കൊതുകിനെക്കൊണ്ട് നാമൊക്കെ പൊറുതിമുട്ടിയിരിക്കുകയാണ്. അരനിമിഷം അനങ്ങാതിരുന്നാല്‍ മതി. അപ്പോള്‍കിട്ടും ഒന്നാന്തരം കടി. കൊതുക് കുത്തിയാല്‍ മലമ്പനിയും മന്തുമൊക്കെ പേടിച്ചാല്‍ മതിയായിരുന്നു. പണ്ടൊക്കെ പിന്നെ ജപ്പാന് ജ്വരവും ഡങ്കിപ്പനിയും ചിക്കന്‍ ഗുനിയയുമൊക്കെ കൊതുകിനൊപ്പം മൂളിപ്പറന്നെത്തി. ഇപ്പോഴിതാ മറ്റൊരുഭീകരന്‍ കൂടി. സിക വൈറസ്. ഈഡിസ് ഈജിപ്റ്റി എന്ന കൊതുകുരഥത്തിലേറിയാണ് സികാഭീകരന്റെ അവതാരം.
സിക വൈറസിനെ നാം ഭയക്കണം. കാരണം, നമ്മെക്കാളും
അത് നമ്മുടെ വരുംതലമുറയെയാണ് ലക്ഷ്യമിടുന്നത്- പ്രത്യേകിച്ചും ഗര്‍ഭസ്ഥ ശിശുക്കളെ. ഗര്‍ഭിണികള്‍, സിക ബാധിച്ച കൊതുകിന്റെ കടികൊണ്ടാല്‍ കുഞ്ഞിന് മൈക്രോ-സെഫാലി രോഗം ഏതാണ്ടുറപ്പ്. മൈക്രോ സെഫാലി എന്നാല്‍ ശോഷിച്ച തലയും തകരാറുവന്ന തലച്ചോറും ഉണ്ടാക്കുന്ന രോഗം. സിക വീശിയടിച്ച ബ്രസീലില്‍ അടുത്തിടെ പിറന്ന അയ്യായിരത്തോളം കുഞ്ഞുങ്ങള്‍ക്ക് സിക ബാധിച്ചതായാണ് റിപ്പോര്‍ട്ട്. തീര്‍ന്നില്ല, നാഡീവ്യവസ്ഥ തകരാറിലാക്കി തളര്‍വാതം വരുത്തുന്നു. ഗില്ലൈന്‍-ബാരി സിന്‍ഡ്രോം രോഗവും സികയുടെ ആയുധപ്പുരയിലുണ്ടത്രേ.
ബ്രസീലിലെ സിക വിളയാട്ടം ആരോഗ്യവിദഗ്ധരെപ്പോലും അമ്പരിപ്പിക്കുന്നതായിരുന്നു. നിശ്ചിതകാലയളവില്‍ സാധാരണ സംഭവിക്കുന്നതിന്റെ 30 ഇരട്ടിയാളുകള്‍ക്ക് രോഗബാധ. ആകെ 33 രാജ്യങ്ങളില്‍ രോഗം പടരുന്നു. ബ്രസീലില്‍ മാത്രം 10 ലക്ഷത്തില്‍ പരം പേരെ ആത് രോഗികളാക്കി. ഒടുവില്‍ ലോകാരോഗ്യ സംഘടന അന്തര്‍ദേശീയ തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
അമേരിക്കന്‍ വന്‍കരയുടെ പല ഭാഗങ്ങളിലും സിക പകര്‍ന്നതിനെ തുടര്‍ന്ന് ഇത്തരം ദേശങ്ങളിലേക്ക് ഗര്‍ഭിണികള്‍ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ബ്രസീല്‍, കൊളമ്പിയ, ജമൈക്ക, എല്‍സാല്‍വഡോര്‍, വെനിസ്വല തുടങ്ങിയ രാജ്യങ്ങളിലൊക്കെ സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശമെന്താണെന്നോ-സിക വൈറസ് നിയന്ത്രണാധീതമാകുംവരെ ദയവായി ഗര്‍ഭധാരണം അരുത്!.
സികയുടെ രൂക്ഷമായ ആക്രമണത്തിനിരയായ ബ്രസീല്‍ വലിയൊരു സാമ്പത്തിക തകര്‍ച്ചയെക്കൂടി അഭിമുഖീകരിക്കകുയാണ്. രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 10 ശതമാനം നല്കുന്ന ടൂറിസം മേഖലക്കേറ്റ കടുത്ത വെല്ലുവിളി. രാജ്യം ഈ വര്‍ഷം പ്രതീക്ഷിക്കുന്ന നഷ്ടം 47 ശതകോടി ഡോളര്‍. ഗര്‍ഭനിരോധനവും മറ്റും മഹാപാപമായി കരുതുന്ന വിശ്വാസികളുടെ ഈ രാജ്യം ഗര്‍ഭഛിദ്രവും ഗര്‍ഭനിരോധനവുമൊക്കെ നിയമപരമാക്കുന്ന കാര്യവും പരിഗണിക്കുന്നു.
കാഴ്ചയില്‍ വളരെ ലളിതമായ ലക്ഷണമാണ് സിക രോഗികള്‍ കാട്ടുക.
തലവേദന, ചെറിയ പനി, ശരീരക്ഷീണം, സന്ധിവേദന, ചെങ്കണ്ണ്, തൊലിയിലെ ചുവന്നപാടുകള്‍…അത്രതന്നെ. രോഗംവന്ന് ഒരാഴ്ചയ്ക്കകം ഇവയൊക്കെ പ്രത്യക്ഷപ്പെട്ടിരിക്കും. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കാണ് സിക മാരകം.
അമേരിക്കയിലെ ജോണ്‍ഹോപ്പ്കിന്‍സ് സര്‍വകലാശാല മെഡിക്കല്‍ സ്കൂളും ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് നടത്തിയ ഗവേഷണം മറ്റൊരു കാര്യം കൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നു. തലച്ചോറിന്റെ സെറിബ്രല്‍ കോര്‍ട്ടക്സിന് രൂപം നല്കുന്ന ന്യൂറല്‍ വിത്തു കോശങ്ങളെയും സികാ വൈറസ് നശിപ്പിക്കും. രക്തദാനത്തിലൂടെയും ശാരീരിക ബന്ധത്തിലൂടെയും മൂത്രം സ്പര്‍ശിക്കുന്നതിലൂടെയും സിക പകരാം.
ഇനി സിക എവിടെനിന്നും വരുന്നുവെന്നുകൂടി നോക്കാം. സാക്ഷാല്‍ കുരങ്ങില്‍ നിന്ന്. ഉഗാണ്ടയിലെ സികാ കാടുകളില്‍ വസിക്കുന്ന റീസസ് കുരങ്ങില്‍ നിന്നാണ് വൈറസിനെ ആദ്യമായി വേര്‍തിരിച്ചെടുത്തത്-1947 ല്‍. കൃത്യം അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ സിക മനുഷ്യനെ ആക്രമിച്ച റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നെ ഏതാണ്ട് അര നൂറ്റാണ്ട് ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന സിക പൊടുന്നനെയാണ് വിനാശകാരിയായി മാറിയത്. പസഫിക് സമുദ്രത്തിലെ ദ്വീപുകളിലായിരുന്നു തുടക്കം.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് സംക്രമിക്കുന്ന സിക പോലുള്ള രോഗങ്ങളെ സുനോട്ടിക് രോഗങ്ങളെന്നാണ് വിളിക്കുക. സുനോട്ടിക് അഥവാ മൃഗജന്യ രോഗങ്ങള്‍ മൂല്ം ലോകമെങ്ങും 2.5 ശതകോടി മനുഷ്യരാണ് രോഗബാധിതരാകുന്നത്. അതില്‍ 27 ലക്ഷം പേര്‍ക്ക് മരണം സംഭവിക്കുന്നതായും ഇംഗ്ലണ്ടിലെ അന്തര്‍ദേശീയ വികസന വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
സിക രോഗം ഭാരതത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ് ഏക ആശ്വാസം. പക്ഷേ, ലോകഗതാഗതവും ചരക്ക്് ഗതാഗതവും ഇത്രത്തോളം സുഗമമായിത്തീര്‍ന്ന ഇന്ന് അതിനൊരു സമയം വേണ്ട. അതുകൊണ്ടാണ് കേന്ദ്രആരോഗ്യ കുടുംബക്ഷേമ കാര്യാലയം നമ്മോട് ഇങ്ങനെ പറയുന്നത്-സിക ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് അത്യാവശ്യമുണ്ടെങ്കില്‍ മാത്രം. ഗര്‍ഭിണികളും ഗര്‍ഭം ധരിക്കാനുദ്ദേശിക്കുന്നവരും യാത്ര വേണ്ടെന്നുവയ്ക്കുക. പനി വന്നാല്‍ ആരോഗ്യ കേന്ദ്രത്തെ ഉടന്‍ അറിയിക്കുക.
ഈജിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോ പിക്റ്റസ് എന്നീ രണ്ടിനം കൊതുകുകളാണ് സികയുടെ മുഖ്യ പ്രചാരകര്‍. അവയെ തുരത്തിയാല്‍ മതി. പക്ഷേ, കൊതുകുകളെ ചെറുക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. വൃത്തിഹീനമായ പരിസരവും മാലിന്യക്കൂമ്പാരങ്ങളും വെള്ളം കെട്ടിക്കിടക്കുന്നതും മാത്രമല്ല, താലാവസ്ഥ വ്യതിയാനവും നഗരവത്കരണവുമെല്ലാം ജനിതകമായിപ്പോലും കരുത്തരാക്കി. നഗരവത്കരണം അവയ്ക്ക് പുത്തന്‍ ആവാസാ കേന്ദ്രങ്ങള്‍ നല്കി. വിഷപ്രയോഗം പുത്തന്‍ സിദ്ധികള്‍ നല്കി. ഇതുപോലെ രോഗാണുക്കളും കൂടുതല്‍ കരുത്തരാവുന്നു.
പക്ഷേ, സിക വരുന്നെന്നോര്‍ത്ത് ഭയക്കേണ്ട. സികയുടെ വാഹകര്‍ നമ്മുടെ വീട്ടിലും നാട്ടിലും കടക്കാതെ നോക്കിയാല്‍ മതി. ഓരോരുത്തരും എല്ലാവര്‍ക്കുവേണ്ടിയും എല്ലാവരും ഓരോരുത്തര്‍ക്കുവേണ്ടിയും മുന്‍കരുതല്‍ സ്വീകരിക്കുക. കൂത്താടികളെ മൂടോടെ മുടിക്കുക. കൊതുകുകടി കൊള്ളാതെ സൂക്ഷിക്കുക. എങ്കില്‍ എല്ലാം ഭദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: