”വിരിഞ്ഞ പൂവേ കണ്ടിട്ടുള്ളൂ, പൂവിരിയുന്നതു കണ്ടിട്ടില്ല
ഞാനെന്നിട്ടും ഞെളിയുന്നു ഞാനൊരു കവിയെന്ന്’‘ കുഞ്ഞുണ്ണിമാഷ്
വലിയ കവിയാകാന്‍ ചെറിയ ശരീരം ധാരാളം മതിയെന്നും ആറ്റിക്കുറുക്കിയെടുത്താല്‍ വാക്ക് കുറിക്കുകൊള്ളുമെന്നും രൂപവും രചനയും ഭാവവും കൊണ്ടു മലയാളഭാവനയെ ബോധ്യപ്പെടുത്തിയ ഒരേയൊരു കവിയായിരുന്നു കുഞ്ഞുണ്ണിമാഷ്. 1927 മെയ് പത്തിന് തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് ഗ്രാമത്തില്‍ ജനിച്ച അതിയാരത്തുപറമ്പില്‍ കുഞ്ഞുണ്ണിനായര്‍ നമുക്കമ്പേ അപരിചിതന്‍. കവിയായ കുഞ്ഞുണ്ണിമാഷോ നമുക്കേറെ അടുപ്പമുള്ളവന്‍. കോഴിക്കോട് മീഞ്ചന്ത ശ്രീരാമകൃഷ്ണാശ്രമത്തിലെ ബൂട്‌സിടാത്ത സ്‌കൗട്ട് മാഷ് നമുക്ക് തീര്‍ത്തും അപരിചിതന്‍. മുറിക്കൈയ്യന്‍ ഷര്‍ട്ടും മുട്ടോളമെത്തുന്ന ഒരൊറ്റമുണ്ടും ഇടതൂര്‍ന്ന് നരച്ച താടിയും കൈയ്യിലൊരു ഊന്നുവടിയും കട്ടകണ്ണടയുംവെച്ച് ഉണ്ണികളുമൊത്ത് ചിരിച്ച് ചിരിച്ച് രസിച്ചുവരുന്ന കുഞ്ഞുണ്ണി നമുക്കേറെ പരിചിതന്‍. ‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ എന്നു സ്വയം സാക്ഷ്യപ്പെടുത്തിയ അവധൂതഭാവമാര്‍ന്ന കുഞ്ഞുണ്ണിയുടെ കുറുങ്കവിതകള്‍ ലോകജീവിതത്തിന്റെ പൊരുള്‍ അക്ഷരങ്ങളില്‍ കുറുക്കിയെടുത്തു. നാടന്‍ പശുവിന്റെ ഇളംചൂടുള്ള പാലുപോലെ അത്യന്തം ഔഷധസമ്പന്നം – അതിമധുരതരം കുഞ്ഞുണ്ണിക്കവിത. ചിലപ്പോഴത് കാതലുള്ള കുറുവടിയായി നമ്മുടെ പൊങ്ങച്ചമൂര്‍ദ്ധാവില്‍ ഉന്നം പിഴയ്‌ക്കാതെ പ്രഹരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ജീവിതാനുഭവത്തിന്റെ കയ്‌പ്പുനിറഞ്ഞ അക്ഷരക്കഷായമായി നമ്മുടെ മഹാരോഗങ്ങള്‍ ശമിപ്പിക്കുന്നു. സൂത്രപ്രായമായ വരികളില്‍ മഹത്തായ ജീവിതസത്യങ്ങള്‍ ആവാഹിച്ച കവിയായിരുന്നു കുഞ്ഞുണ്ണിമാഷ്. വിരുദ്ധോക്തികളും അസംബന്ധകല്‍പനകളും കുസൃതികളുംകൊണ്ട് തന്റെ കുറുങ്കവിതകളെ കതിര്‍ക്കനമുള്ള വിഷുപ്പടക്കങ്ങളാക്കി മാറ്റിയ കുഞ്ഞുണ്ണി ഉപരിപ്ലവമായ ചിരിക്കപ്പുറം കയ്പുള്ള ജീവിതസത്യങ്ങളുടെ കഥനം കൂടി നടത്തുന്നുണ്ട്.
”തുമ്പപ്പൂവാണ് കവിത
തുമ്പത്തിന്റെ പൂവ്
തുമ്പതീര്‍ക്കുന്ന പൂവ്” എന്നെഴുതിയപ്പോള്‍ ദാര്‍ശനികതയുടെ നെറുകയിലാണ് കുഞ്ഞുണ്ണിമാഷ് സൗമ്യമായി സ്പര്‍ശിച്ചത്.
സ്വയം രസിച്ചെഴുതിയ കവിയാണ് കുഞ്ഞുണ്ണി. തനിക്ക് ചുറ്റുപാടും ഇരമ്പിയാര്‍ക്കുന്ന നെറികേടുകള്‍ക്കുനേരെ തത്ത്വജ്ഞാനിയുടെ നിസ്സംഗവും അതേസമയം നിര്‍ഭയവുമായ ചിരിപൊഴിച്ചു ജീവിതത്തിലുടനീളം അദ്ദേഹം. അത് ഏറ്റവും തീക്ഷ്ണമാകുന്നത് അന്തസ്സുകെട്ട രാഷ്‌ട്രീയത്തെ തന്റെ തീപിടിച്ച വാക്കുകള്‍കൊണ്ട് കുത്തിനോവിക്കുമ്പോഴാണ്. ഇടത്തോട്ടോ വലത്തോട്ടോ തിരിയാത്തതും, നേരിന്റെ പക്ഷം ചേരുന്നതുമായ സത്യസന്ധമായ രാഷ്‌ട്രീയബോധമാണ് കുഞ്ഞുണ്ണി എക്കാലവും ഉയര്‍ത്തിപ്പിടിച്ചത്. അതുകൊണ്ട് തന്നെ മലിനഭരിതമായ രാഷ്‌ട്രീയത്തിന്റെ കുതന്ത്രങ്ങളോടും കാപട്യങ്ങളോടും തിന്മകളോടുമാണ് കുഞ്ഞുണ്ണി സന്ധിയില്ലാതെ നിരന്തരം കലഹിച്ചുപോന്നത്. സമകാലികരാഷ്‌ട്രീയത്തിലെ മൂല്യച്യുതികള്‍തുറന്നുകാട്ടുന്ന വേളയില്‍ രാജാവു നഗ്നനാണെന്നു ധൈര്യപൂര്‍വ്വം വിളിച്ചുപറഞ്ഞ ആ പഴയ കുട്ടിയുടെ നിഷ്‌കളങ്കമനസ്സാണ് കവിയ്‌ക്ക്. വാര്‍ധക്യം വന്നെങ്കിലും ചെറുതാകാത്ത ഉശിരാര്‍ന്ന ചെറുപ്പമാണത്. ആകാശവും സമുദ്രവും പര്‍വതവും ആനയുമടക്കം വലിയരൂപങ്ങളും പൂച്ചയും, എലിയും ഉറുമ്പും കൊതുകും കുന്നിക്കുരുവുമടക്കം ചെറിയ രൂപങ്ങളും അണിനിരക്കുന്ന കവിതയുടെ കളിസ്ഥലമായി കാവ്യലോകത്തെ അദ്ദേഹം പുതുക്കി പണിതു. എല്ലാമവിടെ കീഴ്‌മേല്‍മറിയുന്നു; നേര്‍ക്കാഴ്ചകള്‍ ശീര്‍ഷാസനക്കാഴ്ചകളാവുന്നു.
”വലിയൊരു പൂച്ചയാണു നരി
ചെറിയൊരു നരിയാണ് പൂച്ച”എന്ന് കുഞ്ഞുണ്ണിക്കേ കാണാനാവൂ. ആനയും ഉറുമ്പും കൈകോര്‍ത്തു നടക്കുന്നു ഈ കവിതകളില്‍. പ്രവാചകന്മാരും തത്ത്വജ്ഞാനികളും ആദര്‍ശനിഷ്ഠരായ വിപ്ലവകാരികളും നിസ്വാര്‍ത്ഥരായ ജനസേവകരും മനുഷ്യരാശിയുടെ മഹായാത്രയില്‍ താന്താങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. എത്രയെത്ര ശുദ്ധാത്മാക്കള്‍ മനുഷ്യനന്മയ്‌ക്കുവേണ്ടി സ്വജീവിതം ബലിയര്‍പ്പിച്ചിട്ടുണ്ട്. അവരുടെ പേരില്‍ മതങ്ങളും പ്രസ്ഥാനങ്ങളും രാഷ്‌ട്രീയസംഘടനകളുമുണ്ടാക്കി ആ മഹാപുരുഷന്മാരുടെ ആദര്‍ശങ്ങളെ നാമിന്ന് തൂത്തെറിയുന്നു; ബലികഴിക്കുന്നു. ഭാരതചരിത്രത്തില്‍ ഈയൊരു മഹാദുരന്തത്തിന്റെ ഏറ്റവും വലിയ ഇര മഹാത്മാഗാന്ധിതന്നെ. രാഷ്‌ട്രപിതാവിന്റെ അനുയായികള്‍ എന്ന മേനിനടിക്കുന്നവരുടെ ഗാന്ധിസം ഇന്നെത്തി നില്‍ക്കുന്നത് പരിഹാസ്യമായ പതനത്തിലാണെന്ന് നട്ടെല്ലൂരി ഊന്നുവടിയാക്കാത്ത കുഞ്ഞുണ്ണിമാഷ് ചിത്രീകരിച്ചതിങ്ങനെ:
”ഗാന്ധിക്കു ഗാന്ധിയേ ശിഷ്യന്‍
ഗാന്ധിശിഷ്യര്‍ക്ക്
ലോകത്തിലെല്ലാരും ശിഷ്യരാകണം.
താനൊഴിച്ചെല്ലാരും ഗാന്ധിയാകണം” ”ബുദ്ധനൊന്നും ബുദ്ധൂസുകള്‍ ഒരുപാടുമുള്ള ലോകമാണ് നമ്മുടേത് എന്നാണ് കുഞ്ഞുണ്ണിയുടെ മറ്റൊരു കണ്ടെത്തല്‍. ഇത്തരം ഭാഷാലീലകള്‍ സാംസ്‌കാരികവിമര്‍ശനത്തിന്റെ തലത്തിലേക്കുയരുന്നു. ഇറക്കുമതി ചെയ്ത വിപ്ലവാശയം നമ്മുടെ നാടിന് ഇണങ്ങുന്നതല്ലെന്ന ബോധം കുഞ്ഞുണ്ണിയുടെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ്
”ഇത്രകാലവും നമ്മള്‍ മുഷ്ടികൊണ്ടിടിച്ചിട്ടും
ഇങ്കുലാബെന്ന വാക്ക് മലയാളമായില്ല-”എന്ന് കാര്യഗൗരവത്തോടെ അദ്ദേഹത്തിന് കളിയാക്കാനായത്. ഇങ്കുലാബ് എന്ന വാക്ക് മലയാളമായില്ല എന്ന് എഴുതുമ്പോള്‍ വൈദേശികചിന്തയില്‍ പൊട്ടിമുളച്ച ഒരു പ്രത്യയശാസ്ത്രത്തിന് ഭാരതീയ സ്വത്വത്തിന്റെ ഭാഗമാവാന്‍ ദീര്‍ഘകാലമായിട്ടും സാധിച്ചിട്ടില്ലെന്ന് തുറന്നുപറയുന്നു കുഞ്ഞുണ്ണി. ഇവിടെ ഒരു വിപ്ലവവും സംഭവിക്കുന്നില്ലെന്നാണ് ധ്വനി. എം.ഗോവിന്ദനടക്കമുള്ള മഹാമനീഷികള്‍ തുറന്നുപറഞ്ഞ മഹായാഥാര്‍ഥ്യത്തെ രണ്ടുവരികളില്‍ കുഞ്ഞുണ്ണി ഒതുക്കിയവതരിപ്പിച്ചു. കുപ്പിച്ചില്ലുകള്‍ പോലുള്ള ഈ വരിയില്‍ വര്‍ഗസംഘര്‍ഷത്തിന്റെ പ്രത്യയശാസ്ത്രം കെട്ടിപ്പൊക്കിയ പുരോഗമന മണല്‍ച്ചിറ അമ്പേ തകര്‍ന്നുവീഴുന്നു. ഓരോ തെരഞ്ഞെടുപ്പിലും വോട്ടുരേഖപ്പെടുത്തുമ്പോള്‍ പൗരന്‍ അവന്റെ പ്രതീക്ഷകള്‍ക്കുമേലുള്ള വിശ്വാസസമര്‍പ്പണമാണ് നടത്തുന്നത്. ”ഓട്ടുചെയ്‌തോട്ടുചെയ്‌തോട്ടുചെയ്‌തോട്ടു ചെയ്‌തോട്ടക്കാലമായി നമ്മള്‍” എന്നു മാഷ് പരിഭവിച്ചു. വോട്ടുനേടി അധികാരത്തിലെത്തിയാല്‍ പിന്നെ, ജനങ്ങളെ
വാഗ്ദാനപ്പായസകലവറ കാട്ടി കൊതിപ്പിച്ചു നിറുത്തലാണ് അഭിനവധൃതരാഷ്‌ട്രന്മാരുടെ കുതന്ത്രം. ‘തുപ്പലില്‍ കപ്പലോടിക്കാന്‍കെല്‍പ്പുള്ളോര്‍ ബഹുമന്ത്രിമാര്‍” ‘ചീിലെിലെ’ കവിതകളായി മുദ്രകുത്തി അകറ്റി നിര്‍ത്തേണ്ട കവിതകളല്ലിവ. ”ഇത്തിരിയെന്തെങ്കിലും നക്കുവാന്‍ കിട്ടിപ്പോയാലപ്പോഴേ തീരുമിന്ത്യന്‍ വിപ്ലവം ജയിക്കുന്നു.” ഇങ്ങനെ എഴുതാന്‍ ധൈര്യം കാട്ടിയ കവി വിപ്ലവവായാടിത്തത്തിന്റെ മടയിലേക്ക് പരിഹാസത്തിന്റെ ബോംബുകളാണ് വര്‍ഷിക്കുന്നത്. ഇന്നു കാണുന്ന തകര്‍ച്ചകള്‍ക്കൊക്കെയും അടിസ്ഥാനകാരണം മനുഷ്യസമൂഹത്തിനു നഷ്ടപ്പെട്ടിരിക്കുന്ന പാരസ്പര്യമാണെന്ന് എന്നും കുഞ്ഞുണ്ണിമാഷിനറിയാമായിരുന്നു. പരസ്പരം ഭാവയന്ത: ശ്രേയോപരമവാപ്‌സ്യഥ” എന്ന ഗീതാദര്‍ശനത്തില്‍ നിന്ന് നാം ബഹുദൂരം അകന്നുപോയിരിക്കുന്നു. അതിന്റെ ദുരന്തമാണ് ഇന്ന് നാം അനുഭവിക്കുന്നത്.
സ്വന്തം ശരീരം അമ്പേ ദുര്‍ബലമാണെങ്കിലും കരുത്തിന്റെ കവിയായിരുന്നു ഹൃസ്വാകാരനായ കുഞ്ഞുണ്ണി. കുഞ്ഞുണ്ണിക്കവിതകള്‍ എന്ന പ്രസ്ഥാനം കുഞ്ഞുണ്ണിയില്‍നിന്നു തുടങ്ങുകയും ഏതാണ്ട് അവിടെത്തന്നെ ഒതുങ്ങുകയും ചെയ്യുന്നു എന്നു പറയാം. കുഞ്ചന്‍നമ്പ്യാര്‍ മലയാള കവിതയില്‍ സൃഷ്ടിച്ച അതിവിപുലമായ രസപരിവര്‍ത്തനത്തിന് സമാനമാണിതെന്ന നിരീക്ഷണം ഏറെ പ്രസക്തം. ഹാസ്യരസത്തെ അംഗിയായി സ്വീകരിച്ചതുവഴി, അതുവരെ നിലനിന്ന അറുവഷളന്‍ ശൃംഗാരഗോപുരങ്ങളെയാണ് നമ്പ്യാര്‍ അമ്പേ നിലംപരിശാക്കിയത്. എന്നാല്‍ കുഞ്ഞുണ്ണിയാകട്ടെ, ഭാവത്തിലും രൂപത്തിലും സൃഷ്ടിച്ച പരീക്ഷണോന്മുഖമായ യാന്ത്രികകാവ്യശീലങ്ങളുടെ ചിട്ടവട്ടങ്ങളെയും കീഴ്‌മേല്‍ അട്ടിമറിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.
”ഇത്തിരിയേയുള്ളു ഞാന്‍
എനിക്കു പറയാനിത്തിരിയേ വിഷയമുള്ളു
അതു പറയാ-
നിത്തിരിയേ വാക്കും വേണ്ടു.” ഈ വരികള്‍ കുഞ്ഞുണി കവിതകളിലേക്കുള്ള ഉത്തമപ്രവേശികയാണ്. ഈ ‘ഇത്തിരിത്തം’ നാടന്‍ കാന്താരിയുടെ ഉശിരു പോലെ തീക്ഷ്ണവും സാന്ദ്രവും ഉത്തേജകവുമാണ്.
‘കാണ്മതുകേള്‍പ്പതു നൂറുപറ
കരളില്‍കൊള്ളുവതാറുപറ
കവിതയിലാകുവതൊരുപറ
അപ്പറ നൂറുപറയ്‌ക്കും മേപ്പറതാന്‍’ വാക്കുകള്‍ അളന്നുതൂക്കിത്തന്നെ കവി പ്രയോഗിക്കുന്നു. വൈലോപ്പിള്ളി ദര്‍ശിച്ചതുപോലെ വാക്കുകള്‍ കൊള്ളിവാക്കുകളായി വാസ്തവനാളങ്ങളായി ഇവിടെ വളര്‍ന്ന് പന്തലിക്കുന്നു.
‘ഇഞ്ഞാനിങ്ങനെയല്ലാതായ-
ലിബ് ബ്രഹ്മാണ്ഡവുമിങ്ങനെയല്ലാതായിടും
അമ്പട ഞാനേ!’ ബ്രഹ്മാണ്ഡവും ഞാനും തമ്മിലുള്ള പാരസ്പര്യവും അഭിന്നതയും കവിഹൃദയം അറിയുന്നു. ഈ പരസ്പരപൂരകത്വം കവിതയ്‌ക്ക് പുതിയ അര്‍ത്ഥഗരിമ പകര്‍ന്നേകുകയും ചെയ്യുന്നു.
”ഒരുമരം വെട്ടിയാല്‍
ഒരു മകന്‍ നഷ്ടം”
”കാടുവെളുത്താല്‍
നാടുവിളര്‍ക്കും” മഴുകൊണ്ടുണ്ടായ നാട് മഴു കൊണ്ട് തന്നെ ഇല്ലാതാകുന്നതിന്റെ വേദന ഒപ്പിയെടുത്തു മലയാളത്തിന്റെ ഈ വരകവി. ഈ വശം കൂടുതല്‍ വിലയിരുത്തപ്പെടേണ്ടതാണ്.
‘ആനയ്‌ക്കാനെടെ ഭാവ-
മുറുമ്പിനുറുമ്പിന്റേയും
കഷ്ടമെനിക്കോ!’
‘ഉറുമ്പിന്‍ തലയാനയ്‌ക്കു-
മാനത്തലയുറുമ്പിനും
മാറ്റിവെച്ചു കൊടുത്തീടില്‍
മലയാളം മനോഹരം’
ഉണ്ണിവായില്‍ വിശ്വം ദര്‍ശിച്ച യശോദാമാതാവായിത്തീരുന്നു ഇവിടെ കുഞ്ഞുണ്ണിയുടെ ഓരോ ആസ്വാദകനും.
‘എന്നെപ്പെറ്റതു ഞാന്‍ തന്നെ’
‘ഇരുളിന്നൊളിക്കുവാന്‍
വെളിച്ചമൊന്നാന്തരം’
നീതിസാരവാക്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഇത്തരം വരികള്‍ ഒട്ടേറെയുണ്ട് കുഞ്ഞുണ്ണിയുടെ കാവ്യലോകത്തില്‍.
”ഗുരുവിനും ശിഷ്യനും മധ്യത്തില്‍
പുസ്തകം ഗുരുതരമായ തടസ്സമല്ലോ”
ആപ്തവാക്യവും സൂക്തവും ഉദ്‌ബോധനങ്ങളും ഇവിടെ കൂട്ടിക്കലര്‍ത്തുന്നു കവി. പുതിയ ജ്ഞാനപ്പാനകളാണ് കുഞ്ഞുണ്ണിക്കവിതകള്‍. ഇരുളും വെളിച്ചവും പൊക്കവും പൊക്കമില്ലായ്മയും ഇഴ ചേര്‍ക്കുന്നത് കുഞ്ഞുണ്ണിക്കവിതയുടെ പ്രത്യേകതയാണ്.
‘എനിക്കു പൊക്കം കുറവാ-
ണെന്നെ പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ-
ണെന്നെത്താങ്ങാതിരിക്കുവിന്‍’ എന്നു താക്കീത് നല്‍കിയും
”പശുത്തൊഴുത്തിങ്കല്‍ പിറന്നുവീണതും
മരക്കുരിശിന്മേല്‍ മരിച്ചുയര്‍ന്നതും
വളരെ നന്നായി മനുഷ്യപുത്ര നീ
യുയിര്‍ത്തെണീറ്റതോ പരമവിഡ്ഢിത്തം” എന്നു തുറന്നു ചിരിച്ചും.
”കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണുന്നതെന്‍ പരാജയം” എന്നു അമര്‍ത്തിച്ചിരിച്ചും.
”ജനിക്കും നിമിഷം തൊട്ടെന്‍
മകനിംഗ്ലീഷു പഠിക്കണം. അതിനാല്‍ ഭാര്യതന്‍ പേറ-
ങ്ങിംഗ്ലണ്ടില്‍ത്തന്നെയാക്കി ഞാന്‍” എന്നു സ്വയം പരിഹസിച്ചും
‘എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍
ദാഹിക്കുമ്പോള്‍ കുടിക്കും
ക്ഷീണിക്കുമ്പോളുറങ്ങും
ഉണരുമ്പോളെഴുതും കവിതകള്‍’ എന്ന് നിസ്സംഗമായും
‘ജീവിതം മറ്റൊരാള്‍ക്കും
പകുക്കാന്‍ തികയാഞ്ഞു
ഞാനെന്നെത്തന്നെ
വേളികഴിച്ചു കൂടീടുന്നു’ എന്ന് തെളിഞ്ഞ ഭാഷയിലും കുഞ്ഞുണ്ണി നമ്മോട് മൊഴിഞ്ഞു. ആധുനികസമൂഹമേല്പിക്കുന്ന ആഘാതങ്ങളും അതിന്റെ വിഹ്വലതകളും കുഞ്ഞുണ്ണിക്കവിതയില്‍ കടന്നുവരുന്നുണ്ട്. സര്‍റിയലിസ്റ്റിക്കായ ഭ്രമകല്പനകളും ചില കവിതകളില്‍ കാണാം. ചിലപ്പോള്‍ കവി സ്വന്തം അസ്തിത്വത്തെപ്പറ്റിയാണ് അന്വേഷിക്കുന്നത്.
”ഉറുമ്പുപാടും പാട്ടിലുണ്ടൊരു
കുറുമ്പനാന പറക്കുന്നു.
കരിമ്പുതിന്നും നാട്ടിലുണ്ടൊരു
കരിമ്പനക്കാടുയരുന്നു.
അറുത്തുവീഴ്‌ത്തിയ ചോരയിലുണ്ടൊരു
കറുത്തകല്ലുകിടക്കുന്നു.
വളഞ്ഞ വഴികളിലൊക്കെയുമിക്കവി
നീണ്ടുനിവര്‍ന്നുകിടക്കുന്നു.”
‘അയ്യോ എനിക്കെന്നെ വല്ലാതെ നാറുന്നല്ലോ’
‘അയ്യോ ഞാനെന്നെയെവിടെയോ
മറന്നുവച്ചു പോയിരിക്കുന്നുവല്ലോ’ തുടങ്ങിയ കവിതകള്‍ വ്യാഖ്യാനാതീതമായി നമ്മെ ബോധ്യപ്പെടുത്തുന്നത് ഈ സത്യമാണ്. എല്ലാ കവിതകളും വെളിപാടുകള്‍ പോലെ കവി മനസ്സില്‍ ഉറവെടുക്കുന്നതാണ്. വെളിപാടുകള്‍ ദര്‍ശനത്തിന്റെ അഗ്നിഗോപുരങ്ങളാണ്; അറിവിന്റെ നിലയ്‌ക്കാത്ത ഉറവകളാണ്. കുഞ്ഞുണ്ണിക്കവിതയിലെ മൃത്യുബോധം വിശേഷപഠനത്തിന് വിധേയമാക്കാവുന്നതാണ്.
‘ജനനം ദയനീയമായൊരു ചുരുങ്ങലും
മരണം മഹനീയമാമൊരു വികാസവും’
മരണത്തെക്കുറിച്ചുള്ള ചിന്തയും മരണത്തിന്റെ പരിചിതപ്രതീകമായ പൂച്ചയും ചില കവിതകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വര്‍ണപ്പകിട്ടില്ല ഈ കവിതകള്‍ക്ക്. ഉമ്മറവാതില്‍ക്കല്‍ തിളങ്ങുന്ന കണ്ണുകളും പൂച്ചക്കാലുകളുമായി കടന്നുവരുന്ന ഈ പ്രതിമാനം, അകാരണമായി അവിചാരിതമായി മനസ്സിലേക്കു കടന്നെത്തുന്ന മരണത്തെ സങ്കീര്‍ണ പ്രതിഭാസത്തെക്കുറിച്ചുകൂടിയാണ്. പ്രരൂപസൗഭാഗ്യമുള്ള കുഞ്ഞുണ്ണിക്കവിതകള്‍ മലയാളകവിതയിലെ അനന്വയമാണ്. പഴഞ്ചൊല്ലുകളോടും നാട്ടുമൊഴികളോടുമാണ് അതിനേറെയടുപ്പം. ഇവയ്‌ക്ക് നമ്മുടെ മുക്തകങ്ങളോടും, ജാപ്പനീസ് ഭാഷയിലെ ഹൈകൂ കവിതകളോടും വചന കവിതകളോടും ഏറെ സാദൃശ്യമുണ്ട്. നാടന്‍പാട്ടിന്റെ വാച്യതലത്തിലുള്ള അസംബന്ധ സ്വഭാവത്തെയും കടംങ്കഥയുടെ നിര്‍മ്മലമായ ഗോപ്യവിസ്മയത്തെയും പഴഞ്ചൊല്ലിന്റെ തീക്ഷ്ണമായ സൂക്തസ്വഭാവത്തെയും ഓര്‍മ്മപ്പെടുത്തുന്നു കുഞ്ഞുണ്ണിക്കവിതകള്‍. മുക്തകങ്ങള്‍ക്കും ഹൈകൂ കവിതകള്‍ക്കും ചില വ്യവസ്ഥകളുണ്ട്. മുക്തകങ്ങള്‍ ചതുഷ്പദികളും ഹൈകൂ കവിതകള്‍ ത്രിപദികളുമാണ്. എന്നാല്‍ കുഞ്ഞുണ്ണിക്കവിതകളുടെ വ്യവസ്ഥയെ നിര്‍ണ്ണയിക്കുന്നത് തന്നെ അതിന്റെ അവ്യവസ്ഥയാണ്. അക്ഷരസംഘാതം മുതല്‍ ശ്ലോകസഞ്ചയം വരെ കുഞ്ഞുണ്ണിക്കവിതകളിലുണ്ട്. എന്നാല്‍ ഏറെയും ഒറ്റവരിയിലോ ഇരട്ടവരിയിലോ ഒതുങ്ങുന്നവയാണ്. രണ്ടോ മൂന്നോ പദസംഘാതമുള്ള കവിതകള്‍ ഏറെയുണ്ട്. അര്‍ഥം കിനിയുന്ന കലവറകളാണവ.
”ഏകാന്തതയേക്കാള്‍ നല്ലൊരു കാന്തയില്ല”
”ഏശുവിലാണെന്റെ വിശ്വാസം
കീശയിലാണെന്റെ ആശ്വാസം” എന്നിങ്ങനെ ഒട്ടേറെ ഉദാഹരണങ്ങള്‍. കൂട്ടക്ഷരങ്ങളെ അത്യധികം സ്‌നേഹിക്കുന്ന കവിയാണ് കുഞ്ഞുണ്ണി. സ്വന്തം പേരില്‍ത്തന്നെ കൂട്ടക്ഷരസംഘാതമുള്ള കവിയാണല്ലോ കുഞ്ഞുണ്ണി. അക്ഷരങ്ങളില്‍ത്തന്നെ മധ്യമങ്ങളോടും ഊഷ്മാക്കളോടുമാണ് അദ്ദേഹത്തിന് കൂടുതല്‍ മമത. യമകസദൃശമായ ഒരു കാവ്യശീലമാണ് ഏറെക്കവിതയിലും കാണുന്നത്.
”കുഞ്ഞുണ്ണിക്കൊരു മോഹമെന്നും
കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍” എന്നും
”പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലുവെച്ച പാത്രം
വൃത്തിയാക്കിവെച്ചു” എന്നും പലതലങ്ങളില്‍ പാടാനാവും കുഞ്ഞുണ്ണിയുടെ നാവിന്.
”ഒരു വളപ്പൊട്ടുണ്ടെന്‍കൈയില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കാനിവ
ധാരാളമാണെനിക്കിന്നും” വര്‍ഗീസ് ആന്റണി സമീപകാലത്തെഴുതിയതു പോലെ മനസ്സും ശരീരവും, വൃഷ്ടിയും സമഷ്ടിയും, വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള വിചിത്രവും വൈരുധ്യാത്മകവുമായ ബന്ധത്തെ സൂക്ഷ്മരൂപത്തില്‍ അവതരിപ്പിക്കുന്ന ഈ മൂന്നടി കവിതയെ അളക്കാന്‍ ശ്രമിച്ചാല്‍ അത് വിശ്വരൂപം പ്രാപിച്ച വാമനനെപ്പോലെയാവും. ചെപ്പിലടച്ച ഇതിഹാസമാണത്. ഉറുമ്പിന്‍പുറ്റിലൂടെ ഹിമാലയത്തെ അനുഭവിക്കുന്ന രചനാതന്ത്രമാണിത്.
ജീവിതസായാഹ്നത്തില്‍ കവി ഹിമാലയദര്‍ശനവും സാധിച്ചിട്ടുണ്ട്. കുഞ്ഞിക്കണ്ണ് ചിമ്മി കൈയ്യും കെട്ടി മാഷ് ആ പര്‍വ്വതരാജനെ നോക്കിനിന്നതെത്രയോ ഗംഭീരദൃശ്യം. എഴുതിയ കവിതകളേക്കാള്‍ അധികമാനമുള്ള കവിതയാണ് ആ ദൃശ്യം. വലുതിലെല്ലാം വലിയ ഹിംസയുണ്ടെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഗാന്ധിയുടെയും ഷുമാക്കറുടെയും പിന്‍ഗാമിയാവുകയായിരുന്നു. കവിതയെഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും അണ്ണാറക്കണ്ണനും തന്നാലായത് ആ വിനയ ഭാവമായിരുന്നു അദ്ദേഹത്തിന്. ആധുനികതയുടെ പല കൃത്രിമതിട്ടകളും കാലപ്രവാഹത്തില്‍ ഇടിഞ്ഞുപോകുമ്പോഴും കുഞ്ഞുണ്ണി ഇട്ട കുഞ്ഞിക്കല്ലുകള്‍ ഉറച്ചുതന്നെ കിടക്കുന്നുണ്ട്. നമ്മുടെ കാവ്യഭൂമിയില്‍ ആധുനികകവിതയില്‍ നിന്ന് വൃത്തമൊഴിവാക്കിയപ്പോള്‍ കുഞ്ഞുണ്ണി ഇതിവൃത്തം കൂടി ഒഴിവാക്കി. എന്നാല്‍
”കാലമില്ലാതാകുന്നു ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍ ഞാനുമില്ലാതാകുന്നു.” എന്ന മഹാസത്വത്തിനു മുന്നില്‍ കുഞ്ഞുണ്ണി മാഷ് സ്വയം തലതാഴ്‌ത്തിനില്‍ക്കാന്‍ മടികാണിച്ചുമില്ല.
കവി മാത്രമായിരുന്നില്ല കുഞ്ഞുണ്ണിമാഷ്. പുതിയ എഴുത്തുകാരോട് കുഞ്ഞുണ്ണി മാഷ് ഏറ്റവും ക്രിയാത്മകമായി ഇടപെട്ടിരുന്നത് കത്തുകളിലൂടെയായിരുന്നു. തന്റെ കത്തുകളിലൂടെ അദ്ദേഹം മലയാളികളെ ‘വെയിറ്റിങ് ഫോര്‍ പോസ്റ്റുമാന്‍’ ആക്കി എന്ന് കല്‍പ്പറ്റ നാരായണന്‍ നിരീക്ഷിക്കുന്നു. എഴുത്തുകളിലൂടെ അദ്ദേഹം എഴുത്തുകാരുടെ തലയിലെഴുത്തു മാറ്റി. എഴുത്തിലൂടെയും ബാലപംക്തിയിലൂടെയും അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാല്‍ അതൊരു സാഹിത്യ തത്വശാസ്ത്രഗ്രന്ഥമാവും. മാതൃഭൂമി ബാലപംക്തിയിലെ കുട്ടികളുടെ രചനകള്‍ തിരഞ്ഞെടുക്കുക മാത്രമല്ല തന്റെ ദൗത്യമെന്നും എഴുതിതെളിയാന്‍ സാധ്യതയുള്ളവരുമായി നിരന്തരം അവരുടെ കുട്ടേട്ടനായി വ്യക്തിപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുവാനും തനിക്ക് ബാധ്യതയുണ്ടെന്ന് മാഷ് ഉറച്ചു വിശ്വസിച്ചിരുന്നു. നമ്മുടെ ബാലസാഹിത്യശാഖയ്‌ക്കും പഴഞ്ചൊല്‍ പ്രപഞ്ചത്തിനും നാട്ടറിവ് ശേഖരത്തിനും നമ്പൂതിരി ഫലിതശാഖയ്‌ക്കും കടങ്കഥാസമാഹരണ ശ്രമങ്ങള്‍ക്കും മാഷ് നല്‍കിയ സംഭാവനകള്‍ അന്യൂനമാണ്. ‘എന്നിലൂടെ’ എന്ന മലയാളത്തിലെ ആദ്യകാര്‍ട്ടൂണ്‍ ആത്മകഥ, എഴുതിയ ഒന്നാന്തരം പാചകക്കുറിപ്പുകള്‍, വരച്ച രേഖാചിത്രങ്ങള്‍, ‘അമ്മാനക്കിളി’ എന്ന സിനിമയ്‌ക്കെഴുതിയ പാട്ട്, ‘ഭൂമിഗീതം’ എന്ന സിനിമയിലെ നടനസാന്നിധ്യം – മാഷിന് ഇങ്ങനെ പലമുഖങ്ങള്‍. ബാലഗോകുലത്തിന്റെ മാര്‍ഗ്ഗദര്‍ശിയും അഭ്യുദയകാംക്ഷികൂടിയായിരുന്നു കുഞ്ഞുണ്ണിമാഷ്.
ആത്മസമര്‍പ്പണവ്യഗ്രമായ, നിഷ്‌കളങ്കമായ ശൈശവശുദ്ധമനസ്സിനേ ഭഗവദ്ദര്‍ശനം സാധ്യമാവൂ. പൂന്താനത്തിനും യൂസഫലികേച്ചേരിയ്‌ക്കും എസ്.രമേശന്‍നായര്‍ക്കും മുമ്പില്‍ അവതരിച്ച ഉണ്ണിക്കണ്ണന്റെ ചേതോഹരരൂപം കുഞ്ഞിണ്ണിയും ദര്‍ശിക്കാനായി കൃഷ്ണഭക്തിയില്‍ പാകമായ കുഞ്ഞുണ്ണിയുടെ ഒരു മുക്തകം കൂടി സൂചിപ്പിച്ച് ആ പുണ്യാത്മാവ് ഉണ്ണിക്കണ്ണനൊപ്പമിരുന്ന് കുട്ടിക്കവിതകള്‍ ചൊല്ലി ഈ നിമിഷത്തിലും ഭഗവാനെ രസിപ്പിക്കുന്നുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
”കണ്ടീടാനുണ്ടെളുപ്പം കളകമലദളക്കണ്ണനാമുണ്ണിയെ നാം
തെണ്ടേണ്ടാനാടുതോറും ഗുരുപവനപുരത്തിങ്കലും ചെന്നിടേണ്ടാ
ഉണ്ടോ പൈമ്പാലൊരല്പം മതിമതിയതുനാമുള്ളില്‍ വെക്കേണമെന്നാല്‍
കണ്ടീടാം കണ്ണനെത്തും കൊതിയനതുകവര്‍ന്നുണ്ണാന്‍ മെല്ലെ മെല്ലെ”
അതേ, ഈശ്വരനിയോഗമാണ് കുഞ്ഞുണ്ണിമാഷിന് കവിതയും ജീവിതവും ആ പുണ്യസ്മരണയും അമൃതത്വം പ്രാപിച്ച മൊഴിമുത്തുകളും ഈ ഇരുണ്ടകാലത്ത് വെളിച്ചം വിതറട്ടെ.
(ഗുരുവായൂരപ്പന്‍കോളേജ് മലയാളവിഭാഗം
അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: