തിരുവനന്തപുരം: കോണ്‍ഗ്രസ് സിപിഎം നേതാക്കളുടെ പ്രസ്താവനാ യുദ്ധം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും കബളിപ്പിക്കാനുമുള്ള വൃഥാശ്രമമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.
രാജ്യത്താകമാനം ഒരു നയമോ പരിപാടിയോ ഇല്ലാത്തവരാണ് രണ്ടു കക്ഷികളും. കേരളത്തില്‍ ശത്രുക്കളെപ്പോലെ പോരടിക്കുന്നതായി തോന്നിപ്പിക്കുമെങ്കിലും പശ്ചിമബംഗാളില്‍ ഇവര്‍ ഉറ്റമിത്രങ്ങളാണ്. പശ്ചിമബംഗാളിലെ ബാന്ധവം മറച്ചു വയ്ക്കാനുള്ള അടവുനയമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും കുമ്മനം ചൂണ്ടിക്കാട്ടി. കൊലക്കേസുകളില്‍ അകപ്പെട്ട് കോടതി വിലക്കിയതിനെ തുടര്‍ന്ന് സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാത്ത സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന് മറ്റ് ജില്ലകളിലും അക്രമത്തിന്റെ സംഘാടകനായി മാറുകയാണ്.
കടം തിരിച്ചു നല്‍കുന്നവരാണ് സിപിഎമ്മുകാരെന്നാണ് ജയരാജന് അവകാശപ്പെടുന്നത്. പലിശയടക്കം കടം തിരിച്ചു നല്‍കുന്നവരും കേരളത്തിലുണ്ടെന്ന് ജയരാജന് മനസ്സിലാക്കണമെന്നും കുമ്മനം ഉപദേശിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അക്രമരാഷ്ട്രീയത്തിനാണ് സിപിഎം അരങ്ങൊരുക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ പങ്കും ചെറുതല്ല.
പരാജയ ഭീതിയിലാണ്ട കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണ്. ഇരുകക്ഷികളും ബിജെപി ജയിക്കാന്‍ സാദ്ധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം ഒത്തുകളി രാഷ്ട്രീയം ആവര്‍ത്തിക്കാന്‍ നോക്കുകയാണ്. ഈ കള്ളക്കളി ജനം തിരിച്ചറിയും. നേതാക്കളുടെ ആഗ്രഹം തൃണവത്ഗണിച്ച് ഇരു മുന്നണികളിലെയും അണികള്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമായ നിലപാടെടുക്കുമെന്നും കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: