കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഭാരതീയ ജനതാ പാര്‍ട്ടിക്കാരെ ഫാസിസ്റ്റെന്ന് വിളിക്കും. അതും 40 വര്‍ഷങ്ങള്‍ക്കുമുമ്പ് ഫാസിസത്തിന്റെ ഫണം വിടര്‍ത്തിയാടിയപ്പോള്‍ അതിനെതിരേ ജീവന് പണയംവെച്ച് ജീവിതം വഴിമുട്ടിയ ആയിരക്കണക്കിനാളുകള്‍ ഇന്നും കേരളത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍.
1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയില്‍ ഇന്ദിരാഗാന്ധിയും ഉപജാപകവൃന്ദവും അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചവരോട് കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന, കമ്മ്യൂണിസ്റ്റ് നേതാവ് അച്യുതമേനോന്റെയും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെയും സമീപനം ഹിറ്റ്ലറെയും മുസോളനിയെയും സ്റ്റാലിനെയും ലജ്ജിപ്പിക്കുന്നതായിരുന്നു. ആ ഫാസിസ്റ്റ് ഭരണകൂടം പോലീസിനെ ഉപയോഗിച്ച് അടിയന്തരാവസ്ഥാ സമരസേനാനികളെ നേരിട്ടത് ഭാരതത്തില്‍ മറ്റൊരിടത്തുമില്ലാത്ത മര്ദ്ദനമുറകളോടെയായിരുന്നു.
ഉരുട്ടല്‍, കാവടിയാട്ടം, പട്ടംപറത്തല്‍, പട്ടിപ്പൂട്ട്, ഡബിള്‍ ആക്ഷന്‍, ക്ലിപ്പിടല്‍, കസേരയിരുത്തം, പ്ലെയിന്‍ തുടങ്ങിയ പേരുകളിലായിരുന്നു അവിശ്വസനീയമായ ആ മര്‍ദ്ദനമുറകളില്‍ ചിലത് അറിയപ്പെട്ടിരുന്നത്. ഒക്ടോബര്‍ രണ്ടിന് അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ആലുവയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയിലെ പീഡനങ്ങള്‍ക്കിരയായവരുടെ സംസ്ഥാനതല സമ്മേളനത്തില്‍ ഈ മര്‍ദ്ദനമുറകളുടെ ഏതാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആ ചിത്രങ്ങള്‍ ഫാസിസം എന്തെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന സംസാരിക്കുന്ന ചിത്രങ്ങളാണ്.
1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 16വരെ ലോകസംഘര്‍ഷസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനില്പില് 1,74,000 പേര് ഭാരതമൊട്ടുക്കും 7,000 ത്തിലധികം പേര് കേരളത്തിലും കല്ത്തുറങ്കലിലായി. അതില്‍ ആരും അക്രമസമരം സംഘടിപ്പിച്ചവരല്ല. ഗാന്ധിയന്‍ സമരമുറയിലൂടെ, ശാന്തമായി, ഭാരതീയജനതക്ക് നിഷേധിച്ച സപ്ത സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടി സഹനസമരം ചെയ്തവരെയാണ് ഈ ഫാസിസ്റ്റ് കാപാലികര്‍ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്.
ഈ ഭീകരവാഴ്ചക്കായി പ്രത്യേക തടങ്കല്‍ പാളയങ്ങളും പോലീസ് സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ശാസ്തമംഗലം, കോട്ടയം നാഗമ്പടം, എറണാകുളം ഇടപ്പള്ളി, തൃശൂര്‍ പോലീസ് ക്ലബിനോടു ചേര്‍ന്നുള്ള ഊട്ടുപുര, കോഴിക്കോട് കക്കയം, മാലൂര്‍ക്കുന്ന്, കണ്ണൂര്‍ തളാപ്പ് എന്നീ ഏഴു സ്ഥലങ്ങളിലായിരുന്നു മേജര്‍ തടങ്കല്‍ പാളയങ്ങള്‍.. കോഴിക്കോട് പുതിയറ, ചക്കോരത്തുകുളം, ആലപ്പുഴ വയര്‍ലസ് സ്റ്റേഷനോടനുബന്ധിച്ചുള്ള കൗസ്തുഭം വീട്, പാലക്കാട് വിക്ടോറിയ കോളേജിനു പുറകിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസ് എന്നീ നാലു സ്ഥലങ്ങളിലായിരുന്നു മൈനര്‍ തടങ്കല്‍ പാളയങ്ങള്‍: കക്കയം ക്യാമ്പിലെ മര്‍ദ്ദനം താങ്ങാനാവാതെയാണ് പ്രൊഫ. ഈച്ചരവാര്യരുടെ മകന് രാജന് മരണമടഞ്ഞത്.
രാജന് ഉള്‍പ്പെടെ 28-ഓളംപേരാണ് പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും മര്‍ദ്ദനഫലമായി മരിച്ചത്. വൈക്കം ഗോപകുമാര്‍ ഉള്‍പ്പെടെ 6,000ത്തിലധികംപേര്‍ ഈ ഫാസിസ്റ്റു ഭരണകൂടത്തിന്റെ രക്തസാക്ഷികളായി ഇന്നും ജീവിക്കുന്നു. 19 മാസം കഴിഞ്ഞപ്പോള്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. മര്‍ദ്ദനത്തിന്റെ ആഘാതങ്ങളേറ്റ് ജീവച്ഛവങ്ങളായി തുടരുന്ന അനേകായിരങ്ങളെ സംബന്ധിച്ച് 40 ആണ്ടുകളും അറുതി കാണാത്ത അടിയന്തരാവസ്ഥ തന്നെയാണ്.
ഈ 40 വര്‍ഷത്തില്‍ 20 വര്‍ഷം അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസാണ് കേരളം ഭരിച്ചത്. മറ്റൊരു 20 വര്‍ഷക്കാലം അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന സിപിഐയും അടിയന്തരാവസ്ഥയെ ചെറുക്കാന്‍ ആര്‍എസ്എസിനെയും ജനസംഘത്തെയുംപോലെ കരളുറപ്പു കാണിക്കാത്ത സിപിഎമ്മും ചേര്‍ന്ന് ഭരിച്ചു.
മാപ്പിള ലഹളക്കും ഖിലാഫത്തിനും പുന്നപ്ര വയലാര്‍, മൊറാഴ, കാവുമ്പായ് സമരങ്ങള്‍ക്കും സ്വാതന്ത്ര്യസമര പെന്ഷന് കൊടുക്കുന്നവര്‍ അടിയന്തരാവസ്ഥക്കെതിരെ രണ്ടാം സ്വാതന്ത്ര്യസമരമെന്ന നിലയില്‍ സഹനസമരം നടത്തി നിരാലംബരായവര്‍ക്ക് മരുന്നുവാങ്ങാനോ പെന്ഷന് നല്‍കാനോ തയാറായില്ല. രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന മുതലായ സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥാ പീഡിതര്‍ക്ക് വൈദ്യസഹായവും സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. അടിയന്തരാവസ്ഥക്കെതിരെ ചെറുത്തുനിന്നു എന്നവകാശപ്പെടുന്ന സിപിഎം പിലാത്തോസിന്റെ നിലപാടാണ് സ്വീകരിക്കുന്നത്.
ഫാസിസം നടപ്പാക്കിയവര്‍ ഫാസിസത്തെ ചെറുത്തവരെ ഫാസിസ്റ്റെന്ന് വിളിക്കുന്ന അവസ്ഥ കേരളത്തില്‍ മാത്രമേ ഉണ്ടാകു. ഈ ചെറുത്തുനില്‍പ്പിന്റെ പ്രാധാന്യമറിയുന്ന ഒരു സംസ്ഥാനസര്ക്കാരില്നിന്നേ സമരസേനാനികള്‍ക്ക് നീതി ലഭിക്കുകയുള്ളു.
ഇവിടെ കൊടുക്കുന്നത് പ്രാതിനിധ്യ സ്വഭാവമുള്ള ഏതാനും ചിത്രങ്ങളാണ്. തീര്‍ച്ചയായും ഇത് സമ്പൂര്‍ണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: