ഭാരതത്തില്‍ പലയിടത്തും ഇപ്പോള്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ സ്ഥിതിയാണുള്ളതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നു. നാലുപതിറ്റാണ്ടുകള്‍ക്കുമുമ്പ് 19 മാസം നീണ്ട ആ കാളരാത്രിയുടെ അനുഭവങ്ങളുടെ ദുരിതങ്ങള്‍ പേറി നരകജീവിതം നയിക്കുന്ന ആയിരങ്ങള്‍ ഇന്നും കേരളത്തിലുണ്ട്. അവരുടെ അനുഭവങ്ങളുടെ രേഖകള്‍ തയ്യാറാക്കാനും ഡോക്യുമെന്ററി നിര്‍മിക്കാനും അവര്‍ നടത്തിയ പരിശ്രമങ്ങള്‍ വിജയത്തിന്റെ വക്കത്തെത്തി നില്ക്കുന്നു.
അതിന്റെ ഒരു മണിക്കൂര്‍ നീണ്ട ആവിഷ്കാരം കഴിഞ്ഞയാഴ്ച എളമക്കരയിലെ ഭാസ്കരീയത്തില്‍ നടന്ന പ്രാന്തീയ കാര്യകാരിയുടെ യോഗത്തിനിടെ കാണാന്‍ അവസരമുണ്ടായി. ജീവിക്കുന്ന ഒട്ടേറെ രക്തസാക്ഷികള്‍ സ്വാനുഭവങ്ങളുടെ വസ്തുനിഷ്ഠമായ വിവരണം നല്‍കിയത് അത്യന്തം സംവേദനാജനകമായിരുന്നു. നാല്പ്പതുവര്ഷങ്ങള്ക്കുശേഷവും അക്കാലം അനുഭവിച്ചവര്‍ക്ക് അവയൊക്കെ മനസ്സിന്റെ വെള്ളിത്തിരയില്‍ വ്യക്തമായിക്കാണാന്‍ കഴിഞ്ഞു.
ആരുടെയും പേര് ഇവിടെ എടുത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല. മിസാ തടവുകാരായി കാരാഗൃഹവാസമനുഭവിച്ചവരേക്കാള് എത്രയോ ഏറെ കഠിനമായ യാതനകളിലൂടെ കടന്നുപോയവരായിരുന്നു. പുറത്തു അടിയന്തരാവസ്ഥക്കെതിരായ സത്യഗ്രഹസഹന സമരത്തിനിറങ്ങിയവര്‍. അവരാരും തന്നെ ആ സമരത്തില്‍ പങ്കെടുത്തതും യാതനകള്‍ അനുഭവിച്ചതും വിദൂരമായ സ്വാര്‍ത്ഥ സ്പര്‍ശം പോലുമില്ലാതെയായിരുന്നു.
ആ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമായാണ് എന്നന്നേക്കുമായി നിലനില്‍ക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഏകാധിപത്യ വാഴ്ചയ്ക്ക് അറുതിവന്നതും സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു വീണ്ടും ശ്വസിക്കാന്‍ അവസരം കിട്ടിയതും.
അന്ന് അടിയന്തരാവസ്ഥക്കാലം അനുശാസനപര്വമാണെന്ന് പറഞ്ഞവരും ഇന്ദിരയാണ് ഇന്ത്യയെന്നുല്ഘോഷിച്ചവരും സ്വേച്ഛാധിപത്യത്തിനെതിരെ സമരത്തിനില്ലെന്നു പ്രഖ്യാപിച്ച സഖാക്കന്മാരും നാടോടിക്കലകളെക്കുറിച്ചു ഗവേഷണം നടത്താന്‍ ധാര്‍വാഡിലേക്ക് ഫെല്ലോഷിപ്പു വാങ്ങിപ്പോയവരും, ഒക്കെ ആ സ്വതന്ത്രവായു ശ്വസിക്കാന്‍ അവസരമുണ്ടാക്കിയവര്ക്കെതിരെ കുരച്ചുചാടുകയും തങ്ങള്‍ ചെയ്ത ത്യാഗാഭാസത്തെ പൊക്കിപ്പിടിക്കുകയും ചെയ്യുന്നു.
ഹൈദരാബാദ് സര്‍വകലാശാലയിലും ജെഎന്‍യുവിലും താവളമാക്കിയ അരാജകവാദികളും രാഷ്ട്രവിരുദ്ധരും പാര്‍ലമെന്റാക്രമണത്തിന്റെ ആസൂത്രകനുവേണ്ടി വാദിക്കുന്നവരും അടിയന്തരാവസ്ഥക്കാലത്തു ഇന്ദിരാ സര്‍ക്കാരില്‍ പങ്കാളിത്തം വഹിക്കുകയും കേരളത്തില്‍ മുഖ്യമന്ത്രിയായി മര്‍ദ്ദന നയങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത സിപിഐയുടെ നേതാവിന്റെ നേതൃത്വത്തിലാണിപ്പോള്‍ അടിയന്തരാവസ്ഥാ മുറവിളി നടക്കുന്നത്.
വേട്ടനായ്ക്കൊപ്പം നായാടിയശേഷം മുയലിനൊപ്പം ഓടുകയും ചെയ്ത രാജയും കുടുംബവും ജനാധിപത്യപ്രക്രിയയില്‍ പച്ചതൊട്ടതുപോലും സ്വന്തം നിലയ്ക്കല്ല എന്നതാണല്ലൊ ഇന്നത്തെ പച്ചപ്പരമാര്‍ത്ഥം.
അടിയന്തരാവസ്ഥ കാലത്ത് പാര്‍ലമെന്റിന്റെയും ജുഡീഷ്യറിയുടെയും ബ്യൂറോക്രസിയുടെയും നീതിപാലന മേഖലയുടെയും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെയും സാഹിത്യസിംഹങ്ങളുടെയും മാധ്യമങ്ങളുടെയും അവസ്ഥയെന്തായിരുന്നുവെന്നു ഈ മുറവിളിക്കാര്‍ അല്‍പ്പമെങ്കിലും ചിന്തിക്കുന്നുണ്ടോ? തൃശ്ശിവപേരൂര്‍ പൂരം പോലുള്ള ഉത്സവത്തിനിടയ്ക്ക് ചങ്ങല കിലുക്കിക്കൊണ്ട് ആന ഇടഞ്ഞേ എന്ന മുറവിളിയുമായി പരിഭ്രാന്തി സൃഷ്ടിച്ചു മുതലെടുക്കുന്ന കള്ളന്മാരെപ്പോലെ അസഹിഷ്ണുതാ മുറവിളിയുമായും ഒരു കൂട്ടര് ഇറങ്ങിയിരിക്കുന്നു.
ആര്‍ക്കാണ് അസഹിഷ്ണുത, ആരാണതിന്റെ ഇരകള്‍ എന്നതിന്റെ സാധനാപാഠം ഈയിടെ സത്യം, സമത്വം, സ്വാതന്ത്ര്യം അടയാളവാക്യമാക്കിയ, തൊണ്ണൂറാം കാലമെത്തിയ പത്രമുത്തശ്ശിക്കും ഉണ്ടായല്ലൊ. നൂറ്റൊന്ന് ഏത്തമിട്ട്, മൂക്കുകൊണ്ട് ‘ക്ഷ’ വരച്ച് സമസ്താപരാധം ക്ഷമസ്വ വിലപിച്ചിട്ടും അവര്‍ക്കു മതിവന്നില്ല.
രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ലോക്സഭയില്‍ ബിജെപി കേവലഭൂരിപക്ഷം നേടി അധികാരമേറിയ നാള്‍തൊട്ട് അസഹിഷ്ണുതയുടെ തുള്ളപ്പനി ബാധിച്ചുവിറകൊള്ളുന്നവരെക്കാണാം. ബിജെപിക്ക് വോട്ടു ചെയ്യാത്ത 61 ശതമാനം പേരുടെ കര്‍ത്തവ്യം സര്‍ക്കാരിനെ പുറത്താക്കുന്നതാണെന്ന് ഇടതുചിന്തകന്റെ സകലയുക്തികളും നിരത്തി നമ്മുടെ അതിബുദ്ധിജീവി ഇടതുലോക മഹാകവി സച്ചിദാനന്ദന് മാതൃഭൂമി വാരികയിലെഴുതിയ കാളമൂത്രം പോലത്തെ ലേഖനം തന്നെ അസഹിഷ്ണുതയുടെ നോബല്‍ സമ്മാനത്തിന് അര്‍ഹമായിരുന്നു.
അടിയന്തരാവസ്ഥക്കാലത്തു ഏറ്റവും മര്‍ദ്ദനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിയത് സംഘപ്രവര്‍ത്തകരും സംഘപ്രസ്ഥാനങ്ങളുമായിരുന്നുവെന്നത് പകല്‍പോലെ തെളിഞ്ഞ സത്യമാണ്. സ്വന്തം കരുത്തുകൊണ്ടുതന്നെ ആ കരാളഘട്ടത്തെ അതിജീവിച്ചു പുറത്തുവരികയും ജനായത്ത പുനഃസ്ഥാപനത്തിന് ഏറ്റവുംഏറെ വഴിയൊരുക്കുകയും ചെയ്ത സംഘമാണ് അതിനുശേഷം അസഹിഷ്ണുതക്കെതിരെ നിലയുറപ്പിച്ചത്.
ഇന്ദിരാഗാന്ധിയെ കുറ്റവിചാരണ ചെയ്തു തുറുങ്കിലടയ്ക്കണമെന്ന വിറളിയുമായി ഇറങ്ങിത്തിരിച്ച ചരണ്സിംഗിനെപ്പോലുള്ളവരുടെ ചെയ്തികളും ആരോടും പകവെക്കരുതെന്നുപദേശിച്ച സര്‍സംഘചാലക് ബാളാ സാഹിബ് ദേവറസ്ജിയും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. ”മറക്കുകയും പൊറുക്കുകയും” ആണ് (ളീൃഴല േമിറ ളീൃഴശ്ല) എന്നു പരസ്യമായി പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ എന്നും അതിനെ ശ്രമിച്ചിട്ടുള്ളൂ. ഇന്നും സംഘത്തോടാണ് തന്റെ സകല പകയുമായി ആ ഇന്ദിരാഗാന്ധിയുടെ പൗത്രന് ഉറഞ്ഞുതുള്ളുന്നത്.
അടിയന്തരാവസ്ഥയെയും അതിന്റെ അനുഭവങ്ങളെയും കുറിച്ച് അജ്ഞരായവരും അതിനോടുചേര്‍ന്നു നിന്നവരും നാണമില്ലാതെ പുലമ്പുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്രയുമെഴുതിയത്. അതിനിടെ കുളിര്കാറ്റുപോലത്തെ ഒരനുഭവം കൂടി ഉണ്ടായി. അപ്രതീക്ഷിതമായി ഗുരൂവായൂരില്നിന്ന് അഡ്വക്കേറ്റ് നിവേദിതയുടെ ഫോണ്‍കാള്‍. താന്‍ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്, അനുഗ്രഹം വേണം.
അറിയില്ലേ നിവേദിതയെ? അടിയന്തരാവസ്ഥക്കാലത്ത്, ജനസംഘം നേതാവായിരുന്ന രാധാ ബാലകൃഷ്ണന്റെ കൈക്കുഞ്ഞായി ജയില്‍വാസമനുഭവിച്ച കുരുന്നിനെ? കേരളത്തില്‍ സംഘത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ആരംഭകാലത്തുതന്നെ സജീവമായി രംഗത്തുവന്ന ബാലകൃഷ്ണന്-രാധാദമ്പതിമാരെ ആര്‍ക്കും മറക്കാനാവില്ല. അവര്‍ ഒഴിവായിനിന്ന ഒരു സമരമുഖവുമുണ്ടായിരുന്നില്ല. ജനസംഘത്തിലും ബിജെപിയിലും അനുസ്യൂത സാന്നിദ്ധ്യമായിരുന്നു അവര്‍.
അഭിഭാഷകയായ നിവേദിതയ്ക്ക് അവിചാരിതമായ അപകടത്തില്‍ ഭര്‍തൃവിയോഗം അനുഭവിച്ച് പശ്ചിമേഷ്യയില്‍ നിന്ന് നാട്ടിലെത്തി, പ്രായാധിക്യ വിവശനായ അച്ഛനെ ശുശ്രൂഷിച്ചും അമ്മയുടെ രാഷ്ട്രീയ ദൗത്യം പിന്തുടര്ന്നും കഴിയുന്നു. നിവേദിത ആ ദൗത്യം വിജയിപ്പിക്കുമെന്നു കരുതുകയാണ്. അടിയന്തരാവസ്ഥ എന്താണെന്നറിയാതെ അതിനു സമാനമായ അവസ്ഥയെന്ന ഭൂതത്തെപ്പടച്ചുവിടുന്നവര്ക്ക് ആരെയും വഞ്ചിക്കാനാവില്ല എന്ന് നിവേദിതതന്നെയാണ് പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: