വിശപ്പ് മൂലം ഒരു ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി രാവിലെ വാര്‍ത്ത വരുന്നു. സന്ധ്യക്ക് മുന്‍പ് മാധ്യമങ്ങളും പോലീസും ഒക്കെക്കൂടി അന്വേഷിച്ച് അത് പട്ടിണി മരണമേ അല്ലെന്ന് സ്ഥിരീകരിക്കുന്നു. കേസ് ക്ലോസ്ഡ്.
മൂന്ന് മാസമായി രോഹിത് വെമുല ആത്മഹത്യ ചെയ്തിട്ട്.
257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടനങ്ങളുടെ സൂത്രധാരരില്‍ ഒരാള്‍ എന്ന് കണ്ടെത്തി രാജ്യത്തെ പരമോന്നത കോടതി വധശിക്ഷയ്ക്ക് വിധിച്ച യാക്കൂബ് മേമന് എന്ന ഭീകരവാദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയതിനും, അതിന്റെ പേരില്‍ അവരെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചതിനും സുശീല്‍കുമാര്‍ എന്ന എബിവിപി നേതാവിനെ കൂട്ടാളികളെയും കൂട്ടി രാത്രി ഹോസ്റ്റല്‍ റൂമില്‍ കൈയേറ്റം ചെയ്തതിനുമാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് വെമുലയും മറ്റു നാല് വിദ്യാര്‍ഥികളും സസ്പെന്‍ഡ് ചെയ്യപ്പെടുന്നത്.
സെപ്തംബറില്‍ പ്രഖ്യാപിച്ച സസ്പെന്ഷന് വിശദമായ അന്വേഷണത്തിനൊടുവില്‍ ഡിസംബറില്‍ സ്ഥിരീകരിക്കപ്പെട്ടു.
ഇതിനെതിരായി നടത്തിവന്ന റിലേ നിരാഹാര സമരം തുടരുന്നതിനിടേ, തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നവസാനിക്കുന്നൊരു കുറിപ്പെഴുതി വെച്ച്, ജനുവരി 17ന് രോഹിത് ആത്മഹത്യ ചെയ്തു. അതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രോഹിത് വെമുലയുടെ ആത്മഹത്യ, ദളിത് ആത്മഹത്യയായി.
പിന്നെയത്, ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന കൊലപാതകമായി.
സസ്പെന്ഷന് നടപടിപോലും ദളിത് പീഡനമായി. രോഹിത് ദളിതനല്ല, ഒബിസി വിഭാഗത്തില്‍ പെടുന്ന വദേര സമുദായാംഗമാണ് എന്ന് സ്വന്തം പിതാവ് മണികുമാര്‍ വെമുല തന്നെ സാക്ഷ്യപ്പെടുത്തി. രോഹിതിന്റെ സഹോദരനായ രാജ്കുമാര് ചൈതന്യയുടെ ജാതി സര്‍ട്ടിഫിക്കറ്റില്‍ അയാളുടെ സമുദായം ‘വദേര’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന വസ്തുത രേഖകള്‍ സഹിതം പുറത്ത് വന്നു. രോഹിത് ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിക്കാനായി കൃത്രിമ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയായിരുന്നു എന്ന് തെലങ്കാന പോലീസ് കണ്ടെത്തി. അത് തെലങ്കാന ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്ഡി നിയമസഭയില്‍ പ്രസ്താവിച്ചു. ഇതിനൊക്കെ ശേഷവും ദളിതനല്ലാത്ത രോഹിത് വെമുലയുടെ മരണം നമ്മുടെ മാധ്യമങ്ങള്‍ക്കിപ്പോഴും ദളിത് ആത്മഹത്യയാണ്. പ്രതിഷേധങ്ങള്‍ മൂന്ന് മാസങ്ങള്‍ക്കിപ്പുറവും തുടരുക തന്നെയാണ്.
എന്നാല്‍, പേരാവൂരിലെ ശ്രുതിമോളുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ഒരു പകലിന്റെ ആയുസ്സ് മാത്രമാണുണ്ടായത്. അത്പട്ടിണി മരണമല്ലെന്ന് സ്ഥാപിക്കാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അതിവ്യഗ്രത തന്നെ കാണിച്ചില്ലേ എന്നാരെങ്കിലും സംശയിച്ചു പോയാല്‍ തെറ്റുപറയാന്‍ പറ്റില്ല. അത്ര സമര്‍പ്പിതമായ പരിശ്രമമാണ് അവര്‍ കാഴ്ച്ച വെച്ചത്.
വാര്‍ത്താവതരണത്തിന്റെ പരമ്പരാഗത രീതികളും ശൈലികളും ഉപേക്ഷിച്ച ചാനലുകളില്‍ ചീഫ് എഡിറ്റര്‍മാര്‍ നേരിട്ട് വന്നു പ്രേക്ഷകരോട് സംസാരിക്കുന്ന കൗതുകം നമ്മള് കണ്ടു. മകള്‍ മരിച്ചു മണിക്കൂര്‍കള്‍ക്കകം അച്ഛന് ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന പുതുമ നമ്മള് കണ്ടു. മരണം നടന്ന വീട്ടിന്റെ അടുക്കളയില്‍ കേറി അരിയുടെയും ഉപ്പിന്റെയും അളവെടുക്കുന്ന നിലയിലെത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനവും കണ്ടു. ഇതൊരു പട്ടിണി മരണമാണെന്ന് ഒരാള്‍ പോലും വിശ്വസിച്ചു പോവരുതെന്നു അത്രമേല്‍ ഇവര്‍ക്ക് നിര്‍ബന്ധമുണ്ടാവാന്‍ എന്തായിരിക്കാം കാരണം? ജനങ്ങളെ സത്യം അറിയിക്കുക എന്ന മാധ്യമ ധര്‍മ്മം മാത്രമാണോ? എങ്കിലത് രോഹിത് വെമുലയുടെ ആത്മഹത്യാ വിഷയത്തില്‍ എന്തേ ഉണ്ടായിരുന്നില്ല?
അവിടെയിവര്‍ ബോധപൂര്‍വ്വം വാസ്തവം മൂടിവെച്ച്, അസത്യങ്ങള്‍ പ്രചരിപ്പിക്കുകയല്ലേ ചെയ്തത്?
കാരണമുണ്ട്. രോഹിത് വെമുല കേന്ദ്രത്തിലെ ബിജെപി-നരേന്ദ്ര മോദി സര്‍ക്കാരിനെ ആക്രമിക്കാനുള്ള ആയുധമായിരുന്നു. പക്ഷെ കേരളത്തിലെ പേരാവൂരിലെ ശ്രുതിമോളുടെ കാര്യത്തില്‍ പ്രതിസ്ഥാനത്ത് വരിക കേരളം ഇക്കാലമത്രയും മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ്.
അതിനാല്‍ ദളിതനല്ലാത്ത വെമുലയുടെ മരണം, ദളിത് മരണമായിത്തന്നെ തുടരേണ്ടതുണ്ട്.
വനവാസി വിഭാഗത്തില്‍പെട്ട ശ്രുതിമോളുടെ മരണം, അതെന്തു കാരണംകൊണ്ടായാലും അവളുടെ സ്വത്വത്തെയും സമുദായത്തെയും പറ്റി ഒരു ചര്‍ച്ചയുമുയര്‍ത്താത്ത വെറുമൊരു കൗമാരചാപല്യം മാത്രമാവേണ്ടതുമുണ്ട്. ‘എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന്’ എഴുതി വെച്ച് മരിച്ച വെമുലയുടെ ആത്മഹത്യക്ക് സ്മൃതി ഇറാനിയെ തന്നെ നേരിട്ട് ഉത്തരവാദിയാക്കേണ്ടതുണ്ട്. അതേസമയം ‘ഇനിയും വിശപ്പ് സഹിക്കാന്‍ പറ്റില്ല’ എന്നെഴുതി വെച്ച് മരിച്ച ശ്രുതിമോളുടെ ആത്മഹത്യക്ക് വിശപ്പൊരു കാരണമേ അല്ല എന്ന് സ്ഥാപിക്കേണ്ടതുണ്ട്.
എന്തെന്നാല്‍ വെമുലയുടെ മരണം സ്വന്തം പ്രവൃത്തികള്‍ മൂലം സസ്പെന്‍ഡ് ചെയ്യപ്പെട്ടതിലെ നിരാശയോടുള്ള അതിവൈകാരികവും ബുദ്ധിശൂന്യവുമായ പ്രതികരണമായിരുന്നു എന്ന് സമ്മതിച്ചാല്‍ നഷ്ട്ടപ്പെടുന്നത്, മോദി സര്‍ക്കാരിനെ അലോസരപ്പെടുത്താന്‍ രാജ്യത്തെ കാമ്പസുകളെ കലാപഭൂമികളാക്കി മാറ്റാനുളള അവസരമാണ്.
ശ്രുതിമോളുടെ മരണം പട്ടിണി മരണമായിരുന്നു എന്ന് വന്നാലത് തെളിയിക്കുന്നത്, ഇന്നാട്ടിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ തുടരെ തുടരെ ഭരണം കൈയാളിയവര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും, അതിനാല്‍ തന്നെ ഇവിടെയൊരു രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്നുമുള്ള വസ്തുതയാണ്.
കേരള മോഡല്‍ വികസനം എന്നൊരു മിത്തുണ്ടിവിടെ.
ഇടതു വലതു മുന്നണികള്‍ സംയുക്തമായി സൃഷ്ട്ടിച്ചൊരു കെട്ടുകഥ. ആ പെരും നുണയുടെ കടയ്ക്കല്‍ തന്നെയാണ് ശ്രുതിമോളെ പോലുള്ള കുട്ടികള്‍ ആഞ്ഞു വെട്ടുന്നത്. കാരണം ശ്രുതിമോളുടേത് പട്ടിണി മരണമാണെങ്കില്‍ തകരുന്നത്, കേരള മോഡല്‍ വികസനം എന്ന കെട്ടുകഥ തന്നെയാണല്ലോ.
60 കൊല്ലം മാറി മാറി ഭരിച്ച മുന്നണികള്‍ വീമ്പിളക്കുന്ന കേരള മോഡല്‍ ഒരു പരാജയമാണ് എന്ന് ജനങ്ങള്‍ പറഞ്ഞേക്കും. അവര്‍ മാറി ചിന്തിച്ചേക്കും. അത് തടയാന്‍ എന്ത് വില കൊടുത്തും ഈ ആത്മഹത്യ പട്ടിണി മരണമല്ലെന്ന് സ്ഥാപിച്ചേ മതിയാകൂ. അതിന്പ്രവര്ത്തിക്കാന് ഇരുമുന്നണികളും അവരുടെ ദാസ്യവൃന്ദവും ബാധ്യസ്ഥരാണ്. അപ്പോള്‍ അരിച്ചാക്ക് പ്രത്യക്ഷപ്പെടും. അയ്യായിരത്തിന്റെ സൈക്കിള്‍ എവിടെ നിന്നെങ്കിലും ഉരുണ്ട് വരും. മരണ കാരണം വിശപ്പേ അല്ലെന്ന് തെളിയും. വിശപ്പ് സഹിക്കാതെ തൂങ്ങി മരിക്കുന്ന കുട്ടി നമ്മളെ വല്ലാതെ ആലോസരപ്പെടുത്തുന്നതിനാലും, മറ്റെന്തെങ്കിലുമായിരുന്നു മരണ കാരണം എന്ന് വിശ്വസിക്കാനാണ് നമുക്കും ഇഷ്ട്ടം എന്നതിനാലും നമ്മളതൊക്കെ വെള്ളം തൊടാതെ വിഴുങ്ങും. തുടരന്വേഷണങ്ങളില്ലാതെ, തുടര്‍ചര്‍ച്ചകളില്ലാതെ, പ്രതിഷേധങ്ങള്‍ക്കോ പുനര്‍വിചിന്തനങ്ങള്‍ക്കോ പഴുത് നല്‍കാതെ ആ വിഷയം അവസാനിക്കും.
ശ്രുതിമോള്‍ മരിച്ചത് വിശന്നിട്ടുമല്ല, വിശക്കുന്ന കുട്ടികള്‍ ഈ നാട്ടിലുമില്ല.ആദിവാസികളെല്ലാം സുഖിച്ച് കഴിയുകയാണ്.
പക്ഷെ, സത്യത്തില്‍ ശ്രുതിമോള്‍ മരിച്ചത് വിശപ്പ് മൂലം തന്നെയാണോ അല്ലയോ എന്നത് തീര്‍ത്തും അപ്രസക്തമാണ്. കാരണം ശ്രുതിമോള്‍ ഒരു വ്യക്തിയല്ല.
അവളൊരു പ്രതീകം മാത്രമാണ്. ഇന്നാട്ടിലെ വിശക്കുന്ന ആദിവാസി കുഞ്ഞുങ്ങളുടെ പ്രതീകം.
അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികളെന്തെന്നൊരു ചര്‍ച്ച പൊതുസമൂഹത്തില്‍ ഉരുത്തിരിയാനുള്ള നിമിത്തമാകേണ്ടിയിരുന്നു യഥാര്‍ത്ഥത്തില്‍ ഈ ആത്മഹത്യ.
ദളിത് ജനതയുടെ ശാക്തീകണത്തെ പറ്റി ഒരക്ഷരം മിണ്ടാതെ, ഏതെങ്കിലുമൊരാളെ കൊണ്ട് രാജിവെപ്പിക്കുക എന്നത് മാത്രം ലക്ഷ്യമായി നിശ്ചയിക്കപ്പെട്ട, പ്രതികാര സ്വഭാവത്തിലുള്ള രോഹിത് വെമുല പ്രതിഷേധത്തിനല്ല,
നിരന്തരമായി അവഗണിക്കപ്പെടുന്ന ഒരു ചെറു വിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങളെ പറ്റിയുള്ള ചര്‍ച്ചയായി മാറുന്ന, പോസിറ്റീവ് സ്വഭാവമുള്ളോരു പ്രതിഷേധത്തിന് കാരണമാകേണ്ടതായിരുന്നു അത്.
പക്ഷേ, ഇടതിനെയും വലതിനേയും വഞ്ചകരെന്ന് വിളിച്ച് സി.കെ. ജാനുവടക്കമുള്ളവര്‍ ബിജെപി ചേരിയിലേക്ക് വന്നു കഴിഞ്ഞ സാഹചര്യത്തില്‍,
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാര്ശ്വവല്കൃത സമൂഹങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ഒരു മൂന്നാം രാഷ്ട്രീയം ഇവിടെയുണ്ടാവേണ്ടിയിരിക്കുന്നു എന്ന പൊതുബോധം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതിനാല്‍,
ഇത് ഇപ്പോള്‍ ഭരിക്കുന്നവരുടെ മാത്രം കുറ്റമാണെന്ന് ആരോപിച്ച്, ജയലക്ഷ്മിയും ഉമ്മന്‍ ചാണ്ടിയും രാജിവെയ്ക്കുക എന്ന് പറഞ്ഞൊരു പതിവ് സമര കലാപരിപാടിയിലൂടെ ആദിവാസി സമൂഹത്തെ വീണ്ടും കൂടെ കൂട്ടാം എന്ന ധരിച്ച ‘ദേശാഭിമാനി’ക്ക്, ഇവിടെയൊരു ബദല്‍ ബോധം ജനിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ നിമിഷങ്ങള്‍ക്കകം ബോധ്യപ്പെടുത്തി കൊടുക്കുക പോലും ചെയ്ത അവസ്ഥയില്‍,
ഇനിയങ്ങനെയൊരു ചര്‍ച്ചയ്ക്കു പോലും അവര്‍ ഒരുക്കമല്ല. ആദിവാസികളുടെ ദുരവസ്ഥയെ പറ്റിയുള്ള ചര്‍ച്ചകള്‍ നിലവില്‍ ബിജെപിയെ ആണ് സഹായിക്കുക എന്നതിനാല്‍, ആദിവാസികളെപ്പറ്റി ചര്‍ച്ചയേ വേണ്ട എന്നാണവരുടെ പക്ഷം. ഒരു മൂന്നാം ബദല്‍ വെല്ലുവിളിയായി നില്ക്കുന്നിടത്തോളം കാലം, കേരള മോഡല്‍ വികസനം എന്ന മിത്തിനെ അവര്‍ക്ക് നിലനിര്‍ത്തിയേ മതിയാകൂ.
കേരള മോഡല്‍ വികസനം എന്ന് മിത്ത് നിലനില്ക്കണമെങ്കില് ശ്രുതിമോളുടെത് ഉള്‍പ്പെടെയുള്ള ആത്മഹത്യകള്‍ പട്ടിണി മരണമല്ലെന്ന് സ്ഥാപിച്ചേ മതിയാകൂ. അതുകൊണ്ട് ശ്രുതിമോള്‍ മരിച്ചത് വിശന്നിട്ടുമല്ല, വിശക്കുന്ന കുട്ടികള്‍ ഈ നാട്ടിലുമില്ല.
ആദിവാസികളെല്ലാം സുഖിച്ച് കഴിയുകയാണ്.
കേസ് ക്ലോസ്ഡ്. ഹൊ! എന്തൊരു സ്പീഡ്, എന്തൊരു ഒരുമ!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: