സന്ധ്യയുടെ മുഖം കറുത്തുപോയൊരന്തിയില് വേലിയ്ക്കരികിലെ കരിമ്പനത്തലപ്പില്‍ നിന്നും കാലന് കോഴിയുടെ കൂവല്‍ കേട്ടു.
ഒപ്പം വടക്കെ അറയില്‍ നിന്നും മുത്തശ്ശിയുടെ ഇടറിയ സ്വരവും. ‘ കുഞ്ഞൂട്ടാ- എവിടേ നീയ്യ്. ശ്ശി നേരായിലോ ഞാന്‍ വിളിക്കുന്നു. എനിക്ക് വല്ലാത്ത ശ്വാസം മുട്ടല്‍. തൊണ്ട വരളുന്നു കുട്ട്യേ. ഇത്തിരി വെള്ളം തര്വോ നീയ്’.
വാട്സ് ആപ്പില്‍ അക്ഷരങ്ങളെ പ്രണയിച്ചുകൊണ്ടിരുന്ന കുഞ്ഞുകുട്ടന് അത് കേട്ടില്ല.
മുത്തശ്ശിയുടെ സ്വരം ഒന്നുകൂടി ദയനീയമായി.’ കുഞ്ഞൂട്ടാ കേള്‍ക്കുന്നുണ്ടോ നീയ്യ്. അമ്മേ ഒന്ന് വിളിയ്ക്വോ. എനിക്ക് വല്ലാത്ത ദാഹം‘.
ചാറ്റിങ്ങിനിടെ കുഞ്ഞുകുട്ടന് പറഞ്ഞു.
ഒന്ന് മിണ്ടാതെ കിടക്കുന്നുണ്ടോ അവിടെ. ഇവിടിപ്പോ അമ്മയൊന്നും ഇല്യ. തൊഴാല്‍ പോയിരിക്കുന്നു‘.
വീണ്ടും നേര്‍ത്ത് നേര്‍ത്ത് പോയ മുത്തശ്ശിയുടെ ശബ്ദം ചുമരുകള്‍ മാത്രം കേട്ടു.
കണ്ണും കാതും എന്നോ പോയി. ശരീരാണച്ചാ ഒന്നനക്കാന്‍ കൂടി വയ്യാതായി. എന്നിട്ടും എന്തിനാണീ നെഞ്ചത്തൊരു തുടിപ്പ്- ന്റെ കൃഷ്ണാ- നിനക്കും എന്നെ വേണ്ടാതായോ‘.
കുഞ്ഞുകുട്ടന് സന്ദേശങ്ങളയക്കുന്ന തിരക്കിലായിരുന്നു. അമ്മ എന്തിനോ വേണ്ടി തൊഴുന്ന തിരക്കലും. ആരും ഒന്നും കണ്ടില്ല…കേട്ടില്ല…
അപ്പോള്‍ അദൃശ്യമായൊരു തലോടലില്‍ മുത്തശ്ശിയുടെ ശരീരം തണുത്തു വിറങ്ങലിക്കുകയായിരുന്നു. വരിവരിയായി വന്ന ഉറുമ്പുകള്‍ മാത്രം ബന്ധുക്കളായി ചുറ്റും നിറഞ്ഞു.
ഇനിയെത്ര വ്യര്‍ത്ഥ ബന്ധങ്ങളാണ് തന്റെ കൂവലും കാത്തിരിക്കുന്നതെന്നോര്‍ത്ത് കാലന് കോഴിയും പറന്നകന്നു. ഒരു തുള്ളി ദാഹജലം തേടി മുത്തശ്ശിയുടെ ആത്മാവ് എങ്ങോ പോയി മറഞ്ഞപ്പോള്‍ ഭൂമിയില്‍ കൂരിരുട്ട് നിറഞ്ഞു. സ്നേഹം എന്ന വാക്കുപോലും അതില്‍ അപ്രത്യക്ഷമാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: