രാജപുരം: വാക്കിലും പച്ചപ്പിലും കേരളത്തിന്റെ ഊട്ടിയാണ് റാണിപുരം. എന്നാല്‍ വിനോദ സഞ്ചാര വകുപ്പ് ഈ പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രത്തെ വേണ്ടത്ര പരിഗണിക്കുകയോ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനോ തയ്യാറാവുന്നില്ല. വാഹന സൗകര്യംപോലും പലപ്പോഴും ഇവിടെ ലഭ്യമല്ല.
നീണ്ട നാളത്തെ മുറവിളിക്കു ശേഷം രണ്ട് വര്‍ഷം മുന്‍പ് കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും റാണിപുരത്തേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിച്ചിരുന്നെങ്കിലും ഇത് പലപ്പോഴും പണിമുടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. രാവിലെ പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്ന ഒരു സ്വകാര്യ ബസും അമിത ചാര്‍ജ് ഈടാക്കി സര്‍വീസ് നടത്തുന്ന ടാക്സി വാഹനങ്ങളും മാത്രമാണ് വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ആശ്രയം.
ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മൊബൈലുകള്‍ക്ക് റേയ്ഞ്ചുമില്ല. ലാന്‍ഡ് ഫോണാകട്ടെ ചത്ത് കിടക്കുന്നതും പതിവാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം വനത്തില്‍ പ്രവേശിച്ച മൂന്ന് യുവാക്കള്‍ വഴിതെറ്റിപ്പോയിട്ടും പതിനാല് മണിക്കൂര്‍ വേണ്ടി വന്നു ഇവരെ കണ്ടെത്താന്‍. മുന്‍പ് രണ്ട് പ്രാവശ്യം സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള വിനോദ സഞ്ചാരികളെ ഇവിടെ വഴിതെറ്റി കാണാതായിരുന്നു.
അപകടസ്ഥലങ്ങള്‍ രേഖപ്പെടുത്തി കൃത്യമായ സൂചനാബോര്‍ഡുകളും പല സ്ഥലത്തും സ്ഥാപിച്ചിട്ടില്ല. വഴിതെറ്റുകയോ അപകടത്തില്‍ പെടുകയോ ചെയ്താല്‍ നാട്ടുകാരുടെ സഹായത്തോടെ കാടും മലയും അരിച്ച് പെറുക്കി കണ്ടെത്തുകമാത്രമാണ് ഏക വഴി.
മാനിമലയിലേക്ക് കയറാന്‍ സ്ഥാപിച്ച കൈവരികള്‍ തകര്‍ന്നിട്ട് മാസങ്ങളായി. ഇവ നന്നാക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ പ്രവേശന ഫീസ് ഈടാക്കുന്നതിന് കുറവുമില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിയന്ത്രിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും വനത്തിനകത്ത് പല സ്ഥലത്തും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. പരിസ്ഥിതിയെ സംരക്ഷിച്ച് ഈ വിനോദസഞ്ചാരകേന്ദ്രത്തെ വളര്‍ത്തിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: