പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജില്ലയില്‍ ഇന്നലെ ആറ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. നിയമസഭാ മണ്ഡലങ്ങളായ തിരുവല്ലയിലും അടൂരിലും രണ്ടു വീതവും റാന്നിയിലും ആറന്മുളയിലും ഓരോ സ്ഥാനാര്‍ഥികളും പത്രിക നല്കി. തിരുവല്ലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തിരുവല്ല തുകലശേരി കുഴിക്കാട്ടില്ലം അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് (52) നാമനിര്‍ദ്ദേശ പത്രിക നല്കി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും 2.15നും ഇടയില്‍ വരണാധികാരി സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്റെ ഓഫീസിലെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.ശ്രീവല്ലഭക്ഷേത്രത്തിലെ ഉച്ചപൂജതൊഴുതശേഷം ജില്ലയിലെ മുതിര്‍ന്ന പ്രവര്‍ത്തകനും ജനസംഘം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വിഷ്ണുനമ്പൂതിരിയുടെ അനുഗ്രഹങ്ങളും എറ്റുവാങ്ങി ബിജെപി ബഡിജെഎസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് അക്കീരമണ്‍ കാളിദാസഭട്ടതിരി എത്തിയത്.
ബിജെപി സംസ്ഥാന ട്രഷറര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ,ജില്ല അദ്ധ്യക്ഷന്‍ അശോകന്‍കുളനട,ജനറല്‍ സെക്രട്ടറി അഡ്വ.എസ്.എന്‍ ഹരികൃഷ്ണന്,ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ജി.വിനു,ബിഡിജെഎസ് ജില്ലാ ട്രഷാര്‍ ഡോ.സുരേഷ്ബിജെപി ജില്ലാസെക്രട്ടറിമാരായ ജി.നരേഷ്കുമാര്‍,വിജയകുമാര്‍മണിപ്പുഴ,നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം,ജനറല്‍ സെക്രട്ടറി കെ.കെ രാമകൃഷ്ണപിള്ള,ബിഡിജെഎസ്നിയോജകമണ്ഡലം പ്രസിഡന്റ് റെജിപൊടിയാടി.ജനറല്‍ സെക്രട്ടറി കെ.എ.ഭാസ്കരന് വൈസ്പ്രസിഡന്റ് സനല്‍ പൊടിയാടി, എന്നിവര്‍ പങ്കെടുത്തു.
തിരുവല്ല മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഫെബി ഈപ്പന് ചെറിയാനും (38),പത്രിക നല്കി. അടൂര്‍ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി ചിറ്റയം ഗോപകുമാറും (50), ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ.കെ. ഷാജുവും (53) ആറന്മുള മണ്ഡലത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഡ്വ.കെ.ശിവദാസന്‍ നായരും (67) പത്രിക നല്കി.
റാന്നി മണ്ഡലത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മറിയാമ്മ ചെറിയാനും (70) പത്രിക നല്കി. ഫെബി ഈപ്പന്, എം.കാളിദാസന്, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഓരോ സെറ്റ് വീതം പത്രികയാണ് നല്‍കിയത്. ഷാജു നാലു സെറ്റും അഡ്വ.ശിവദാസന്‍ നായരും മറിയാമ്മ ചെറിയാനും മൂന്നു സെറ്റ് വീതവും പത്രികയാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: