ഭാരത ക്രിക്കറ്റില്‍ ഓരോ മലയാളിയുടേയും അഭിമാനമായി മാറിയ ബൗളര്‍. തന്റെ വേഗമേറിയ ഔട്സിംഗറുകള്കൊണ്ട് ലോകക്രിക്കറ്റിലെ മുന്‍നിര ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ച മലയാളിയുടെ സ്വന്തം ശ്രീ പുതിയ തുടക്കത്തിലാണ്. കളിക്കളത്തില്‍ ശ്രീ എഴുതിയ ചരിത്രം കളിക്കമ്പക്കാര്‍ക്ക് കാണാപ്പാഠമാണ്. കളിയല്ല അത് കാര്യമാണെന്ന് ആര്‍ക്കും അറിയാം. യുവജനങ്ങള്‍ക്ക് ശ്രീശാന്ത് ഹരമാണ്. ഭാരത ടീമിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവന്നതുപോലെ ഇപ്പോള്‍ ഭാരത പ്രധാനമന്ത്രിയായ മോദിയുടെ ടീമിലേയ്ക്ക് ജഴ്സിയണിയുന്നു ശ്രീ. രാഷ്ട്രീയത്തിന്റെ ക്രീസില്‍ തഴക്കവും പഴക്കവുമുള്ള ‘കളി’ക്കാര്‍ക്കു മുന്നിലേക്ക് ഒരിക്കലും കൈവിടാത്ത ആത്മവിശ്വാസവുമായി ശ്രീ അങ്കം കുറിക്കുകയാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശ്രീശാന്തിന്റെ വിശേഷങ്ങള്‍
ബിജെപി എന്ന രാഷ്ട്രീയപാര്‍ട്ടി മനസ്സിലേക്ക് കടന്നുവന്നതെപ്പോള് ?
വീട്ടില്‍ എല്ലാവര്ക്കും രാഷ്ട്രീയമുണ്ടായിരുന്നു. അച്ഛന് കടുത്ത കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അമ്മ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ചേട്ടനും കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താല്പര്യമുണ്ടായിരുന്നു. വീട്ടില്‍ എല്ലാവരും മറ്റ് പാര്‍ട്ടിയാണെങ്കില്‍ ഞാന്‍ ബിജെപിയാണ് എന്ന് കുട്ടിക്കാലംമുതല്‍ പറയുമായിരുന്നു. മുതിര്‍ന്നപ്പോള്‍ വാജ്പേയിയുടെ കവിതകള്‍ വായിക്കുമായിരുന്നു. ഒ.രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങളോട് വളരെ മതിപ്പുതോന്നിയിരുന്നു. വിവാഹശേഷമാണ് ബിജെപിയിലേക്ക് കൂടുതല്‍ അടുക്കുന്നത്. ഭാര്യാപിതാവ് ഹരീന്ദ്രസിങ് ഷെഖാവത്ത് ബിജെപിയുമായി അടുത്തബന്ധമുള്ള നേതാവായിരുന്നു. നിനക്ക് ബിജെപിയിലേക്ക് വന്നുകൂടെ എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. അന്നൊക്കെ ഒഴിഞ്ഞുമാറി.
സ്ഥാനാര്‍ത്ഥിയായത് ?
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നിര്‍ണായകമായ രാഷ്ട്രീയപാര്‍ട്ടിയാണ്. ഇരുമുന്നണികള്‍ക്കുമെതിരായ ബദല്‍ എന്ന നിലയില്‍ പാര്‍ട്ടി മാറിക്കഴിഞ്ഞു. രാജ്യത്ത് മോദി സര്‍ക്കാര്‍ നടത്തുന്ന വികസനങ്ങള്‍ ശ്രദ്ധിക്കുക. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ശാസ്ത്ര സാങ്കേതികരംഗത്തും വ്യാവസായിക രംഗത്തും സാമ്പത്തിക രംഗത്തും രാജ്യം നേടുന്ന പുരോഗതി ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ കേരളത്തിലെത്തണം. ബിജെപിയിലാണ് ഏറ്റവും മാന്യതയും മര്യാദയുമുള്ള വ്യക്തികളുള്ളത്. യുവതലമുറ ഇന്ന് ബിജെപിക്കൊപ്പമാണ്. എന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ സ്നേഹത്തോടും പ്രാര്‍ത്ഥനയോടും എന്റൊപ്പം നിന്ന മലയാളികളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണ് എനിക്ക് ലഭിച്ചത്.
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം ?
രാജ്യം മുഴുവന്‍ അറിയപ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള ജില്ല. ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന് തുടങ്ങി സമുന്നതരായ നേതാക്കള്‍ മത്സരിക്കുന്ന ജില്ലയില്‍ അവരുടെ ഒപ്പം മത്സരിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമെന്നു കരുതുന്നു. ബിജെപി നഗരസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷസ്ഥാനത്ത് വന്ന സ്ഥലമാണിത്. മണ്ഡലത്തില്‍തന്നെ പത്ത് കൗണ്‍സിലര്‍മാര്‍ ബിജെപിക്കുണ്ട്. യാതൊന്നും ആഗ്രഹിക്കാതെ ചോര നീരാക്കി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്ന പ്രവര്‍ത്തകരാണ് ഇവിടെയുള്ളത്.
ശ്രീശാന്തിന് രാഷ്ട്രീയപാരമ്പര്യമില്ല,‘ഔട്ട്സൈഡര്’ ആണ് തുടങ്ങിയ ആരോപണങ്ങള്‍ ?
ഞാന്‍ ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ചും എതിരാളികളെക്കുറിച്ചും മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഞാനൊരു മലയാളിയാണ്. അതിലുപരി ഭാരതീയനാണ്. ഞാന്‍ ലോകകപ്പില്‍ കളിച്ചപ്പോള്‍ കൊച്ചിക്കാരന് ശ്രീശാന്ത് എന്നോ കോഴിക്കോട്ടുകാരന് ശ്രീശാന്ത് എന്നോ ഒന്നുമല്ല അറിയപ്പെട്ടിരുന്നത്. മലയാളി താരം ശ്രീശാന്ത് എന്നാണ്. എന്റെ 16-ാമത്തെ വയസ്സില്‍ സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ കളിച്ചുതുടങ്ങിയത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍നിന്നാണ്. അണ്ടര്‍ 19 മത്സരങ്ങള്‍ കളിച്ചതും ഇവിടെയാണ്. എത്രയോ തവണ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. വല്യമ്മ താമസിക്കുന്നത് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിനു സമീപമാണ്. ശ്രീശാന്ത് എന്ന ക്രിക്കറ്ററുടെ വളര്‍ച്ച തിരുവനന്തപുരത്തുനിന്നാണ്.
രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞാല്‍ ഏതൊരാള്‍ക്കും ഒരു തുടക്കമുണ്ടാകണം. 2000ത്തില്‍ ഞാന്‍ എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ 45 വയസിനുശേഷം പൊതുജനസേവനരംഗത്തേക്കുവരുമെന്നു എഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 33-ാം വയസില്‍ ഈ രംഗത്തേക്കുവന്നു. കുട്ടിക്കാലം മുതല്‍ അച്ഛനില്‍ നിന്നും അറിഞ്ഞ രാഷ്ട്രീയത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു കാഴ്ചപ്പാടുണ്ട്. വീട്ടിലെ രാഷ്ട്രീയ ചര്ച്ചകളില്നിന്നുള്ള അറിവുകളുമുണ്ട്. എത്രയോപേര്‍ വര്‍ഷങ്ങളായി ആരുമറിയാതെ സേവനരംഗത്തും രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കൊന്നും അറിവില്ല എന്നുപറഞ്ഞാല്‍ അത് നമ്മുടെ അറിവില്ലായ്മയാകും. ഏതൊരു വ്യക്തിക്കും ഒരവസരം കിട്ടിയാല്‍ അല്ലേ പഠിക്കാനാവൂ. ഞാന്‍ അണ്ടര്‍ 19 ല്‍ ഭാരതത്തിനുവേണ്ടി കളിച്ചിട്ടില്ല. പക്ഷേ ലോകകപ്പ് ജയിച്ച ടീമിന്റെ ഭാഗമായിട്ടുണ്ട്. അതുപോലെതന്നെയാണ് രാഷ്ട്രീയവും. എനിക്കുമുന്നില്‍ 40-50 വര്‍ഷങ്ങളുണ്ട്. പിന്നെ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ വര്‍ഷങ്ങളുടെ രാഷ്ട്രീയപാരമ്പര്യം വേണമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. വാക്കുകളിലും വാഗ്ദാനങ്ങളിലുമല്ല, പ്രവൃത്തിയിലാണ് കാര്യം. ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള നല്ല മനസുണ്ടായാല്‍ മാത്രം മതി.
ജീന്‍സും ഷര്‍ട്ടുമിട്ട് പ്രചരണം, കുട്ടികളോടൊത്ത്ക്രിക്കറ്റ് കളി, സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍?
എനിക്ക് അഭിനയം വശമില്ല. ഞാന്‍ മുണ്ട് ധരിക്കുക അമ്പലത്തില്‍ പോകുമ്പോള്‍ മാത്രമാണ്. വേഷത്തിലാണോ കാര്യം. ഞാന്‍ എന്റെ വസ്ത്രധാരണശൈലിയില്‍ പ്രചാരണത്തിനിറങ്ങുന്നു. എന്നെ സ്നേഹിക്കുന്നവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവരുമുണ്ട്. അവര്‍ എന്റെ വേഷം നോക്കിയല്ല എന്നെ സ്നേഹിച്ചത്. അവരുടെ സ്നേഹവും പ്രാര്‍ത്ഥനയും എനിക്കൊപ്പമുണ്ടാവും. കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ ക്രിക്കറ്ററാണ്. പ്രചാരണത്തിനിടെ യുവാക്കളും കുട്ടികളും എന്നോടൊപ്പം കളിക്കണമെന്ന് ആഗ്രഹിക്കുന്നു. ഞാനത് ആസ്വാദിക്കുന്നു. അതുപറ്റില്ലെന്നു പറയാന്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന എനിക്കാവില്ല.
പ്രതിസന്ധികളില്‍ നിന്ന് ശ്രീശാന്ത്മനസ്സിലാക്കിയ പാഠം?
രക്തബന്ധത്തേക്കാള്‍ വലുത് മറ്റൊന്നില്ല എന്ന സത്യം. എന്റെ പ്രതിസന്ധിഘട്ടത്തില്‍ എന്നോടൊപ്പം നിന്ന മാതാപിതാക്കള്‍. മറക്കാനാവാത്ത പിന്തുണയാണ് എന്റെ ഭാര്യാകുടുംബത്തില്നിന്നുണ്ടായത്. ഭുവനേശ്വരിയും കുടുംബവും എന്നെ അവിശ്വസിച്ചില്ല. അവര്‍ എനിക്കൊപ്പമുണ്ടായിരുന്നു. മറ്റൊരു പാഠം ഒരാള്‍ എതിര്ത്തുപറഞ്ഞാല് എല്ലാവരും അങ്ങനെയായിരിക്കും എന്ന മുന്‍വിധി പാടില്ല എന്നത് പ്രത്യേകിച്ച് മലയാളികളുടെ പ്രത്യേകത എല്ലാത്തിലും വിമര്‍ശനം കണ്ടെത്താന്‍ ശ്രമിക്കും എന്നതാണ്. എന്നാല്‍ എല്ലാ മലയാളികളും അങ്ങനെയാണ് എന്ന മുന്വിധിയുണ്ടാവരുത്. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാന്‍ ശ്രമിക്കണം. ജീവിതത്തില്‍ എന്തു സംഭവിച്ചാലും തളരാതെ അതിനെ മറികടക്കാന്‍ ശ്രമിക്കണം.
രാഷ്ട്രീയത്തിലെ മാതൃക
ഏതൊരു ഭാരതീയന്റെയും ജീവിതത്തിെല മാതൃകാ പുരുഷന് രാഷ്ട്രപിതാവായിരിക്കും. രാഷ്ട്രീയത്തില്‍ എനിക്കെന്നല്ല, ഇന്നത്തെ യുവതലമുറയ്ക്കു മുഴുവന്‍ മാതൃക നരേന്ദ്രമോദിയാണ്. അദ്ദേഹത്തെപോലെ മികവുറ്റ ഭരണാധികാരി വേറെയുണ്ടാവില്ല. മോദിയുടെ ജീവിതവും ഉയര്‍ച്ചയും തന്നെ യുവാക്കള്‍ക്ക് മാതൃകയാണ്.
കളിക്കളത്തിലെ ചൂടനായ ശ്രീ?
കളിക്കളത്തില്‍ ദേഷ്യക്കാരനൊന്നുമല്ല ഞാന്‍. ഗ്രൗണ്ടില്‍ മാതൃദേശത്തിനുവേണ്ടിയാണ് കളിക്കുന്നത്. ആ വാശിയും വൈരാഗ്യവുമുണ്ടാകും. അത് എന്റെ വികാരമാണ്. മാതൃരാജ്യത്തെ ചോദ്യം ചെയ്താല്‍ ഏത് ദേശസ്നേഹിയും പ്രതികരിക്കും. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ സ്വാഭാവികമായും വികാരമുണ്ടാകും. അതിനെ കുറ്റം പറയുന്നവരോട് എനിക്ക് ഒന്നും പറയാനില്ല.
ക്രിക്കറ്റ് ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍?
2007ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിലെ അവസാന ഓവര്‍ മറക്കാനാവില്ല. ആ ക്യാച്ച് വിട്ടിരുന്നെങ്കിലുള്ള അവസ്ഥ ഓര്‍ക്കാനാവില്ല. മറ്റൊന്ന് 2011ല്‍ 158.7 കിലോമീറ്റര്‍ വേഗത്തില്‍ എനിക്ക് ബോളെറിയാന്‍ പറ്റിയത്. ഭാരതത്തിലെ ഒരു ബൗളറുടെ ഏറ്റവും മികച്ച വേഗമായിരുന്നു അത്.
ടെന്‍ഷന്‍ ഉണ്ടാക്കുന്ന ബാറ്റ്സ്മാന്?
ഒരാള്‍ മാത്രമേയുള്ളൂ, സച്ചിന് ടെണ്ടുല്‍ക്കര്‍. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലെ ചില മത്സരങ്ങളിലും സച്ചിനെതിരെ പന്തെറിഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ തവണ ഔട്ടാക്കിയിട്ടുണ്ട്. ഔട്ടാക്കിയപ്പോഴെല്ലാം ആവേശം കാണിച്ചുവെങ്കിലും സച്ചിന് കുറച്ചുനേരംകൂടി ക്രീസിലുണ്ടായിരുന്നുവെങ്കില്‍ എന്ന് മനസില്‍ തോന്നിയിരുന്നു. അതൊരു ബഹുമാനമാണ്. അതുണ്ടാക്കുന്ന ടെന്‍ഷന്‍ ചില്ലറയല്ല. മറ്റെല്ലാ ബാറ്റ്സ്മാന്മാരും ഒരുപോലെയാണ്. ഹെല്‍മറ്റ് അണിഞ്ഞുനില്‍ക്കുന്ന ബാറ്റ്സ്മാന് എന്നതു മാത്രമേ പരിഗണിച്ചിട്ടുള്ളൂ.
ക്രിക്കറ്റ്, സിനിമ, സംഗീതം, രാഷ്ട്രീയം?
ക്രിക്കറ്റ് തുടരുമോ എന്നു ചോദിച്ചാല്‍ ഇനി പൂര്‍ണസമയ ക്രിക്കറ്റ് ഉണ്ടാവില്ല. ഉത്തരവാദിത്തമുള്ള മേഖലയാണ് രാഷ്ട്രീയ പ്രവര്‍ത്തനം. അവിടെ വ്യക്തി താല്പര്യങ്ങള്ക്ക് പ്രാധാന്യമില്ല. സാധാരണക്കാര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
സിനിമകള്‍?
ബോളിവുഡ് സിനിമയായ പൂജാഭട്ടിന്റെ കാബറേ മേയ് ആറിന് റിലീസ് ആവും. ഒരു മലയാളിയുടെ വേഷമാണ് ചിത്രത്തില്‍. നീലകണ്ഠന് ചേട്ടന് എന്നാണ് കഥാപാത്രത്തിന്റെ പേര്. റിച്ചാ ഛദ്ദയാണ് നായിക. മലയാളത്തില്‍ ടീം ഫൈവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്. നിക്കി ഗല്‍റാണിയാണ് നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: