രാജ്കോട്ട്: നായകന് വിരാട് കോഹ്ലിയുടെ (100 നോട്ടൗട്ട്) ട്വന്റി20യിലെ ആദ്യ ശതകത്തിനും ടീമിന്റെ തോല്‍വി ഒഴിവാക്കാനായില്ല. വിരാടിന്റെ ശതകത്തിന് കൂട്ടായ്മയിലൂടെ മറുപടി നല്കിയപ്പോള് ഗുജറാത്ത് ലയണ്‍സിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആറു വിക്കറ്റ് ജയം.
സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 180/2 (20), ഗുജറാത്ത് ലയണ്‍സ് – 178/4 (19.2/20)
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള വിരാടിന്റെ തീരുമാനം പാളിയില്ല. ഓപ്പണറായി വിരാടിനൊപ്പമെത്തിയ ഷെയ്ന് വാട്സണിന് (ആറ്) പിഴച്ചു. എ.ബി. ഡിവില്ലേഴ്സിനും (20) കാര്യമായി പൊരുതാന്‍ കഴിയാതായതോടെ പതറിയെങ്കിലും കെ.എല്‍. രാഹുലിനൊപ്പം (51 നോട്ടൗട്ട്) വിരാട് ചലഞ്ചേഴ്സിനെ മികച്ച സ്കോറിലേക്കു നയിച്ചു. 63 പന്തില്‍ 11 ഫോറും ഒരു സിക്സറും സഹിതം വിരാട് കരിയറിലെ ആദ്യ ട്വന്റി20 സെഞ്ചുറി കുറിച്ചത്.
ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറിലെ അവസാന മൂന്നു പന്ത് രണ്ടു വട്ടം ബൗണ്ടറിയിലേക്കും ഒരു തവണ ഗ്യാലറിയിലേക്കും പറത്തി സെഞ്ചുറിയിലേക്കു കുതിച്ചു വിരാട്. ഓപ്പണര്‍ സ്ഥാനത്തു നിന്ന് മധ്യനിരയിലേക്കു മാറ്റാനുള്ള നായകന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന പ്രകടനമാണ് രാഹുല്‍ നടത്തിയത്. 35 പന്തില്‍ നാലു ഫോറും മൂന്നു സിക്സറും രാഹുലിന്റെ ഇന്നിങ്സില്‍. ധവാല്‍ കുല്‍ക്കര്‍ണിയും പ്രവീണ്‍ താംബെയുമാണ് ബാംഗ്ലൂരിന്റെ വിക്കറ്റുകള്‍ പങ്കിട്ടത്.
ശക്തമായ ബാറ്റിങ് നിരയുള്ള ഗുജറാത്ത് തെല്ലും ഭയക്കാതെ ലക്ഷ്യത്തിലേക്കു മുന്നേറി. ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തും ബ്രെണ്ടന്‍ മക്കല്ലവും മികച്ച തുടക്കം നല്കി. 21 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്സറുമടക്കം സ്മിത്ത് 32 റണ്‍സെടുത്തപ്പോള്‍, 24 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്സറും സഹിതം മക്കല്ലത്തിന് 42 റണ്‍സ്. ഇരുവരും മടങ്ങിയെങ്കിലും മധ്യനിരയില്‍ നങ്കൂരമിട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് കാര്‍ത്തിക് (50 നോട്ടൗട്ട്) ടീമിനെ ജയത്തിലേക്കു നയിച്ചു. 39 പന്തില്‍ മൂന്നു ഫോറുകളോടെ കാര്‍ത്തിക്കിന്റെ അര്‍ധശതകം.
നായകന് സുരേഷ് റെയ്നയും (24 പന്തില്‍ 28 റണ്‍സ്, മൂന്നു ഫോര്‍), രവീന്ദ്ര ജഡേജയും (12) പിന്തുണ നല്കി. അവസാന ഓവറില്‍ ജഡേജ മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ഡ്വെയ്ന്‍ ബ്രാവോ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി ഗുജറാത്തിന് ജയം നല്കി. വിരാടാണ് കളിയിലെ താരം.
അഞ്ചു കളികളിലെ നാലാം ജയം ഗുജറാത്തിനെ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തിച്ചു. എട്ടു പോയിന്റുണ്ട് ഗുജറാത്തിന്. അഞ്ചു കളികളില്‍ നാലാം തോല്‍വി ഏറ്റുവാങ്ങിയ ബാംഗ്ലൂര്‍ നാലു പോയിന്റോടെ അഞ്ചാമത്.
സ്കോര്‍ബോര്‍ഡ്
റോയല്‍ ചലഞ്ചേഴ്സ്
വിരാട് കോഹ്ലി നോട്ടൗട്ട് 100, ഷെയ്ന് വാട്സണ് സി ജഡേജ ബി കുല്‍ക്കര്‍ണി 6, എ.ബി. ഡിവില്ലേഴ്സ് സി റെയ്ന ബി താംബെ 20, കെ.എല്‍. രാഹുല്‍ നോട്ടൗട്ട് 51, എക്സ്ട്രാസ് 3, ആകെ 20 ഓവറില്‍ രണ്ടു വിക്കറ്റിന് 180
വിക്കറ്റ് വീഴ്ച: 1-8, 2-59
ബൗളിങ്: പ്രവീണ്‍ കുമാര്‍ 3-0-28-0, ധവാല്‍ കുല്‍ക്കര്‍ണി 4-0-39-1, പ്രവീണ്‍ താംബെ 3-0-24-1, ഷദാബ് ജകാതി 3-0-28-0, രവീന്ദ്ര ജഡേജ 3-0-17-0, ഡ്വെയ്ന്‍ ബ്രാവോ 4-0-43-0.
ഗുജറാത്ത് ലയണ്‍സ്
ഡ്വെയ്ന്‍ സ്മിത്ത് സി ഡിവില്ലേഴ്സ് ബി റിച്ചാര്ഡ്സണ് 32, ബ്രെണ്ടന്‍ മക്കല്ലം സി ആന്‍ഡ് ബി ഷംസി 42, സുരേഷ് റെയ്ന സി ഇഖ്ബാല്‍ അബ്ദുള്ള ബി ചഹല്‍ 28, ദിനേശ് കാര്‍ത്തിക് നോട്ടൗട്ട് 50, രവീന്ദ്ര ജഡേജ സി രാഹുല്‍ ബി വാട്സണ് 12, ഡ്വെയ്ന്‍ ബ്രാവോ നോട്ടൗട്ട് 4, എക്സ്ട്രാസ് 14, ആകെ 19.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182
വിക്കറ്റ് വീഴ്ച: 1-47, 2-87, 3-140, 4-178
ബൗളിങ്: ചഹല്‍ 4-0-33-1, കെയ്ന്‍ റിച്ചാര്ഡ്സണ് 4-0-53-1, ഇഖ്ബാല്‍ അബ്ദുള്ള 4-0-41-0, ഷെയ്ന് വാട്സണ് 3.3-0-31-1, തബ്രെയ്സ് ഷംസി 4-0-21-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: