പൂനെ: നാലാം ജയത്തോടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്‍ ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തേക്കു കയറി. ആവേശകരമായ മത്സരത്തില്‍ മൂന്നു പന്ത് ശേഷിക്കെ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിനെ രണ്ടു വിക്കറ്റിനു കീഴടക്കി കൊല്‍ക്കത്ത. സ്‌കോര്‍: പൂനെ സൂപ്പര്‍ജയന്റ്‌സ് – 160/5 (20), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് – 162/8 (19.3). അഞ്ചു കളികളില്‍ എട്ടു പോയിന്റായി കൊല്‍ക്കത്തയ്‌ക്ക്. ഗുജറാത്ത് ലയണ്‍സിനു ഇതേ പോയിന്റെങ്കിലും റണ്‍ശരാശരിയില്‍ കൊല്‍ക്കത്ത ഒന്നാമത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന പൂനെയെ മികച്ച സ്‌കോറിലേക്കു നയിച്ചത് ഓപ്പണര്‍ അജിങ്ക്യ രഹാനെയുടെ അര്‍ധശതകം. 52 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സറും സഹിതം 67 റണ്‍സെടുത്തു രഹാനെ. സ്റ്റീവന്‍ സ്മിത്ത് (31), നായകന്‍ എം.എസ്. ധോണി (23 നോട്ടൗട്ട്), ആല്‍ബി മോര്‍ക്കല്‍ (16), തിസര പെരേര (12) എന്നിവരും രണ്ടക്കം കണ്ടു. സുനില്‍ നരെയ്ന്‍, ഷാക്കിബ് അല്‍ ഹസന്‍, ആര്‍. സതീഷ്, ഉമേഷ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
ടീമിനെ തുടര്‍ വിജയങ്ങളിലേക്കു നയിക്കുന്ന ഓപ്പണര്‍മാര്‍ നായകന്‍ ഗൗതം ഗംഭീറും (11), റോബിന്‍ ഉത്തപ്പയും (പൂജ്യം) വേഗത്തില്‍ മടങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ പ്രകടനം കൊല്‍ക്കത്തയെ ജയത്തിലേക്കു നയിച്ചു. 49 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സറുമടക്കം 60 റണ്‍സെടുത്തു സൂര്യകുമാര്‍. മധ്യനിരയില്‍ യൂസഫ് പഠാന്‍ (36), ആന്ദ്രെ റസല്‍ (17), ആര്‍. സതീഷ് (10) എന്നിവരും പൊരുതി. അവസാന ഓവറില്‍ സിക്‌സര്‍ നേടി ഉമേഷ് യാദവ് കൊല്‍ക്കത്തയ്‌ക്ക് ജയം സമ്മാനിച്ചു. പൂനെയുടെ ആല്‍ബി മോര്‍ക്കല്‍, തിസര പെരേര, രജത് ഭാട്ടിയ എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: