കല്‍പ്പറ്റ: യുദ്ധ, സിനിമ, ക്രമസമാധാന പരിപാലന പാലന മേഖലകളില്‍ വിപ്ലവം സൃഷ്ടിച്ച ഡ്രോണ്‍ കേരളത്തില്‍ വനപരിപാലനത്തിന് ഉപയോഗിക്കാന്‍ നീക്കം. വനംവകുപ്പ് ഇതു സംബന്ധിച്ച് ആറുമാസം മുമ്പ് സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചു. ഇതിനിടെ കര്‍ണാടക, തമിഴ്നാട് വനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് വന്യജീവി സങ്കേതത്തില്‍ ഡ്രോണുകളുടെ പരീക്ഷണം നടത്തി. കാമറയും ട്രാന്‍സ്മിറ്ററും അടങ്ങുന്ന സംവിധാനമാണ് ഡ്രോണ്‍. റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഡ്രോണ്‍ ഉയരത്തില്‍ പറന്ന് വീഡിയോ ദൃശങ്ങള്‍ പകര്‍ത്തി ബന്ധപ്പെട്ട കമ്പ്യുട്ടര്‍ സംവിധാനത്തിലേക്കാണ് അയക്കുക. വയനാട് വന്യജീവി സങ്കേതത്തില്‍ 600 മീറ്റര്‍ ഉയരത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള വനത്തിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ കാമറ പകര്‍ത്തി. എത്ര ദുര്‍ഘടമായ വനമായാലും ഉയരത്തില്‍ പറന്ന് ഡ്രോണിന് ആകാശത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയും. അതുവഴി വനത്തിനുള്ളിലെ ഓരോ ചലനവും വനപാലകര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയും.
ബംഗളൂരുവിലെ നാഷണല്‍ പ്രോഗ്രാം ഓണ്‍ മൈക്രോ ഏരിയല്‍ വെഹിക്കിള്‍സില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാര് എത്തി അഞ്ച് ഡ്രോണുകള്‍ ഉപയോഗിച്ചാണ് വയനാട് വന്യജീവി സങ്കേതത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്. വയനാട് എന്‍ജിനീയറിംഗ് കോളജിലെ പ്രഫ. താജുദീന്റെ സഹായവും പരീക്ഷണപറക്കലിനുണ്ടായിരുന്നു. ഇന്‍ഫ്രാറെഡ് കാമറയുടെ സഹായത്തോടെ രാത്രികാല ദൃശങ്ങളും ഡ്രോണ്‍ പകര്‍ത്തും. വനപാലകര്‍ക്ക് കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള വനമേഖലകളിലെ ഏത് അത്യാഹിതങ്ങളുടെയും തത്സമയ സ്ഥിതിവിശേഷങ്ങള്‍ ഡ്രോണിന് പകര്‍ത്താന്‍ കഴിയും. ശല്യക്കാരായ വന്യമൃഗങ്ങളുടെ സഞ്ചാരപാതയും വനത്തില്‍ അനധികൃതമായി പ്രവേശിക്കുന്നവരുടെ ദൃശ്യങ്ങളും വനംവകുപ്പിന് ലഭ്യമാകും. ഏതു കാലാവസ്ഥയിലും ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാം.
ക്രമസമാധാനപാലത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തിയും ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചു മടുത്ത ലഖ്നൗ പോലീസ് കുരുമുളകു സ്പ്രേയുമായി പറന്നെത്തുന്ന ഡ്രോണുകളാണ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജനക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉത്തര്‍പ്രദേശ് പോലീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ബംഗളൂരുവില്‍ കഴിഞ്ഞ പുതുവത്സര ദിനത്തില്‍ ജനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു.ന്യൂദല്‍ഹിയില്‍ യുബര്‍ ടാക്സി ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ചെറുഡ്രോണ്‍ (ആളില്ലാ വിമാനങ്ങള്‍) വിന്യസിക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചിട്ടുണ്ട്. രാത്രിയിലെ ദൃശ്യങ്ങള്‍ പോലും വ്യക്തതയോടെ പകര്‍ത്താന്‍ കഴിയുന്ന കാമറകള്‍ ഘടിപ്പിച്ചതാണ് ഡ്രോണുകള്‍. നേരത്തെ ചില പ്രത്യേക സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നത്. ആവശ്യമെങ്കില്‍ ഡ്രോണുകളെ പോലീസിന്റെ ക്വിക്ക് റെസ്പോണ്‍സ് ടീമുമായി ബന്ധിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: