്ഷ നിരീക്ഷണങ്ങളാണ് നന്ദനയുടെ ഓരോ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും. വേട്ടയാടുന്ന തീവ്രാനുഭവങ്ങള്‍ നിശബ്ദമാക്കുന്ന ഒരിടത്തുനിന്നാണ് നന്ദനയുടെ എല്ലാകഥകളും തുടങ്ങുന്നത്. ഇടനിലങ്ങള്‍ നഷ്ടപ്പെട്ടവര്‍ എന്ന പുസ്തകത്തില്‍ പത്ത് കഥകളാണുള്ളത്. ഗുരുവായൂര്‍ എല്‍എഫ് കോളേജില്‍ ബിഎ വിദ്യാര്‍ത്ഥിനിയാണ് നന്ദന.
കവിതയെഴുതുന്ന സ്ത്രീകള്‍ പൊതുവായി പങ്കിടുന്ന ഒരു കാവ്യലോകമുണ്ടെന്ന് കരുതുന്ന കവിയാണ് അമൃത കേളകം. അമൃതയുടെ 21 കവിതകളാണ് അങ്കണം പുറത്തിറക്കിയിരിക്കുന്ന മറ്റൊരു പുസ്തകം. കുടുംബത്തില്‍, സമൂഹത്തില്‍ ഒരു സ്ത്രീ അനുഭവിക്കുന്നതെന്ത് എന്ന വ്യക്തിപരവും സാമൂഹ്യപരവുമായ ആശങ്കകളാണ് അമൃതയുടെ കവിതകള്‍ പങ്കുവെക്കുന്നത്. അമൃതയുടെ 21 കവിതകളിലും പൊതുവായി കേഴുന്ന ഒരു സ്ത്രീയുടെ ചിത്രമുണ്ട്. മഹാരാജാസ് കോളേജിലെ മലയാള സാഹിത്യം വിദ്യാര്‍ത്ഥിനിയാണ് അമൃത കേളകം.
അകാലത്തില്‍ പൊലിഞ്ഞ ഇ.പി.സുഷമയുടെ ഓര്‍മ്മക്കായി മലയാളത്തിലെ ഇളംതലമുറ തയ്യാറാക്കിയതാണ് ‘സര്‍ഗാഞ്ജലി’ എന്ന നാലാമത്തെ പുസ്തകം. മലയാള ചെറുകഥാസാഹിത്യത്തിന്റെ കൂമ്പടഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തുന്നതാണ് സമാഹാരത്തിലെ കഥകള്‍. സാഹിത്യരംഗത്ത് നടക്കാന്‍ പഠിച്ചുതുടങ്ങുന്ന ഈ കഥാകൃത്തുക്കള്‍ക്ക് കൈനീട്ടിക്കൊടുക്കാന്‍ മുതിര്‍ന്നവര്‍ കൂടിയുണ്ടെങ്കില്‍ ഇവര്‍ ഭാവിയിലെ വാഗ്ദാനങ്ങളാകുമെന്ന് ഈ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. നിരഞ്ജന, സുല്‍ത്താന നസ്റിന്, നഹ്ദ മജീദ്, നിത ബഷീര്‍, കൃഷ്ണവേണി, ജുമാന ജലാല്‍, അപര്‍ണ, അനഘ.കെ, ദീപക് രാജീവ്, കെ.എം. ജെയ്മോന്, ഷഹറസാദ്, അനാമിക.കെ, ലക്ഷ്മി എം.ആര്, ദേവമിത്ര കരിപ്പള്ളി എന്നിവരാണ് കഥാകൃത്തുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: