കോട്ടക്കല്‍: അധികൃതരുടെ ഒത്താശയോടെ തോട് കയ്യേറുന്നതായി പരാതി. കോട്ടക്കല്‍ നഗരസഭ, മാറാക്കര പഞ്ചായത്ത് എന്നിവയിലൂടെ ഒഴുകുന്ന പടിഞ്ഞാറെ തോടിന്റെ ഭൂരിഭാഗവും സ്വകാര്യവ്യക്തികളുടെ കൈവശമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ തോടിന്റെ സംരക്ഷിക്കുന്നതിനായി സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മേല്‍നോട്ടത്തില്‍ തോടിന്റെ ഇരുവശങ്ങളും കരിങ്കല്‍ ഉപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മ്മിക്കുകയാണ് ഇപ്പോള്‍. എംഎല്‍എയുടെ നിറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതിയുടെ മറവിലാണ് കയ്യേറ്റം നടക്കുന്നത്. ഇതിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുന്നതാകട്ടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും.
തോടിന്റെ അരികുകള്‍ കെട്ടുമ്പോള്‍ വില്ലേജ് ഓഫീസിലെ എഫ്എംബി രജിസ്റ്ററിലെ തോടിന്റെ നീളം വീതി എന്നിവ പാലിക്കണമെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും പാലിക്കാതെ തോടിന്റെ വരമ്പുകളുടെ ഏകദേശ കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തി നടക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ തോട് പലസ്ഥലത്തും വീതി കുറയാന്‍ ഇടയാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
കുറ്റിപ്പുറത്ത്കാവ് ക്ഷേത്രത്തിന് സമീപമുള്ള കുറ്റിപ്പുറം-ആലിക്കല്‍ കുടിവെള്ള പദ്ധതിയുടെ കിണര്‍ ഈ തോട്ടിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ മതില് കെട്ടിയത് മൂലം കിണറും പമ്പ് ഹൗസും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അകപ്പെട്ടു. നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും തോട് അളന്ന് തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി സമര്‍പ്പിക്കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: