തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു ലക്ഷം രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് കൊടുത്തു. ധര്‍മടം നിയോജകമണ്ഡലത്തിലെ പ്രസംഗത്തിലും തുടര്‍ന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളിലും വിഎസ് നടത്തിയ ആരോപണം അടിസ്ഥാനരഹിതവും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി 31 അഴിമതിക്കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസഭാംഗങ്ങള്‍ മൊത്തം 136 കേസുകള്‍ നേരിടുന്നു എന്നുമായിരുന്നു വിഎസിന്റെ ആരോപണം. ഐപിസി സെക്ഷന്‍ 188, 171 ജി എന്നിവ പ്രകാരം പ്രതിപക്ഷ നേതാവിനെതിരെ അനേ്വഷണത്തിന് ഉത്തരവിടണമെന്നാണ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ നാറുന്ന അഴിമതിക്കേസുകളുടെ സത്യസന്ധമായ വിവരങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി താന്‍ നടത്തുന്ന പ്രസംഗങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നതു കണ്ട് വിറളിപൂണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് വിഎസ് തിരിച്ചടിച്ചു. അഴിമതികള്‍ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. അതിന് തടയിടാന്‍ വേണ്ടി തന്റെ നാവു ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മന്‍ചാണ്ടി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: