പത്തനംതിട്ട: വിമത ഭീഷണിയില്‍ യുഡിഎഫ് വലയുന്നു. തിരുവല്ലയിലും റാന്നിയിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ അതതു പാര്‍ട്ടികളില്‍പെട്ട പ്രമുഖര്‍തന്നെ വിമതരായി രംഗത്തുള്ളത്. തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസി (എം)ലെ ജോസഫ് എം. പുതുശേരിക്കെതിരെ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജു പുളിംപള്ളിലാണ് വിമതനായി രംഗത്തുള്ളത്. റാന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മറിയാമ്മ ചെറിയാനെതിരെ സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാനും മുന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായ ബെന്നി പുത്തന്‍പറമ്പിലാണ് വിമതനായി മത്സരിക്കുന്നത്.
യുഡിഎഫിനുള്ളിലെതന്നെ ചില പ്രമുഖ നേതാക്കളുടെ ഒത്താശയോടെയാണ് വിമതന്മാര് രംഗത്തെത്തിയതെന്നാണ് സൂചന.
റാന്നിയില്‍ സീറ്റ് ലഭിക്കുമെന്ന് കരുതിയിരുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ.ജയവര്‍മ്മ നേരത്തെതന്നെ പ്രതിഷേധവുമായി രംഗത്ത് എത്തുകയും യുഡിഎഫില്‍ സീറ്റ് നല്‍കുന്നത് ജാതിയും മതവും നോക്കിയാണെന്നും ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസിലെ റാന്നിയില്‍ അറിയപ്പെടുന്ന നേതാവുമായ ബെന്നി പുത്തന്‍പറമ്പില്‍ രംഗത്തെത്തിയത്. സീറ്റ് കിട്ടാതെ നിരാശരായ മാറുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്പിക്കുന്ന ചരിത്രമാണ് റാന്നിക്കുള്ളത്. 2006 ലും 2011 ലും റാന്നിയില്‍ മത്സരിച്ച അഡ്വ. പീലിപ്പോസ് തോമസ് ഈ കാലുവാരലിന്റെ ഇരയാണെന്ന് യുഡിഎഫ്കാര്‍ തന്നെ പറയുന്നു. മണ്ഡലത്തില്‍ വിജയസാധ്യത ഉണ്ടെന്നും ചില കക്ഷികളുടെ പിന്തുണ വാഗ്ദാനവും ഉണ്ടെന്നും ബെന്നി പുത്തന്‍പറമ്പില്‍ പറയുന്നു.
തിരുവല്ലയില്‍ ജോസഫ് എം. പുതുശേരി മത്സരിക്കുന്നതിനെതിരേ രാജ്യസഭാ ഉപാദ്ധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ പി.ജെ.കുര്യന്‍തന്നെ രംഗത്തെത്തിയിരുന്നു. ജോസഫ് എം.പുതുശ്ശേരിയ്ക്ക് സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് പി.ജെ.കുര്യന് അയച്ചതെന്ന് പറയപ്പെടുന്ന കത്തുപോലും പുറത്തുവന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചയാളാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാനവാദം. കേരളാ കോണ്‍ഗ്രസ് എം നേതാവ് വിക്ടര്‍ ടി തോമസും ജോസഫ് എം.പുതുശ്ശേരിക്കെതിരേ രംഗത്തെത്തിയിരുന്നു. പി.ജെ.കുര്യന്റെ അഭിപ്രായത്തെ വിക്ടര്‍ ടി തോമസ് പിന്തുണയ്ക്കുകയും ചെയ്തു. ഇവരുടെയൊക്കെ അനുഗ്രഹാശിസ്സുകള്‍ തിരുവല്ലയിലെ യുഡിഎഫ് വിമതനുണ്ടെന്നാണ് സൂചന. മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുടെ പിന്തുണയോടെയാണ് താന്‍ മത്സരിക്കാന്‍ തയാറായതെന്നാണ് രാജു പുളിംപള്ളില്‍ പറയുന്നത്. മുന്‍ ബ്ലോക് പഞ്ചായത്ത് അംഗം, കടപ്ര ഗ്രാമപഞ്ചായത്തംഗം, നിരണം ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള രാജു പുളിംപള്ളില്‍ തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. കഴിഞ്ഞ തവണ തിരുവല്ലയില്‍യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിക്ടര്‍ ടി. തോമസ് ഇക്കുറിയും തിരുവല്ല സീറ്റിനായി ആവശ്യം ഉന്നയിച്ചെങ്കിലും ഓര്‍ത്തഡോക്സ് സഭ നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജോസഫ് എം. പുതുശേരിക്ക് സീറ്റ് ലഭിച്ചത്. ജോസഫ് എം. പുതുശേരിയുടെ സ്ഥാനര്‍ഥിത്വത്തെ ആദ്യം മുതല്‍ തന്നെ യുഡിഎഫിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു.
2006 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിക്ടര്‍ ടി . തോമസിനെതിരെ വിമതനായി സാം ഈപ്പനെ രംഗത്തിറക്കിയതും വിക്ടര്‍ ടി. തോമസ് രണ്ടാം തവണ മത്സരിച്ച 2011 ല്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വിക്ടറിനെ തോല്പിക്കാന് ശ്രമിച്ചെന്നുമാണ് പുതുശ്ശേരിക്കെതിരേ കോണ്‍ഗ്രസുകാരും കേരളാ കോണ്‍ഗ്രസിലെ വിക്ടര്‍ ടി തോമസ് അനുകൂലികളും ആരോപിക്കുന്നത്. മര്‍ത്തോമ്മ സഭാംഗങ്ങളായ പി.ജെ. കുര്യനും വിക്ടര്‍ ടി. തോമസും ഓര്‍ത്തഡോക്സ് സഭംഗമായ പുതുശേരിക്കെതിരെ ഒന്നിച്ചതും യുഡിഎഫിന് തലവേദനയാകും.
ആറന്മുള മണ്ഡലത്തിലും കോണ്‍ഗ്രസിനുള്ളില്‍ കലാപമുണ്ട്. കെ.ശിവദാസന്‍ നായരെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിക്കുന്നതില്‍ ഒന്നാമത് നില്‍ക്കുന്നത് ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് തന്നെയാണ്. ആറന്മുളയില് ലഭിച്ചില്ലെങ്കില്‍ കോന്നിയിലെങ്കിലും സീറ്റ് ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അടൂര്‍പ്രകാശിനെതിരേ കെ.പി.സിസി പ്രസിഡന്റ് വി.എം.സൂധിരന്‍ രംഗത്തുവന്നതോടെ കോന്നിയിലെ സീറ്റ് കരഗതമാകുമെന്ന് ഡിസിസി പ്രസിഡന്റ് കരുതുകയും ചെയ്തു. എന്നാല്‍ അവിടേയും സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇനിയൊരിക്കലും തെരഞ്ഞെടുപ്പ് മത്സര രംഗത്തില്ലെന്ന് ശപദം ചെയ്ത അദ്ദേഹം പിന്‍വാങ്ങി. കോന്നിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതിരുന്നാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അടൂര്‍പ്രകാശിനെതിരേ കോണ്‍ഗ്രസിലെ പ്രാദേശിക നേതൃത്വത്തിന് വന്‍ പ്രതിഷേധമുണ്ട്. അടൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ഷാജുവിനെതിരേ കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം നടക്കുന്നുണ്ട്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ത്ഥിയ്ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാര്‍തന്നെ രംഗത്ത് എത്തിയത് യുഡിഎഫിലെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: