കല്‍പ്പറ്റ : കാര്‍ഷിക പ്രതിസന്ധി നേരിടുന്ന ജില്ലയിലെ സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ സ്വയംസംരംഭക സാധ്യതകളേറെയുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി.ബാഹുലേയന്. മൃഗസംരക്ഷണ മേഖലയിലെ നവസംരംഭകര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശ പരിപാടി സംരംഭക സംഗമം 2016 മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മിശ്ര കൃഷി രീതിയിലൂടെ മികച്ച രീതിയില്‍ വരുമാനം നേടാനാകുമെന്നും ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സഹകരണവും മൃഗാശുപത്രികളില്‍ നിന്ന് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ 50000ത്തോളം കോഴി ഫാമുകളുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ ഇറക്കുമതി ചെയ്യേണ്ടി വരുന്നു. ഫാമുകളുംമറ്റും തുടങ്ങുന്നതിനുള്ള സാങ്കേതികസംവിധാനങ്ങളിലെ കാഠിന്യം കുറക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണ മേഖല കര്‍ഷക കുടുംബങ്ങളുടെ മുഖ്യതൊഴിലായും വരുമാനമായും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ സംരംഭകത്വ സാധ്യതകള്‍ പരിചയപ്പെടുത്തുകയും പുതിയ സംരംഭകരെ ഇതിലേക്ക് ആകര്‍ഷിച്ച് അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്. സംരംഭകത്വ സാധ്യതകള്‍ മൃഗസംരക്ഷണ മേഖലയില്‍ എന്ന വിഷയത്തില്‍ പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി സംരംഭകത്വ വിഭാഗം ഡയറക്ടര്‍ ഡോ. ടി.പി. സേതുമാധവന് ക്ലാസ്സെടുത്തു. കാര്‍ഷിക മേഖലയുടെ രണ്ടര ശതമാനം വളര്‍ച്ചയ്ക്ക് മൃഗസംരക്ഷണ മേഖലയില്‍ ഒരു ശതമാനം വളര്‍ച്ച കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമ്മിശ്ര കൃഷി രീതികളും ക്ഷീരമേഖലയുടെ സാധ്യതകളും ഏറെയുള്ള ജില്ലയില്‍ ജൈവ രീതി അവലംബിച്ച് മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. സമ്മിശ്ര കൃഷികളിലൂടെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച നിരവധി കര്‍ഷകര്‍ ജില്ലയിലെ മറ്റു കര്‍ഷകര്‍ക്ക് പ്രചോദനമാണെന്നും പുതുതായി മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നു ചെല്ലുന്നവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് ഉപജീവന മാര്‍ഗ്ഗമാക്കി മാറ്റാന്‍ ഇത്തരം ശില്‍പ്പശാലകള്‍ പ്രയോജനകരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുട്ട ഉല്‍പ്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ശാസ്ത്രീയമായ രീതിയിലുള്ള കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മുട്ടയുടെ ഗുണമേ വര്‍ദ്ധിപ്പിക്കുന്നതിനും ‘അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ നൂതനമാര്ഗങ്ങ ള്‍’ എന്ന വിഷയത്തില്‍ പൂക്കോട് വെറ്ററിനറി കോളേജ് ഡോ. അബ്ദുള്‍ മുനീറും നായ് വളര്‍ത്തല്‍ വ്യാപാരാടിസ്ഥാനത്തില്‍ ആദായകരമായ തൊഴിലാക്കി മാറ്റുന്നതിന് നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കുന്നതിന് നായ വളര്‍ത്തല്‍, പ്രജനനവും വിപണന സാധ്യതകളും എന്ന വിഷയത്തില്‍ വെറ്ററിനറി കോളേജ് അസ്സി. പ്രൊഫസര്‍ ഡോ. ലീബ ചാക്കോയും ക്ലാസ്സുകളെടുത്തു.
മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്ക് സീനിയര്‍ വെറ്റിനറി സര്ജന് ഡോ. പി.ആര്.സുധീര്‍ കുമാര്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളി, ഡോ. അശ്വതി, ഡോ. റസാനത്ത്, ഡോ. ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: