കല്‍പ്പറ്റ : വിവിധഘടകങ്ങളില്നിന്നുയര്ന്ന പരാതിയെ തുടര്‍ന്ന് എന്‍ജിഒ അസോസിയേഷന് വയനാട് ജില്ലാ പ്രസിഡന്റ് ഉമാശങ്കറിന് സ്ഥാനചലനം. സാധാരണയായി എന്‍ജിഒ അസോസിയേഷന് ജില്ലാ സമ്മേളനത്തില്‍ വച്ചാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. പക്ഷെ കീഴ്ഘടകങ്ങളില്‍ നിന്നുയര്‍ന്ന പരാതിയുടെ ഗൗരവം പരിഗണിച്ച് വെള്ളിയാഴ്ച സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും കല്പ്പറ്റിലെത്തി നേതൃ സംഗമവും ജില്ലാകൗണ്‍സില്‍ ഉള്‍പ്പെടുന്ന സെക്രട്ടറിയേറ്റും വിളിച്ചുചേര്‍ത്ത് ശുദ്ധീകരണം നടത്തുകയായിരുന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റിയതിനുപകരമായി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉമാശങ്കറിനെ ഉള്‍പ്പെടുത്താമെന്ന ഉറപ്പ് സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് അറിവ്. നേതൃയോഗത്തില്‍ രേഖാമൂലവും അല്ലാതെയുമായി സംഘടനക്ക് വിവിധ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഉമാശങ്കര്‍ തുടരുന്നത് ശരിയല്ലെന്നാണ് മറ്റ് പ്രതിനിധികള്‍ വാദിച്ചത്.
വിവിധ വിഷയങ്ങളിലായി ജില്ലാ പ്രസിഡന്റിനെതിരേ നിരവധി പരാതികള്‍ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിരുന്നുവെന്നാണ് അറിയുന്നത്. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കേസും ഉണ്ടായിരുന്നു. മോശം പെരുമാറ്റം സംബന്ധിച്ചാണ് കൂടതല്‍ പരാതികളും. ചില പരാതികള്‍ കലക്ടര്‍ക്ക് ലഭിക്കുകയും കലക്ടര്‍ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ഒരു വനിതാ ജീവനക്കാരിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്ന തായും, പിന്നീട് ഈ വിഷയം ഒത്തുതീര്ക്കുകയായിരുന്നുവെന്നാണ് സൂചന. ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ വനിതാ ജീവനക്കാരിയുടെ ഭര്‍ത്താവ് മര്‍ദിച്ച സംഭവം വരെയുണ്ടായി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജില്ലാ പ്രസിഡന്റിനെ മാറ്റിയ വിവരം പുറത്തറിഞ്ഞ് ചര്‍ച്ചയായി യുഡിഎഫിനെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: