ഇതെഴുതുന്ന ഇന്ന് ഏപ്രില്‍ 28, 1975 ല്‍ ഇതേ ദിവസമായിരുന്നു ജന്മഭൂമി ദിനപത്രത്തിന്റെ എളിയ തുടക്കം. അന്ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ വി.എം.നായരും മലയാള മനോരമയുടെ റസിഡന്റ് എഡിറ്റര്‍ മുര്‍ക്കോത്തു കുഞ്ഞപ്പയുമടക്കം കോഴിക്കോട്ടെ മാധ്യമരംഗത്തുണ്ടായിരുന്ന മിക്കവാറും പേര് പങ്കെടുത്തിരുന്നു. വളരെക്കാലത്തെ പ്രതീക്ഷകള്‍ക്കും പ്രയത്നങ്ങള്‍ക്കും ശേഷമാണ് ആ ദിനപത്ര ശിശു പിറന്നത്. വിട്ടുവീഴ്ചയില്ലാത്ത ദേശീയ വീക്ഷണം പുലര്‍ത്തുന്ന ഒരു ദിനപത്രമെന്ന ആഗ്രഹം വര്‍ഷങ്ങളായി പുലര്‍ത്തിവന്ന കേരളത്തിലെ ഭൂരിപക്ഷ ജനതയ്ക്ക് ഒരു കൈത്തിരിയായിട്ടാണ് ജന്മഭൂമി കൊളുത്തപ്പെട്ടത്. ദേശീയതക്കും ജനായത്തത്തിനും വേണ്ടിയുള്ള ഉറച്ച നിലപാട് ജന്മഭൂമി പുലര്‍ത്തുമെന്ന് ഉദ്ഘാടനപ്പതിപ്പില്‍ പത്രാധിപര്‍ പി.വി.കെ.നെടുങ്ങാടി വ്യക്തമാക്കി. ”… ദേശീയബോധ പ്രചോദിതവും അധികാര വടംവലികള്‍ക്കും തത്വദീക്ഷയില്ലാത്ത കക്ഷിരാഷ്ട്രീയ മത്സരങ്ങള്‍ക്കും അതീതമായി രാജ്യസ്നേഹത്തെയും ജനസേവനവ്യഗ്രതയെയും മുന്‍നിര്‍ത്തി ജനതാ മധ്യത്തില്‍ കഴിവതു പ്രവര്‍ത്തിക്കണമെന്നുള്ള ഗണ്യമായ ഒരു വിഭാഗത്തിന്റെ ആത്മാര്‍പ്പണ മനോഭാവവും ശുഭാപ്തി വിശ്വാസവുമാണ് ജന്മഭൂമിയുടെ ഉദയം കുറിക്കാന്‍ കാരണമായിട്ടുള്ളത് എന്ന് സവിനയം ഇവിടെ രേഖപ്പെടുത്തുന്നു.
ജന്മഭൂമി തികച്ചും ഒരു സ്വതന്ത്ര ദേശീയ ദിനപത്രമാണ്. ദേശീയ ഐക്യവും ധാര്‍മികബോധവും ജനക്ഷേമവും മുന്‍നിര്‍ത്തി മാത്രമാവും ഓരോ പ്രശ്നത്തേയും അതു നോക്കിക്കാണുകയും ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്. മനുഷ്യസഹജമായ തെറ്റുകള്‍ ഞങ്ങള്‍ക്കും സംഭവിക്കാം. കഴിവുകള്‍ പരിമിതവുമാണ്. മഹത്തായ ഒരു ദേശത്തിന്റെയും പ്രസ്ഥാനത്തിന്റെയും ചെറിയ തുടക്കമായി ഇതു ഞങ്ങള്‍ കരുതുന്നു. അതിന് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു….”
രണ്ടുമാസം മാത്രമേ കോഴിക്കോട്ട് ആ സായാഹ്ന പത്രത്തിന് ആയുസ്സുണ്ടായുള്ളൂ. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് മുമ്പത്തെ ആ രണ്ടു മാസങ്ങള്‍ അത്യന്തം സംഭവബഹുലവും സംഘര്‍ഷാന്തരീക്ഷം നിറഞ്ഞു ഉദ്വേഗഭരിതവുമായിരുന്നു. പിന്നീട് നടന്ന രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ നടുനായകമായിത്തീര്ന്ന ലോക്നായക് ജയപ്രകാശ് നാരായണ്‍ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍, തളിയിലെ സാമൂതിരി ഹൈസ്കൂളിലെത്തി അവിടെ നടന്നുവന്ന സംഘശിക്ഷാവര്‍ഗിലെ സ്വയംസേവകരെ സംബോധന ചെയ്തത് പലരുടെയും ദുര്‍മുഖത്തെ അവഗണിച്ചുകൊണ്ടായിരുന്നു. താന്‍ ശിബിരം സന്ദര്‍ശിക്കുന്നതിനെ വര്‍ഗീയതയുടെ പേരില്‍ ചില സര്‍വോദയ നേതാക്കള്‍ എതിര്‍ത്തപ്പോള്‍, ആര്‍എസ്എസ് വര്‍ഗീയമാണെങ്കില്‍ താനും വര്‍ഗീയനാണെന്ന് അവരോട് പറഞ്ഞതായി ജെപി അവിടെ വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്കുമുമ്പ് ബീഹാര്‍ മുഴുവനും തന്നെ ഗംഗാ, കോസി നദികളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആഴ്ചകളോളം മുങ്ങിക്കിടന്നപ്പോള്‍, അവിടത്തെ വിദൂര ഗ്രാമങ്ങളില്‍ അദ്ദേഹം പര്യടനം നടത്തിയതും അവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സ്വയംസേവകരെ കണ്ട് അത്ഭുതപ്പെട്ടതും മുമ്പൊരവസരത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് മുതിര്‍ന്ന സംഘ പ്രവര്‍ത്തകരുമായി സംവദിക്കവേ, അവരൊക്കെ ഉന്നത അക്കാദമിക യോഗ്യത നേടിയവരും 25-30 വര്‍ഷങ്ങളായി സംഘത്തിലൂടെ നിസ്വാര്‍ത്ഥ സമാജസേവനത്തിന് ജീവിതം സമര്പ്പിച്ചവരുമാണെന്നും അറിഞ്ഞപ്പോള്‍ അതിനവരെ പ്രചോദിപ്പിച്ചതെന്താണ് എന്ന് അദ്ദേഹം അന്വേഷിച്ചു.
ഭാരതത്തിന്റെ ശ്രേയസ്സിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്കു ലഭിക്കുന്ന പ്രചോദനം തന്നെയാണ് ആ പ്രചാരകര്ക്കുമെന്നറിഞ്ഞപ്പോള് തുടങ്ങിയതാണ് ജെപിയുടെ സംഘാഭിനിവേശം. ബീഹാറില്‍ പാട്നയില്‍ നടന്ന സമഗ്രക്രാന്തി സമ്മേളനത്തില്‍ പോലീസ് നടത്തിയ ക്രൂരമായ മര്‍ദ്ദനത്തിനിടയില്‍ ജെപിയെ വകവരുത്താനെന്ന് സംശയിക്കത്തക്കവിധം നടന്ന പോലീസ് ആക്രമണത്തില്‍ നിന്ന് അദ്ദേഹത്തിന് കവചമായിനിന്ന് അടിയേറ്റു വാങ്ങിയത് ജനസംഘം ദേശീയ കാര്യദര്‍ശിയും മുതിര്‍ന്ന പ്രചാരകനും പഴയ ബീഹാര്‍ സംവാദത്തില്‍ പങ്കാളിയുമായിരുന്ന ശ്രീ നാനാജി ദേശ്മുഖ് ആയിരുന്നു. സ്വയംസേവകര്‍ക്ക് മുമ്പില്‍ തന്റെ മനോഗതം പറഞ്ഞപ്പോള്‍ ജെപിയുടെ മനസ്സില്‍ ഇതൊക്കെ ഉണ്ടായിരുന്നിരിക്കണം.
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഒരാഴ്ചകൂടിയേ ജന്മഭൂമി പുറത്തിറക്കാന്‍ സാധിച്ചുള്ളൂ. പത്രങ്ങള്‍ക്ക് മുന്‍കൂര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രം കല്‍പ്പന നല്‍കിയിരുന്നു. ഒരു ദിവസം മുഖപ്രസംഗത്തിന്റെ കോളം ഒഴിച്ചിട്ടാണ് ജന്മഭൂമി പുറത്തിറങ്ങിയത്. കെപിസിസി പ്രസിഡന്റായിരുന്ന എ.കെ.ആന്റണി, ഇന്ദിരാഗാന്ധിക്കു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുമെന്നും എതിര്‍പ്പുകളെ അടിച്ചമര്‍ത്തുമെന്നും പ്രഖ്യാപിച്ചതിനെ പരിഹസിച്ചുകൊണ്ട് ‘കെപിസിസി പ്രസിഡന്റിന്റെ പാറ്റിവെടി’ എന്ന് മുഖലേഖനം നെടുങ്ങാടി എഴുതിയിരുന്നു. കോഴിക്കോട്ടെ ജന്മഭൂമിയുടെ അവസാന മുഖപ്രസംഗവും അതായിരുന്നു.
ജൂലൈ രണ്ടാം തീയതി രാത്രി ജന്മഭൂമിക്ക് കാളരാത്രിയായിരുന്നു. പത്രവുമായി ബന്ധപ്പെട്ട പ്രമുഖരെയെല്ലാം, ആഫീസില്‍നിന്നും, അവരവരുടെ വസതികളില്‍നിന്നും അത്യന്തം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കസ്റ്റഡിയിലെടുത്തു. പത്രാധിപരായിരുന്ന നെടുങ്ങാടി, പി.നാരായണന്, സഹായി കക്കട്ടില്‍ രാമചന്ദ്രന് എന്നിവരെ അവര്‍ താമസിച്ചിരുന്ന അലങ്കാര്‍ ലോഡ്ജില്‍നിന്നും പിടികൂടി. കമ്പനി മാനേജിങ് ഡയറ്കടറും പ്രിന്ററും പബ്ലിഷറുമായിരുന്ന യു.ദത്താത്രയ റാവുവിനെ വീട്ടില്‍നിന്നും ഭാര്യാപുത്രാദികളുടെ സാന്നിദ്ധ്യത്തില്‍ നീചമായി മര്‍ദ്ദിച്ചു കസ്റ്റഡിയിലെടുത്തു. 19 മാസത്തെ ജയില്വാസത്തിനുശേഷമേ അദ്ദേഹം പുറത്തുവന്നുള്ളൂ. അടിയന്തരാവസ്ഥയില്‍ ഏറ്റവുംനീണ്ട തടവനുഭവിച്ച കേരളീയന് റാവുജിയാണ്.
അടിയന്തരാവസ്ഥക്കുശേഷം 1977 നവംബര്‍ 15 ന് പ്രഭാതപ്പതിപ്പായി എറണാകുളത്തുനിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതുവരെ ദീര്‍ഘമായ ഗ്രഹണകാലമായിരുന്നു ജന്മഭൂമിക്ക്. ജന്മഭൂമിയുടെ പ്രാരംഭത്തിന് കാരണക്കാരായ ചിലരെക്കൂടി ഓര്‍മിച്ചുകൊണ്ട് ഈ പ്രകരണം അവസാനിപ്പിക്കാം.
വന്‍ വിജയമായിരുന്ന 1967 ല്‍ കോഴിക്കോട്ടു നടന്ന ജനസംഘം അഖിലഭാരത സമ്മേളനത്തിനുശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദിനപത്രത്തെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയതാണ്. കെ.രാമന്‍പിള്ളയാണ് അതിനുവേണ്ടി ശക്തിയായി വാദിച്ചത്. പക്ഷേ അതിനു പ്രായോഗികമായി നീക്കം ഉണ്ടാവാന്‍ വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നു.
ഏറ്റവും പ്രധാനം, ആവശ്യമായ സാമ്പത്തികാടിത്തറ സൃഷ്ടിക്കുകയായിരുന്നു. അതിന് കോഴിക്കോട്ടെ ജില്ലാ ജനസംഘാധ്യക്ഷനും ആദ്യകാല സ്വയംസേവകനുമായ യു.ദത്താത്രയറാവു മുഖ്യ പ്രമോട്ടറായി മാതൃകാ പ്രചരണാലയം എന്ന കമ്പനിയുണ്ടാക്കി. സി.പ്രഭാകരന്, പുന്നത്തു ചന്ദ്രന്, എം.ശ്രീധരന്, കെ.സി.ശങ്കരന്, വി.സി.അച്ചുതന്, പി.എന്‍.ഗംഗാധരന് എന്നിവര്‍ പ്രമോട്ടര്‍മാരായി 1973 ജനുവരിയില്‍ മാതൃകാപ്രചരണാലയം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അവരില്‍ ഗംഗാധരന് മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ. കമ്പനിക്ക് ഓഹരികള്‍ പിരിക്കാനായി മുമ്പ് ജില്ലാ സെക്രട്ടറിയായിരുന്ന സി.എസ്.നമ്പൂതിരിപ്പാടിനെ നിയോഗിച്ചിരുന്നു. പിന്നീട് 1974 ല്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും മുതിര്‍ന്ന ചുമതലക്കാര്‍ ഈ ലേഖകനെ അതിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചു.
തൃശ്ശിവപേരൂരില്‍ നവാബ് രാജേന്ദ്രന്റെ പേരിലും തിരുവനന്തപുരത്ത് എസ്.എം.ബഷീറിന്റെ പേരിലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന ജന്മഭൂമി എന്ന ടൈറ്റിലും യഥാക്രമം എന്‍.ഐ.ധര്‍മപാലന്റെയും രാമന്‍പിള്ളയുടെയും ശ്രമഫലമായി നിയമാനുസൃതമായി മാതൃകാപ്രചരണാലയത്തിന് ലഭ്യമാക്കി.
ആദ്യകാല പത്രാധിപരായിരുന്ന പി.വി.കെ.നെടുങ്ങാടി, സഹായി കക്കട്ടില്‍ രാമചന്ദ്രന്, ആഫീസ് കാര്യങ്ങള്‍ നോക്കിയ പുത്തൂര്‍ മഠം ചന്ദ്രന്, നഗരത്തിലും പരിസരങ്ങളിലും പ്രചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയ പി.ടി.ഉണ്ണി മാധവന്, പി.എന്‍.ഗംഗാധരന്, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്ട് ജില്ലകളിലെ എണ്ണമറ്റ സ്വയംസേവകരും ജനസംഘ പ്രവര്‍ത്തകരും ഈയവസരത്തില്‍ സ്മരിക്കപ്പെടേണ്ടവരാണ്.
നാലുപതിറ്റാണ്ടുകള്‍ പിന്നിട്ട് കുതിക്കുന്ന ജന്മഭൂമി ഇന്ന് കേരളത്തിലെ പത്രലോകത്ത് സുപ്രധാന സ്ഥാനത്തെത്തിയിരിക്കയാണല്ലൊ. അതിന്റെ ആദ്യദിനങ്ങളിലേക്ക് ഒന്നു കണ്ണോടിക്കുക മാത്രമാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: