ഇന്ന് ഈസ്റ്റര്‍. യേശുക്രിസ്തുവിന്റെ ജനനം. ക്രൂശുമരണം, പുനരുത്ഥാനം തുടങ്ങി എല്ലാ കാര്യങ്ങളിലും വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ സഹനവും ത്യാഗവും ലോകത്തെ പഠിപ്പിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ലോകത്ത് പലയിടത്തും പലതരത്തിലാണ് ആചരിക്കുന്നത്. ഈസ്റ്റര്‍ ആഘോഷത്തിന് ദേശപരിഗണനകളില്ല. വിവിധ രാജ്യങ്ങള്‍ അവരുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ച് ചെറിയ വ്യത്യാസങ്ങളോടെ ആഘോഷിക്കുന്നുവെന്ന് മാത്രം. എന്നാല്‍ ക്രിസ്തുവിന്റെ ഉയിര്ത്തെഴുന്നേല്പ് ആഘോഷിക്കുമ്പോള്‍ മനസില്‍ നിറയുന്ന ആഹ്ലാദത്തിനും സന്തോഷത്തിനും ലോകത്തെല്ലായിടത്തും ഒരേ താളം.
ഗ്രീക്ക് പുരാണത്തില്‍ അതിപുരാതനമായൊരു പക്ഷിക്കഥയുണ്ട്. അറേബ്യയിലെ മണലാരണ്യത്തില്‍ ഏകാകിയായി അലയുന്ന ഫിനിക്സ് പക്ഷിയുടെ കഥ. നൂറ്റാണ്ടുകളോളം ജീവിക്കാന്‍ തക്ക ആയുര്‍ദൈര്‍ഘ്യമുള്ള ആ പക്ഷി ജീവിതാന്ത്യത്തില്‍ വംശനാശത്തിന്റെ ദുഖവും പേറി ആത്മാഹുതി ചെയ്യുന്നു. അതോടൊപ്പം ഐതിഹാസികമായ ആ ജീവിതം ഒരുപിടി ചാരമായി മാറുന്നു. പക്ഷെ, സകലമാന വിശ്വാസപ്രമാണങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ട്, സകല ചരാചരങ്ങളേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ഭസ്മത്തില്‍ നിന്നും ഒരു ചെറിയ ഫിനിക്സ് പക്ഷി ചിറകടിച്ച് അനന്തവിഹായസ്സിലേക്ക് ഉയര്‍ന്നു പറന്നു. ജീവനും മരണവും തമ്മില്‍ ദീര്‍ഘമായി നീണ്ടുനില്‍ക്കുന്ന ആ സംഘട്ടനത്തില്‍ ആത്യന്തികമായി ജീവന് ജയിക്കുന്നു. മരണത്തിന്റെ ശക്തിയെ നിര്‍വീര്യമാക്കി ഉയിര്‍ത്തെഴുന്നേറ്റ യേശുനാഥന്റെ പുനരുത്ഥാനത്തെ വിശദീകരിക്കാന്‍ ആദിമ ക്രൈസ്തവ പണ്ഡിതന്മാര് കണ്ടെത്തിയ ഉദാഹരണമാണ് ഫിനിക്സ് എന്ന പ്രതീകം.
പുനരുത്ഥാനം പുനര്‍ജന്മമല്ല. അന്തരിച്ച വ്യക്തിയുടെ സര്‍വ പ്രഭാവത്തോടും കൂടിയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. അന്ധകാരവും പ്രകാശവും നിതാന്ത വൈരുദ്ധ്യങ്ങളായി നിലകൊളുന്നതുപോലെ ജീവനും മരണവും ശത്രുക്കളായി തുടരുന്നു. എന്നാല്‍ പ്രകാശം അന്ധകാരത്തെ എന്നന്നേക്കുമായി കീഴടക്കുമെന്ന് പുനരുത്ഥാനത്തിന്റെ സന്ദേശത്തില്‍ കൂടി ക്രിസ്തു വെളിപ്പെടുത്തുന്നു. ക്രിസ്തീയ സമൂഹം അതിന്റെ ജീവന്റെ ആണിക്കല്ലായിട്ടാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ ദര്‍ശിക്കുന്നത്. മഹാപണ്ഡിതനായ സെന്റ് പോളിന് ക്രിസ്തുവിന്റെ പുനരുത്ഥാനം പകല്‍പോലെ പരമാര്‍ത്ഥമായ ഒരു സത്യമായിരുന്നു. ഉയിര്‍ത്തെഴുന്നേറ്റവനായ ക്രിസ്തുവിനോട് കൂടെയുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ലോകത്തിലെ കഷ്ടതകള്‍ ഒന്നുമല്ലെന്ന് അദ്ദേഹം കരുതിയിരുന്നു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം നിഷ്ഫലം. നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥം.എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു എന്നുകൂടി അദ്ദേഹം എഴുതി. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വസ്തുതകള്‍ ഉയിര്‍പ്പിലൂടെ വ്യക്തമായി വിളംബരം ചെയ്യാന്‍ ക്രിസ്തുവിന് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: