ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഒട്ടേറെ ഓര്‍മകള്‍ കുതിച്ചെത്തിയ ദിവസമായിരുന്നു ഏപ്രില്‍ 4. ജന്മഭൂമി എറണാകുളത്തുനിന്നും പുനഃപ്രസിദ്ധീകരണം തുടങ്ങിയ 1977 മുതല്‍ മൂന്നു പതിറ്റാണ്ടുകാലം അതുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച കെ.വി.എസ്.ഹരിദാസിന്റെ പുത്രിയുടെ വേളിയുടെ ഭാഗമായി എറണാകുളത്തു നടന്ന സല്‍ക്കാരത്തില്‍ പങ്കെടുത്തതാണ് അവസരം. നോര്‍ത്ത് ഓവര്ബ്രിഡ്ജിനരികിലുള്ള ഒരു പഴയ കെട്ടിടത്തിലായിരുന്നു ജന്മഭൂമി ആസ്ഥാനമാക്കിയത്. അവിടുത്തെ സായാഹ്ന സഭകളില്‍ അടിയന്തരാവസ്ഥക്കാലത്തെയും അതിനുമുമ്പും പിമ്പുമുണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായി ഒരു യുവസമൂഹം സമ്മേളിക്കുമായിരുന്നു. അവരില്‍ പലരും വാര്‍ത്തകളും ലേഖനങ്ങളും മറ്റും തയ്യാറാക്കുകയും ചെയ്തുവന്നു.
മഞ്ചനാമഠം ബാലഗോപാല്‍, കെ.വി.എസ്.ഹരിദാസ്, പുത്തൂര്‍മഠം ചന്ദ്രന്, രാമലഹിതന്‍, ടി.സതീശന്, പി.സുന്ദരം തുടങ്ങി അനവധി പേര് ഓര്‍മയില്‍ വരുന്നു. ജന്മഭൂമി ആഫീസില്‍നിന്ന് പത്തുമിനിട്ട് മാത്രം അകലെ ജനതാപാര്‍ട്ടിയുടെ സംസ്ഥാന സമിതി ആഫീസും സ്ഥിതി ചെയ്തിരുന്നു. മുഖ്യ പത്രാധിപര്‍ മന്മഥന് സാറിനെ കാണാനെത്തുന്ന അനേകം പ്രശസ്ത വ്യക്തികളും അന്നത്തെ സദസ്സിനെ സമ്പന്നമാക്കി. സന്ധ്യയ്ക്കുമുമ്പ് കുമ്മനം രാജശേഖരന് എത്തിയാല്‍ പത്രത്തിന്റെ രൂപവും മറ്റും തയ്യാറാക്കുന്ന തിരക്കായി. അന്ന് അച്ചുനിരത്തിയുള്ള അച്ചടിയായിരുന്നു. കാലം ചെന്നപ്പോള്‍ അച്ചടിക്ക് അച്ചില്ലാതെയായി. വാര്‍ത്തകളും പേജുകളും തയ്യാറാക്കാന്‍ കടലാസും ആവശ്യമില്ല. എല്ലാം ഓണ്‍ലൈന്‍ പേപ്പര്‍ലെസ് വര്‍ക്കായി.
അക്കാലം മുതല്‍ ഇങ്ങോട്ട് ഇതുവരെ വിവിധ രംഗങ്ങളില്‍ സജീവരായ നൂറുകണക്കിനാളുകളെ മകളുടെ വേളിക്കു കെവിഎസ് ക്ഷണിച്ചിരുന്നു. ഒരാളെയും വിട്ടുപോകാതെ നിഷ്കര്‍ഷയോടെ അതു നിര്‍വഹിച്ചതും അവരൊക്കെ എത്തിയതും അദ്ദേഹത്തിന്റെ സമ്പര്‍ക്ക മാധുര്യം വ്യക്തമാക്കുന്നു.
വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ അച്ഛന് വിദ്യാസാഗരന് മാസ്റ്ററെ കാണാന്‍ കഴിഞ്ഞത്. ഉദ്യോഗമണ്ഡലിലെ ഫാക്ട് ഹൈസ്കൂളില്‍ അധ്യാപകനായിരുന്ന അദ്ദേഹം മുഖ്യഅധ്യാപകനായിട്ടാണ് വിരമിച്ചതെന്നു ഞാന്‍ കരുതുന്നു. എളമക്കര പ്രാന്തകാര്യാലയത്തില്‍ വെച്ചും ഇടപ്പള്ളി മാമംഗലത്തെ അമൃതഭാരതി വിദ്യാപീഠത്തില്‍ നടന്നുവന്ന പരിപാടികളിലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞു. കെവിഎസിന്റെ വേളിയും അദ്ദേഹം നേരിട്ടു ക്ഷണിക്കുകയായിരുന്നു. ആ അവസരത്തില്‍ എന്റെ നാടായ മണക്കാട്ട് എന്‍എസ്എസ് ഹൈസ്കൂളില്‍ ആദ്യകാലാധ്യാപകനായിരുന്ന, പിന്നീട് ഫാക്ട് സ്കൂളില്‍ ജോലി ചെയ്തിരുന്ന രാജന്‍പിള്ള സാറിനെയും കാണാനിടയായി.
വിദ്യാസാഗരന് മാസ്റ്റര്‍ കേരളത്തിലെ ഹിന്ദുസമാജത്തിന് ചെയ്ത ഒരു മഹാകൃത്യത്തെ അധികമാരും അറിഞ്ഞിരിക്കില്ല. സംസ്ഥാനത്തെ വിശ്വഹിന്ദുപരിഷത്തിന്റെ ആസ്ഥാനമായ പാവക്കുളം മഹാദേവ ക്ഷേത്രം പരിഷത്തിന് ലഭ്യമായത് അദ്ദേഹത്തിന്റെ തന്റേടം കൊണ്ടായിരുന്നുവെന്നു, പരിഷത്തിന്റെ ആദ്യകാല കാര്യദര്‍ശിയും പ്രചാരകനുമായിരുന്ന ഇരവിരവി നമ്പൂതിരിപ്പാട് ഒരിക്കല്‍ എന്നോടു പറഞ്ഞു. അവരുടെ കുടുംബത്തിന്റെ വകയായിരുന്നു ക്ഷേത്രം. പഴയകൊച്ചി രാജ്യത്ത് ആദ്യമായി എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുത്തവയില്പ്പെടും. തോട്ടപ്പായ വിരൂപാക്ഷന് നമ്പൂതിരിയുടെ ക്ഷേത്രമായിരുന്നു മറ്റൊന്ന്. കേളപ്പജി വന്നെത്താനുള്ള സൗകര്യം നോക്കിയതിനാല്‍ പാവക്കുളം രണ്ടാമതായി എന്നേയുള്ളൂ. ഇരവിരവി നമ്പൂതിരിപ്പാടിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് ക്ഷേത്രം വിശ്വഹിന്ദുപരിഷത്തിന് കൈമാറാന്‍ വിദ്യാസാഗരന് മാസ്റ്റര്‍ സമ്മതിച്ചു.
അക്കാലത്ത് ഫാക്ടിന്റെ മേധാവിയായിരുന്നു എം.കെ.കെ.നായര്‍ കേരളത്തിന്റെ സാംസ്കാരിക, വ്യാവസായിക, ആധ്യാത്മിക മേഖലകളില്‍ മുടിചൂടാമന്നനായി കഴിയുകയായിരുന്നു. കഥകളി, ശബരിമല തുടങ്ങിയ മേഖലകളുടെ പരിഷ്കരണങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. സംഘവും ജനസംഘവുമായും അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. ഗുരുജിയുടെ കേരളപര്യടന വേളകളില്‍ എംകെകെ അദ്ദേഹത്തെ കാണാന്‍ എത്താറുണ്ട്. എറണാകുളത്ത് 1980 ല്‍ ജനസംഘം സംസ്ഥാന സമ്മേളനം നടന്നപ്പോള്‍, പരമേശ്വര്‍ജിയും മറ്റും അദ്ദേഹത്തെ കണ്ട് സംസാരിച്ചതിന്റെ ഫലമായി കേരളത്തിന്റെ വ്യവസായ വികസനത്തിന് ഒരു മാര്‍ഗരേഖ തയ്യാറാക്കാന്‍ എംകെകെ നായര്‍ സഹകരിച്ചു. അതു സമ്മേളനത്തില്‍ പാസ്സാകുകയും ചെയ്തു. കലൂരില്‍ അനാഥമായെന്നപോലെ കിടന്ന പാവക്കുളം ക്ഷേത്രത്തെ പുനരുദ്ധരിക്കാനായി മുന്‍കൈയെടുക്കാന്‍ തീരുമാനിച്ച അദ്ദേഹം മാസ്റ്ററോട് അക്കാര്യം സൂചിപ്പിച്ചു.
വിശ്വഹിന്ദു പരിഷത്തിന് നല്കിയ സമ്മതം അദ്ദേഹത്തെ വിഷമത്തിലാക്കി. ഇരവിരവി നമ്പൂതിരിപ്പാട് എംകെകെയെ നേരില്‍ക്കണ്ട് വിശ്വഹിന്ദുപരിഷത്ത് പോലുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ അധീനതയില്‍ ക്ഷേത്രം വന്നാല്‍ ഉണ്ടാകാവുന്ന മെച്ചവും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ പരിമിതികളും തന്റെ സ്വതസിദ്ധമായ രീതിയില്‍ ബോധിപ്പിച്ചപ്പോള്‍ പ്രശ്നം ഇല്ലാതായി. അധികം വൈകാതെ, അദ്ദേഹംതന്നെ വിശ്വസ്തരായി കരുതിയ ചിലരുടെ ചതിമൂലം എംകെകെയ്ക്ക് അവസാനകാലത്തു സ്ഥാനഭ്രഷ്ടനായി അവഹേളിതനായി കഴിയേണ്ടിവന്നു.
പാവക്കുളം ക്ഷേത്രം വിശ്വഹിന്ദു പരിഷത്തിന്റെ പരിശ്രമ ഫലമായി ഇപ്പോള്‍ എറണാകുളത്തെ ഏറ്റവും ഭക്തജനത്തിരക്കുള്ളതും കേരളത്തിലെ ഹൈന്ദവ സംസ്കാരത്തിന്റെ പ്രചോദന കേന്ദ്രവുമായി നിലകൊള്ളുന്നു.
ഇരവിരവി നമ്പൂതിരിപ്പാടും തന്റെ അധീനതയിലുണ്ടായിരുന്ന വെളിയത്തു നാട്ടിലെ ചെറിയത്ത് ക്ഷേത്രവും പരിസരങ്ങളും തന്ത്രവിദ്യാപീഠത്തിന് വിട്ടുകൊടുത്തുവെന്ന കാര്യവും ഇവിടെ അനുസ്മരിക്കാം.
വിവാഹസല്ക്കാരക്കാര്യത്തില് തുടങ്ങി വിവരണം അല്‍പ്പം വഴിതിരിഞ്ഞു സഞ്ചരിച്ചു. കേരള ലോഅക്കാദമിയിലെ നിയമപഠനവും സംസ്ഥാന കാര്യാലയത്തിന്റെയും യുവമോര്‍ച്ചയുടെയും ചുമതലയുമായി തിരുവനന്തപുരത്തു കഴിഞ്ഞ വര്‍ഷങ്ങള്‍ കെവിഎസിനെ അവിടുത്തെ പ്രമുഖ നേതാക്കളുമായി ബന്ധപ്പെടുത്തി. അതിനുപുറമെ ദേശീയ നേതൃത്വവുമായി നേരിട്ടുബന്ധം വെക്കാനും അതവസരമുണ്ടാക്കി. വസ്തുതകളുടെ മര്‍മം മനസ്സിലാക്കാനും അതിനനുസരിച്ചു കാര്യങ്ങള്‍ നടത്താനും അദ്ദേഹത്തിനു കഴിയും. അതു ജന്മഭൂമിക്കു പ്രയോജനപ്പെടുത്താന്‍ സാധിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ വിജയം.
മാധ്യമരംഗത്തെ മാത്രമല്ല വിവിധ രാഷ്ട്രീയരംഗത്തെയും പ്രമുഖരായ ഒട്ടേറെപ്പേര്‍ സൗഹൃദം പങ്കുവെക്കാനെത്തിയത് ആഹ്ലാദകരമായി.
കേരളത്തിലെ പരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഉശിരുപകരാന്‍ കെവിഎസ് നടത്തിയ അണിയറനീക്കങ്ങള്‍ അനവധിയാണ്. പരുമല കോളേജിലെ വിദ്യാര്‍ത്ഥി പരിഷത് പ്രവര്‍ത്തകരുടെ കൂട്ടക്കുരുതിക്കുശേഷം അദ്ദേഹം നടത്തിയ നീക്കങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു. അങ്ങനെ ഒട്ടേറെ സംഭവങ്ങളെ നേരിടുന്നതിന് അദ്ദേഹത്തിന്റെ സമയോചിതമായ നീക്കങ്ങള്‍ സഹായിച്ചു. മകളുടെ വിവാഹത്തോടെ മൂന്നാം ആശ്രമത്തിന്റെ വാതില്ക്കലെത്തി നില്ക്കുന്ന അദ്ദേഹത്തിന്റെ സേവനം ഇനിയും നമുക്ക് ആവശ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: