കല്‍പ്പറ്റ : വിവിധ ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വാങ്ങാനെത്തുന്നവരോട് ജീവനക്കാര്‍ മോശമായി പെരുമാറരുതെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്ക് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യം കൈപ്പറ്റാനെത്തുമ്പോള്‍ ഉദ്യോഗസ്ഥരില്‍ നിന്നും മോശമായ അനുഭവം നേരിടുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. നാഷണല്‍ ട്രസ്റ്റ് ജില്ലാ ലോക്കല്‍ ലെവല്‍ കമ്മിറ്റി സിറ്റിങ്ങിലാണ് പരാതി ലഭിച്ചത്. ഇത്തരത്തിലുള്ള പരാതി ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നതെന്നും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സ് പൂര്‍ത്തിയായവരില്‍ നിയമ പരമായ രക്ഷാ കര്‍തൃത്വ സര്‍ട്ടിഫിക്കറ്റ് (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്) ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വികലാംഗ പെന്ഷന് ബാങ്കു വഴി ലഭിക്കണമെങ്കില്‍ നിയമ പരമായ രക്ഷാ കര്‍തൃത്വ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 31 കേസുകള്‍ തീര്‍പ്പാക്കി. ആക്ടിങ് കണ്‍വീനര്‍ എം. സുകുമാരന്‍, അംഗം ലൂക്ക, ജില്ലാ ലീഗല്‍ ഓഫീസര്‍ എന്‍. ജീവന്, അഡ്വ. വെങ്കിട സുബ്രഹ്മണ്യന്, ഡിവൈ.എസ്.പി പ്രിന്‍സ് പൗലോസ്, ജില്ലാ രജിസ്ട്രാര്‍ നവാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജയേഷ് പി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: