കല്‍പ്പറ്റ : ആദിവാസി ശൈശവ വിവാഹങ്ങളെ പോക്സോ ആക്ടിന്റെ പരിധിയില്‍ പെടുത്തി ആദിവാസി യുവാക്കളെ തുറുങ്കിലടക്കുന്നത് ഒഴിവാക്കണമെന്ന് അധിനിവേശവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ആസാദ്, സംസ്ഥാന സെക്രട്ടറി വി.കെ. സുരേഷ്, കെ.സി. ഉമേഷ്ബാബു, കെ.കെ. അശോക് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസി ശൈശവ വിവാഹങ്ങളെ തങ്ങള്‍ അനുകൂലിക്കുന്നില്ല. എന്നാല്‍ ആദിവാസി ശൈശവ വിവാഹങ്ങള്‍ തടയാന്‍ ബാല വിവാഹ നിരോധന നിയമം അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കെ
ആദിവാസി വിഭാഗങ്ങളിലെ ശൈശവ വിവാഹങ്ങളുടെ പേരില്‍ ചെറുപ്പക്കാരെ ഗുരുതരമായ വകുപ്പുകള്‍ ചാര്‍ത്തി ജയിലിലടക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഡോ. ആസാദും ഉമേഷ്ബാബുവും പറഞ്ഞു. വേണ്ടത്ര ബോധവത്ക്കരണമില്ലാതെയാണ് ആഭ്യന്തരവകുപ്പ് ആദിവാസികളില്‍ നിയമം അടിച്ചേല്‍പ്പിക്കുന്നത്. ആചാരപരമായി ആദിവാസികള്‍ പ്രായപൂര്‍ത്തിയാകുംമുമ്പേ വിവാഹിതരാവുന്നതാണ്. പക്ഷെ ഇത്തരം വിവാഹങ്ങളെ ലൈംഗീക പീഡനക്കുറ്റവും തട്ടിക്കൊണ്ടുപോകലും മറ്റ് ഗുരുതരമായ വകുപ്പുകളും ചാര്‍ത്തി പോലീസ് പോക്സോ ആക്ടിന്റെ പരിധിയില്‍പെടുത്തുകയാണ്. ഈ വകുപ്പ് പ്രകാരം ചാര്‍ജ് ചെയ്യപ്പെട്ട കേസില്‍ ആദിവാസികള്‍ക്ക് 40 വര്‍ഷം വരെ കോടതികള്‍ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമിയോ മറ്റ് രേഖകളോ ഭൂരിഭാഗം ആദിവാസികള്‍ക്കും ഇല്ല. അതിനാല്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത ആദിവാസികളുമേറെയുണ്ട്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയൊട്ടാകെ പോക്സോ ആക്ട് പ്രാബല്യത്തില്‍ വരുത്തിയത്. ആദിവാസികള്‍ ഈ നിയമത്തെക്കുറിച്ച് അജ്ഞരാണ്. പ്രാഥമികമായി ആദിവാസികളില്‍ ബോധവത്ക്കരണം നടത്താന്‍ ഭരണസംവിധാനങ്ങള്‍ കാര്യമായി നടപടി എടുക്കുന്നില്ല. ഗോത്രാചാര പ്രകാരം ആദിവാസി യുവതി -യുവാക്കള്‍ പ്രായപൂര്‍ത്തിയാകുംമുമ്പേ ബന്ധുക്കളുടെയും വീട്ടുകാരുടെയും അറിവോടെ വിവാഹിതരായി ഒന്നിച്ച് താമസിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പോക്സോ ആക്ട് പ്രയോഗിക്കുന്നതില്‍ അധികൃതര്‍ വിവേചനാധികാരം കാട്ടണം. പോക്സോ ആക്ട് പ്രകാരം കുട്ടികള്‍ ലൈംഗീക ചൂഷണത്തിനിരയായ വിവരം മറച്ചുവെച്ചാല്‍ അങ്ങനെ ചെയ്യുന്നവര്‍ക്കെതിരേയും കേസെടുക്കാന്‍ വകുപ്പുണ്ട്. ഇതിന്റെ പേരില്‍ കോളനികളില്‍ നടക്കുന്ന ശൈശവ വിവാഹങ്ങള്‍ പ്രമോട്ടര്‍മാരും പോലീസും ലൈംഗീക പീഡനമായി ചിത്രീകരിച്ച് കേസെടുക്കുകയാണെന്ന് അധിനിവേശ വിരുദ്ധ സമിതി ഭാരവാഹികള്‍ പറഞ്ഞു. പ്രത്യേക വിഭാഗമായ ആദിവാസികള്‍ക്കെതിരേ പോക്സോ ആക്ട് പ്രയോഗിക്കാനാണ് അധികൃതര്‍ തിടുക്കം കാട്ടുന്നത്. ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് ഇന്ന് കല്‍പ്പറ്റ പോക്സോ കോടതിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തുന്നത്. സമരത്തില്‍ അധിനിവേശ വിരുദ്ധ സമിതിയും പങ്കാളിയാകും. പോക്സോ നിയമത്തിന് ഇരയാകുന്ന ആദിവാസികള്‍ക്ക് നിയമസഹായം എത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അധിനിവേശ വിരുദ്ധ സമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: