പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തില്‍ ഇടതു വലതു മുന്നണികള്‍ ചേരിപ്പോരിലും തര്ക്കത്തിലുംപെട്ടുലഴുമ്പോള് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാര്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി.
നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വിവിധ ബൂത്തുതല ഭവന സന്ദര്‍ശനം ബിജെപി പൂര്‍ത്തിയാക്കി. പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചാണ് ഗൃഹസമ്പര്‍ക്കം നടത്തിയത്.162 സ്ക്വാഡുകള്‍ രൂപീകരിച്ചാണ് ബൂത്തുകളില്‍ പ്രവര്‍ത്തിച്ചത്. സ്ഥാനാര്‍ത്ഥി ഡി.അശോക് കുമാര്‍ രണ്ട് ദിവസങ്ങളിലായി അരുവാപ്പുലം, സീതത്തോട്, ചിറ്റാര്‍ , തണ്ണിത്തോട് , തേക്കുതോട്, തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി. പ്രമുഖ വ്യക്തികളേയും സജീവപ്രവര്ത്തകരേയും മറ്റ് വോട്ടര്‍മാരേയും സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. (ഫോണ്‍ 0468 2241919). വരുംദിവസങ്ങളില്‍ പ്രചരണത്തിന്റെ അടുത്തഘട്ടം ആരംഭിക്കും.
അതേസമയം ഇരു മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കവും പ്രതിഷേധവും കാരണം പ്രചരണ രംഗത്ത് സജീവമായിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെത്തുടര്‍ന്ന് പൊട്ടിത്തെറിയും പ്രതിഷേധവും ആദ്യം സിപിഎമ്മിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കോണ്‍ഗ്രസിലേക്കും വ്യാപിച്ചു. റവന്യൂമന്ത്രി അടൂര്‍പ്രകാശിന് സീറ്റ് നല്കാന് കെപിസിസി പ്രസിഡന്റ് തയ്യാറാകാത്തതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇന്നലെ വൈകിയും സീറ്റ് തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ ഡെല്‍ഹിയില്‍ തുടരുകയാണ്. ലഭ്യമായ വിവരം അനുസരിച്ച് അടൂര്‍പ്രകാശിന് പകരം മഹിളാകോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദുകൃഷ്ണയെ കോന്നിയില്‍ മത്സരിപ്പിക്കാനാണ് സാധ്യത. ഇത് കോണ്‍ഗ്രസിലും യുഡിഎഫിലും ചേരിപ്പോര് കൂടുതല്‍ രൂക്ഷമാക്കും. ഇതിനിടെ അടൂര്‍പ്രകാശിനെ അനൂകൂലിച്ചും പ്രതികൂലിച്ചും ഡിസിസി ഭാരവാഹികളടക്കമുള്ളവര്‍ രംഗത്തെത്തി. പ്രകാശിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഭാരവാഹിത്വം രാജിവെയ്ക്കാന്‍ ചിലര്‍ തയ്യാറായപ്പോള്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് മറ്റ് ചിലരും പ്രസ്താവനയിറക്കി.
കോന്നി നിയോജക മണ്ഡലത്തിലെ കെപിസിസി, ഡിസിസി ബ്ലോക്ക് നേതാക്കന്മാരടക്കം 17 പേര് തുടര്‍ച്ചയായി 20 വര്‍ഷം എം.എല്‍.എ ആയിരിക്കുകയും ഗുരുതരമായ അഴിമതി ആരോപണ വിധേയനാവുകയും ചെയ്ത റവന്യൂ വകുപ്പ് മന്ത്രിഅടൂര് പ്രകാശിന് സീറ്റ് നല്‍കരുതെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതായി ഡിസിസി ജനറല്‍ സെക്രട്ടറിമാരായ റെജി പൂവത്തൂര്‍, റോജി പോള്‍ ഡാനിയേല്‍ ബ്ലോക്ക് പ്രസിഡന്റ് മാത്യു കല്ലേത്ത് എന്നിവര്‍ അറിയിച്ചു.
സിപിഎമ്മില്‍ എം.എസ്.രാജേന്ദ്രന് സീറ്റ് നല്‍കാതെ നിയോജകമണ്ഡലത്തിന് പുറത്തുനിന്നും സനല്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ തുടക്കം മുതല്‍ പ്രതിഷേധത്തിനും പോസ്റ്റര്‍ പ്രചരണത്തിനും ഇടയാക്കിയിരുന്നു. എന്നാല്‍ നേതൃത്വം എം.എസ്.രാജേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ വിഭാഗീയതയും പ്രതിഷേധവും ഇപ്പോഴും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: