സൂത്രേ മണിഗണാ ഇവ’ എന്ന് മുനി വേദവ്യാസനും ‘വെറും നൂലായിരുന്നു ഞാന്‍’ എന്ന് അക്കിത്തവും എഴുതുമ്പോള്‍ അത് അനുകരണമോ അനുവാദനമോ അല്ല, മറിച്ച് ഋഷിവര്യതയുടെ തുടര്‍ബന്ധമാണ് വെളിവാക്കുന്നത്. കാലത്തിന്, അല്ല യുഗങ്ങള്‍ക്കിടയിലുള്ള ദൃഢബന്ധം. ഭഗവാന് കൃഷ്ണന്റെ വചനം വ്യാസവാണിയിലൂടെ ഭഗവദ് ഗീതയായി, അത് ഈ പ്രപഞ്ചത്തെ, നിയതിയെ നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജഗന്നിയന്താവിന്റെ കൈയിലെ പെരുംനൂലായി മാറുന്ന ഗൗരവഭാവമാണ് വ്യാസര്ഷിയുടെ ‘സൂത്രപ്രയോഗം’. ആ ദര്‍ശനത്തിന്റെ അകക്കാമ്പറിഞ്ഞ ഒരു ജീവാത്മാവിന്റെ എളിമയില്‍ ചാലിച്ച, ലാളിത്യ വൈശിഷ്ട്യമാണ് അക്കിത്തത്തെ അച്യുതന്റെ ‘നൂല്പ്രയോഗം’. കവിതയെ, ഭാഷയെ, മലയാളത്തെ, സംസ്കാരത്തെ അക്കിത്തം എന്ന വേദജ്ഞാനി അണിയിച്ച വിശിഷ്ടമായ പൂണുനൂലിലാണ് ആ കവിതകളത്രയും, അല്ലല്ല, ആ ജന്മംതന്നെയും.
കുട്ടിക്കാലത്ത് വലിയ ചെവിയും തടിച്ച ചുണ്ടും ഇരുണ്ട നിറവും ഒക്കെ ചേര്‍ന്ന്, രൂപംകൊണ്ട,് കൂട്ടരില്‍നിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നുവെന്ന് അക്കിത്തം ബാല്യത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഒറ്റപ്പെടുന്നവര്‍ക്ക് വേറിട്ടു നില്‍ക്കാനുള്ള കരുത്ത് നേടാനുള്ള സ്വാഭാവിക പ്രകൃതിയുണ്ടാകും. അത് ഗുണപരമായി വിനിയോഗിക്കുകയേ വേണ്ടൂ, അസാധാരണനാകാന്‍. അങ്ങനെ ഇന്നത്തെ അക്കിത്തമായി; അപ്പോഴും ഏറെ മുന്നേ നടന്നതിനാല്‍ ഒറ്റയ്ക്കായി. അക്കിത്തം ഒറ്റയാനാകുന്നത് ആള്‍ക്കൂട്ടം ബഹിഷ്കരിച്ചതുകൊണ്ടല്ല, ആള്‍ക്കൂട്ടത്തേക്കാള്‍ ഏറെ മുമ്പേ ആയിപ്പോയി ആ നടത്തം എന്നതുകൊണ്ടാണല്ലോ.
സോവ്യറ്റ് റഷ്യ വിഘടിതമായി. ഗ്ലാസ്നോസ്തും പെരിസ്ട്രോയ്ക്കയും വന്ന് ഗോര്‍ബച്ചേവിലൂടെ റഷ്യയുടെ എക്സ്റേ പുറം ലോകം കണ്ടു. അന്നത്തെ പത്രവാര്‍ത്തകളിലൊന്ന് യുക്രൈനിലെ ഒരു ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയെന്നതായിരുന്നു. ചെന്നൈയില്‍ ഇരുന്ന് വാര്‍ത്ത വായിച്ച ഒരു പത്രപ്രവര്ത്തകന് കവിയെ വിളിച്ചു, സാഷ്ടാംഗം പ്രണാമം ചെയ്യുന്നുവെന്ന് അക്കിത്തത്തെ അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കു മുമ്പെഴുതിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ അക്കിത്തം അതു പ്രവചിച്ചിരുന്നു.
‘തോക്കിനും വാളിനും വേണ്ടി
ചെലവിട്ടോരിരുമ്പുകള്‍
ഉരുക്കി വാര്‍ത്തെടുക്കാവൂ
ബലമുള്ള കലപ്പകള്‍,’ എന്ന്!!
ക്രാന്ത ദര്ശിത്വം കവിയ്ക്കുണ്ടാകുന്നത് ജ്ഞാനദൃഷ്ടിയിലൂടെയാണ്. സങ്കല്‍പ്പിക്കുകയല്ല, മുന്‍കൂട്ടി കാണുകയാണ് ഋഷികളുടെ പ്രകൃതവും ധര്‍മ്മവും. സങ്കല്‍പ്പനത്തിനു ഭാഷാ ശേഷിവരെയും ചിലപ്പോള്‍ മതിയാകാം. ജ്ഞാനദൃഷ്ടിക്ക് അതിനപ്പുറം വേണമല്ലോ; ഉപാസന.
എംഎ ക്ലാസില്‍, ഗവേഷകര്‍ക്കും വഴികാട്ടുന്ന പ്രസിദ്ധ പ്രൊഫസര്‍ കവിതയെ നിര്‍വചിക്കാന്‍ ക്ലാസെടുക്കുന്നു. കവിത ഒരുതരം ഉന്മാദമാണെന്ന് പറഞ്ഞ് നിര്‍ത്തിയ ഇടവേളയില്‍, അക്കിത്തംകവിതകള്‍ ചിലത് വായിക്കുമ്പോള്‍ അങ്ങനെ തോന്നാറുണ്ടെന്ന് അഭിപ്രായം പറഞ്ഞുപോയി. ക്ഷുഭിതനായി, അക്കിത്തം കവിതയോ, അത് ഉന്മാദമല്ല, ശുദ്ധഭ്രാന്തല്ലേ എന്ന് പരിഹസിച്ചു. വിറച്ചുപോയി. കാലത്തിനു മുമ്പേ സഞ്ചരിച്ചവരെല്ലാം ഓരോരോ കാലത്ത് ബുദ്ധിജീവി നാട്യക്കാര്‍ക്ക് ഭ്രാന്തന്മാരായിരുന്നുവല്ലോ എന്നു സമാധാനിച്ചു. ഇന്നും ഈ തൊണ്ണൂറിലും ചാരിക്കിടന്ന് സംസാരിക്കാന്‍ തുടങ്ങിയാല്‍ കവിയില്നിന്നുയരുന്നത് വരുംകാലത്തേക്കുള്ള കരുതലും മുന്നറിയിപ്പുകളുമാണല്ലോ.
കൂടല്ലൂരെ അമിറ്റിക്കരയില്നിന്ന് അമേരിക്കയിലെ നാസാ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലേക്കുള്ള ദൂരം വലുതാണ്. നാസ സന്ദര്‍ശിച്ചതിനെക്കുറിച്ച് കവിയുടെ രസകരമായ, അതേ സമയം ഗൗരവപൂര്‍ണ്ണമായ ഒരു പറച്ചിലുണ്ട്. ”ആറ്റംബോംബും അണുബോംബുമുണ്ടാക്കിവെച്ചിട്ടുണ്ടെങ്കിലും അവ പൊട്ടിയ്ക്കാതിരിയ്ക്കാന്‍ ആയിരക്കണക്കിനു പേരെ അവിടെ ശമ്പളം കൊടുത്ത് ഇരുത്തിയിട്ടുണ്ട്. അണുബോംബുള്ള എല്ലാ രാജ്യങ്ങളിലും ഇങ്ങനെയാണ്.”അതാണ് ശാസ്ത്രബോധം ഏറെയുള്ള കവിയുടെ മാനവികതയോടുള്ള കരുതല്‍. അതുകൊണ്ടുതന്നെയാണ് കവി ചിരിയ്ക്കുമ്പോള്‍ ആയിരം സൗരമണ്ഡലം ഉദിക്കുന്നതും കണ്ണീര് പൊഴിക്കുമ്പോള്‍ നിത്യ നിര്‍മ്മല പൗര്‍ണ്ണമി പിറക്കുന്നതും. കാരണം ചിരിയും കണ്ണീരും മറ്റുള്ളവര്‍ക്കു വേണ്ടിയാണ്. പക്ഷേ, കവിയെ ചിലര്‍ ചേര്‍ന്ന് സംഘടിതമായി പിന്തിരിപ്പനാക്കി മാറ്റിനിര്‍ത്തി. കാരണം, ഈ മാനവികത അവര്ക്കില്ലാതാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചതുതന്നെ.
‘ഒരു പേനക്കത്തിയാ-
ലൊരിളനീര്‍ക്കണ്ണുമാതിരി
പകയാലെന്‍ മനുഷ്യത്വ-
ക്കനി ചെത്തിത്തുരന്നുഞാന്‍
ശീതളം മധുരം ജീവ-
പ്രേമമാം പൂതവാസന
വാറ്റിക്കളഞ്ഞേനാവോളം
ഒടുക്കത്തെ കണംവരെ..” എന്ന് കമ്മ്യൂണിസ്റ്റ് ചെയ്തിവ്യതിയാനത്തെക്കുറിച്ച് കവി എഴുതി. അത് രാഷ്ട്രീയം കൊണ്ടായിരുന്നില്ല, മറിച്ച് മാനവികത നഷ്ടമാകുന്നതിലെ വ്യസനംകൊണ്ടായിരുന്നു. മാര്‍ക്സിസവും ലെനിനിസവും ഗാന്ധിസവും പോലുമല്ല, വിനോബാജിയുടെ ഇസമാണ് തനിയ്ക്ക് പ്രിയമെന്നു തുറന്നു പറയാന്‍ തയ്യാറായ കവി പക്ഷേ, കമ്മ്യൂണിസ്റ്റുകള്‍ക്ക് മറ്റൊരു പാടുന്ന പിശാചായിമാറി. അതുകൊണ്ടുതന്നെ സ്റ്റാലിന്റെ മേല്മീശയേയും കമ്മ്യൂണിസത്തെയും തുറന്നു വിമര്‍ശിച്ച ചങ്ങമ്പുഴയേക്കാള്‍ അവര്‍ക്ക് അക്കിത്തം അസ്പൃശ്യനായി. ആ പുരോഗമന സാഹിത്യവാദികളെക്കുറിച്ചും അക്കിത്തം പരിഭവം പറഞ്ഞില്ല, ഏറെനാള്‍ അവര്‍ക്ക് സഹയാത്രികനായിരുന്ന പി. ഭാസ്കരന് പോലും അതെല്ലാം വിളിച്ചു പറഞ്ഞിട്ടും.
ഇക്കൂട്ടത്തില്പെട്ട ഒരു വിപ്ലവ കവിയെക്കുറിച്ച് അതേ പേരില്‍ അക്കിത്തത്തിന്റെ കവിതയുണ്ട്: വിപ്ലവാദര്ശങ്ങള്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, എന്നാല്‍ വിപ്ലവപ്പാര്‍ട്ടി ആവശ്യം കഴിഞ്ഞപ്പോള്‍ കൈയൊഴിഞ്ഞ, ഒരു നേരത്തെ ആഹാരം കഴിക്കാന്‍ വകയില്ലാതെ, കുഞ്ഞിന്റെ വിശപ്പിന് കരച്ചില് താങ്ങാനാവാതെ, പരിഹാരം കാണാന്‍ പൂരാട നാളില്‍, കവിയെ കാണാനെത്തിയ പഴയ സുഹൃത്തിനെക്കുറിച്ചുള്ള കവിത. സതീര്‍ത്ഥ്യനായ കൃഷ്ണനെ കാണാന്‍ സുദാമാവ് ചെന്നപ്പോളെന്നപോലെ അക്കിത്തത്തെ അച്യുതന് സ്വീകരിച്ചു. ‘കടവും കടവും ഗുണനക്രിയയാല് ധനമായ് തീരുംപോലെ’, ‘ജടായുവിനെ രക്ഷിക്കാന്‍ ശ്രമിച്ച സമ്പാതിയെ പോലെ’… ആ വിപ്ലവ കവി പൊന്‍കുന്നം ദാമോദരന്‍ ആയിരുന്നുവെന്ന് കവി ഒരിയ്ക്കല്‍ പറഞ്ഞു. അതും അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ലല്ലോ, അതിനാല്‍ വ്യക്തിപരമായി ആക്ഷേപം ആകില്ലല്ലോ എന്ന ധാര്‍മ്മിക ബോധ പ്രകടനത്തോടെ.
‘ഇത്തിരിപോന്നൊരു തുളവഴി കാണും ഖാണ്ഡവ ദാഹം പോലെ’ എന്നാണ് ആ ജീവിതകഥ കവിതയാക്കി അക്കിത്തം പറയുന്നത്. ഇനിയും എത്രയെത്ര എഴുതാനുണ്ടാകും അദ്ദേഹത്തിന്. കവി പാടിയതിങ്ങനെ: നന്മകളാശിച്ചീടുക പറയുക പറയാനുള്ളവ നേരേ, നമ്മുടെ മാര്‍ഗ്ഗം ചെത്തിക്കോരാന്‍ നാമല്ലാതില്ലാരും.’
ഭംഗിയുള്ള ഗോപുരം ശില്‍പ്പി പണിഞ്ഞു. അതിനെ കുത്തിവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു കുനിയന്‍ ഉറുമ്പുകള്‍. സാധിക്കില്ലെന്നു ശില്‍പ്പിക്കറിയാം. എങ്കിലും ശില്‍പ്പിയായ കവി ചിന്തിക്കുന്നു, ‘അത്രയ്ക്കു ലഘുവാമീ കുനിയനുറുമ്പിലും ഇത്രയ്ക്ക് മഹാന്ധത പാകിയല്ലോ ഹാ ദൈവം.’ പരിഭവമില്ല, ഇങ്ങനെയൊരു വിഷാദം മാത്രം. കല്ലറക്കുന്നിനു മേലേ കയറി കൈയ്ക്കുള്ളില്‍ കട്ടുറുമ്പിനെ അടക്കിപ്പിടിച്ച് കണ്ണടച്ചിരുന്നാല്‍ മഹാബലിത്തമ്പുരാനെ കാണാമെന്നു കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ അതും വിശ്വസിച്ചു. കബളിപ്പിക്കപ്പെട്ടു. പക്ഷേ, അതും പുതിയൊരു ഉള്‍ക്കാഴ്ച കവിയ്ക്കു നല്കി. ‘ആവസിച്ചീടുന്നു കുഞ്ഞേ, ഞാന്‍ ഭവാനില്ത്തന്നെ’ എന്ന് മഹാബലിതന്നെ കവിയോടു പറയുമ്പോള്‍ കബളിപ്പിച്ചവരോട് കവിക്ക് നന്ദിയേ ഉള്ളു. ‘നിന്ദനീയമല്ലാ പാരേ, നിന്നിലുള്ളതൊന്നും
നന്ദി ചൊല്വൂ നിന് പരിഹാസത്തിനീ ഞാനെന്നും’ എന്ന് കവി. ഇങ്ങനെയാണ് ഒറ്റപ്പെടുത്തുന്നവരെ തോല്‍പ്പിച്ചു കളയേണ്ടത്.
‘സീത, ഊര്‍മ്മിള, സാവിത്രി, ദമയന്തി, ശകുന്തള
ജീവിയ്ക്കുന്നു നിന്നില്‍ നിത്യ രാഗവേദനയാണു നീ
പട്ടാളത്തില്‍ പോയവന്റെ പത്നികൂടി അഹര്‍ന്നിശം
ജീവിക്കുന്നു നിന്നില്‍ നിത്യ രാഗവേദനയാണു നീ’
എന്ന് ‘മഹിഷാസുര മര്‍ദ്ദിനി’യെക്കുറിച്ച് എഴുതുമ്പോള്‍ ഫെമിനിസം ഇവിടെ കൂടിത്തുടങ്ങിയിരുന്നില്ല.
‘ആത്മകഥ’യെന്ന കവിതയില്‍ അക്കിത്തം എഴുതിയിട്ടുണ്ട്, കവി മനസ്സിനെക്കുറിച്ച്. ‘വലുതും ചെറുതുമായഞ്ചാറു കവിതകളെഴുതിക്കഴിഞ്ഞപ്പോള് കിട്ടിയ ഇരിക്കപ്പൊറുതി’യെക്കുറിച്ച്.
‘കവിയുടെ ലോക’ത്തില്‍ ആസ്വാദകന് ചോദിക്കുന്നുണ്ട്, ‘കവിത ചുരത്തുവാനല്ലെങ്കിലെന്തിനാക്കഴുവേറിയാം ദൈവം സൃഷ്ടിച്ചു വിട്ടൂ’ തന്നെ, എന്ന്. കവിയുടെ കര്‍ത്തവ്യം ബൃഹൃത്താണെന്ന് അനുവാചകന് ഓര്‍മ്മിപ്പിക്കുന്നു: ‘കടയൂ കടയൂ നിന് സ്നേഹവായ്പത്യാസന്ന-
മൃതിയാം ലോകത്തിന്നായ് മോചനാമൃതം നേടാന്‍
പഠിയ്ക്കൂ ബ്രഹ്മാണ്ഡത്തെ സ്വാന്തരംഗമാം ചെപ്പി-
ലടക്കിക്കാട്ടിത്തന്ന പൂര്വ്വര്തന് കലാശില്പ്പം
പണിയൂ യുഗങ്ങള്‍ക്കു കുടിപാര്ക്കുവാനുള്ള
മണിമാളിക ദീപ്ര കല്‍പ്പനാ പിഞ്ഛത്താലേ
ഞാനല്ലാ, മലയാളി മാത്രവുമല്ല, നിന്നോ-
ടാണവ യുഗത്തിന്റെ ദുഃഖമാണാജ്ഞാപിപ്പൂ
നീയെന്ന മണ്കോലത്തോടല്ലവരാജ്ഞാപിപ്പൂ
നിന്നുള്ളിലുറങ്ങുന്നോരൃഷിവര്യനോടത്രേ.’
അനുവാചകന്റെ ശബ്ദത്തില്‍ കേട്ട ഈ കവിവാക്യം സ്വയം അറിഞ്ഞ കവി ‘വെറും നൂലായിരുന്നു ഞാന്‍’ എന്നു പറയുന്നതുവഴി ജഞാനവിജ്ഞാന യോഗത്തിന്റെ സത്ത പകര്‍ന്നു നല്കുകകൂടിയാണല്ലോ. കര്‍മ്മ യജ്ഞത്തിന്റെ വിശുദ്ധാഗ്നിക്കു മുന്നില്‍ സംസ്കാരത്തിന്റെ പൂണുനൂലണിഞ്ഞിരുന്ന് കവി അര്‍പ്പിക്കുന്ന ധര്മ്മാക്ഷര ഹവിസ്സുകളുടെ യജ്ഞപ്രസാദം നവതിയിലും ജ്വലിക്കുകയാണ്, ദീപച്ചിരിയായി..അത് കെടാവിളക്കായി വിളങ്ങാന്‍ പ്രാര്‍ത്ഥിച്ചിടട്ടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: