പി.എ. വേണുനാഥ്
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരസ്യ പ്രചരണങ്ങള്‍ക്ക് സമാപനമായെങ്കിലും സമ്മതിദായകരെ വഴികാട്ടാന്‍ നവമാധ്യമങ്ങള്‍. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഇന്നലെ വൈകിട്ട് ആറോടെ പ്രചരണ കോലാഹലങ്ങള്‍ അവസാനിച്ചപ്പോഴും പുത്തന്‍ തലമുറമാധ്യമങ്ങള് സജീവം.
നവമാധ്യമങ്ങളുടെ സാധ്യത ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തി എന്‍ഡിഎ ആ മേഖലയിലും തുടക്കം മുതല്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. ആറന്മുള നിയോജകണമ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശ് പൊതു പ്രവര്ത്തകന് എന്ന നിലയില്‍ ഈ മാധ്യമങ്ങളില്‍ നേരത്തെ മുതല്‍തന്നെ സജീവമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എം.ടി.രമേശ് ഫോര്‍ ആറന്മുള, വോട്ട് ഫോര്‍ എംടി രമേശ്, എന്നിവയടക്കം നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് സമ്മതിദായകരുമായി സംവദിച്ചത്.
ഈ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത പ്രചരണ രീതികള്‍ക്കൊപ്പം ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ചതും എന്‍ഡിഎ ആണ്. ആറന്മുള മണ്ഡലത്തിലടക്കം യുവതലമുറയെ ഏറെ സ്വാധീനിക്കാന്‍ കഴിയുകയും ചെയ്തു. ഫേസ്ബുക്കും, വാട്ട്സാപ്പുമാണ് നവമാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി കൂടുതല്‍ ആളുകള്‍ വിനിയോഗിച്ചത്. ട്വിറ്ററടക്കമുള്ളവയും സജീവമായിരുന്നു. എന്‍ഡിഎയുടെ ഓരോദിവസത്തേയും പ്രചരണ ചിത്രങ്ങളും പരിപാടികളും ജനങ്ങളുമായി പങ്കുവെയ്ക്കാന്‍ നവമാധ്യമങ്ങള്‍ വളരെയേറെ സഹായകമായി.
എന്‍ഡിഎയുടേയും ബിജെപിയുടേയും വാര്‍ത്തകള്‍ പലമാധ്യമങ്ങളും വളച്ചൊടിക്കുകയും തമസ്ക്കരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നവമാധ്യമങ്ങള്‍ സത്യം ജനങ്ങളിലെത്തിക്കാന്‍ വഹിച്ച പങ്ക് ഏറെ വലുതാണ്.
പൊതുവേദിയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത പല വിഷയങ്ങളും സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു.ഇടതു വലതു മുന്നണികള്‍ എന്‍ഡിഎയ്ക്കെതിരേ പ്രചരിപ്പിച്ച അപവാദങ്ങളെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകരെ ഒരു പരിധിവരെ സഹായിച്ചതും പുത്തന്‍തലമുറ മാധ്യമങ്ങളാണ്. ആറന്മുളയുടെ പൈതൃക സംരക്ഷണവും, വിവാദ വിമാനത്താവള വിഷയവുമൊക്കെ തെരഞ്ഞെടുപ്പായതോടെ യുവതലമുറ വീണ്ടും ചര്‍ച്ച ചെയ്തതാണ് മണ്ഡലത്തില്‍ എന്‍ഡിഎയുടെ വിജയപ്രതീക്ഷയ്ക്ക് കൂടുതല്‍ കരുത്താകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: