കല്‍പ്പറ്റ : വയനാട് കുന്നമ്പറ്റയിലെ കേപീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിശ്ശിത വിമര്‍ശനം. സ്കൂള്‍ പുറത്തിറക്കിയ പ്രോസ്പെക്ടസിലെ ആകര്ഷണങ്ങള് കണ്ട് സ്വന്തം കുട്ടിയെ സ്കൂളില്‍ ചേര്‍ത്ത് വഞ്ചിതനായ കല്‍പ്പറ്റ കെജി നഗറിലെ സൂര്യാലയത്തില്‍ പി.സി.സുരേഷ് നല്കിയ പരാതിയിലാണ് നടപടി. ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്പേഴ്സന് ശോഭാ കോശി, മെമ്പര്‍ ഗ്ലോറി ജോര്‍ജ് എന്നിവരുടെതാണ് ഉത്തരവ്.
ഉത്തരവ് ഇങ്ങനെയാണ് ‘ കേരള സര്‍ക്കാരിന്റെ അംഗീകാരമോ എന്‍ഒസിയോ സിബിഎസ്ഇയുടെ അംഗീകാരമോ കേപീസ് ഇന്റര്‍നാഷണല്‍ സ്കൂളിനില്ല. സാധാരണ ഒരു സ്കൂള്‍ എന്നല്ലാതെ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്ന പേരിലുള്ള സ്ഥാപനം ഭൗതിക സാഹചര്യങ്ങളിലും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് പുലര്‍ത്തുന്നതായി സ്കൂള്‍ സന്ദര്‍ശിച്ചപ്പോഴും രേഖകള്‍ പരിശോധിച്ചപ്പോഴും കമ്മീഷന് ബോധ്യപ്പെട്ടിട്ടില്ല, സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പുന:പരിശോധിച്ച് അഡ്മിഷന് ബ്രോഷറില്‍ വാഗ്ദാനം ചെയ്ത എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കുറ്റമറ്റതും തൃപ്തികരവുമായ രീതിയില്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഏര്പെടുത്തേണ്ടതാണ്. ഇതില്‍ വരുത്തുന്ന വീഴ്ച്ചക്കെതിരെ സ്കൂളിലെ ഏതൊരു കുട്ടിക്കും രക്ഷിതാവിനും നിയമാനുസൃത നടപടികള്‍ കൈകൊള്ളാവുന്നതാണ്, സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്കൂളുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം, സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി ലഭിച്ചിട്ടില്ലാത്ത ഇത്തരത്തിലുള്ള സ്കൂളുകളിലെ എട്ടുവരെയുള്ള ക്ലാസുകള്‍ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷണത്തിന് വിധേയമാക്കേണ്ടതാണ്, കേപീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ മൗലീക അവകാശങ്ങളും ബാലാവകാശങ്ങളും സംരക്ഷിക്കാന്‍ സ്കൂള്‍ മാനേജ്മെന്റ് നിയമപരമായി ബാധ്യസ്ഥനാണ്, അഡ്മിഷന് ബ്രോഷറില്‍ വാഗ്ദാനം ചെയ്ത എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കുട്ടികള്‍ക്ക് അനുഭവയോഗ്യമാക്കുവാന് പൊതു വിദ്യാഭ്യാസ സെക്രട്ടറി, തിരുവനന്തപുരം, ഡിപിഐ തിരുവനന്തപുരം, വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ രേഖാമൂലം സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതാണെന്ന് കമ്മീഷന് ഉത്തരവില്‍ പറയുന്നു.
സ്ഥാപനത്തിനെതിരെ വയനാട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ സ്കൂളിനെതിരെ കേസ് നടക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ നല്കി മൈനോറിറ്റി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതിനെതിരെയും ഡല്‍ഹിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: