കോഴിക്കോട്: ഷോപ്പ് തൊഴിലാളികളുടെ മിനിമം വേതനം അടിയന്തിരമായി പരിഷ്ക്കരിക്കണമെന്ന് കേരള വാണിജ്യവ്യവസായ മസ്ദൂര്‍ ഫെഡറേഷന് – ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി. ശശിധരന് ആവശ്യപ്പെട്ടു. മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന കോഴിക്കോട് ജില്ലാ വാണിജ്യവ്യവസായ മസ്ദൂര്‍ സംഘം – ബിഎംഎസ് ജില്ലാ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ജൂലൈയിലാണ് മിനിമം വേതനം പരിഷ്ക്കരിക്കേണ്ടിയിരുന്നത്. മിനിമം വേതനം പുതുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ഉപദേശകസമിതി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഇതു ചെവിക്കൊണ്ടില്ല. 2016 ഏപ്രില്‍ ആയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. തൊഴിലാളി സ്നേഹം പറയുന്ന ഇടതുകക്ഷികളും തൊഴിലാളി വിരുദ്ധ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഒരു ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കാന്‍ പോലും ഇടതു എംഎല്‍എമാര്‍ തയ്യാറായില്ല. ബിഎംഎസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ മാത്രമാണ് ഈ ആവശ്യമുന്നയിച്ച് നടന്നത്. തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമര രംഗത്ത് ഇറങ്ങിയാല്‍ ഏത് സര്‍ക്കാരിനും ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. കേരളത്തിലെ 25ലക്ഷത്തോളം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഒരു വോട്ട് ബാങ്കാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകും തൊഴിലാളികള്‍ ഒറ്റക്കെട്ടായി അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി സമരരംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് വാണിജ്യ വ്യവസായ മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റ് കാളക്കണ്ടി ബാലന് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷന് സംസ്ഥാന സെക്രട്ടറി പത്മിനി, ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ് എന്നിവര്‍ ആശംസ നേര്‍ന്നു. ഫെഡറേഷന് ജില്ലാ സെക്രട്ടറി കെ. ശ്രീകുമാര്‍ റിപ്പോര്‍ട്ടും സി. ഷിജില്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: