പത്തനംതിട്ട: സ്ഥാനാര് ത്ഥിനിര്ണ്ണയം സിപിഎമ്മുകാര്‍ പ്രകടനവും പോസ്റ്ററുകളുമായി തെരുവില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള നിയോജകമണ്ഡലത്തിലേക്ക് നേതാക്കന്മാരുടെ സ്ഥാനമോഹം നിമിത്തം സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാനാവാതെ ജില്ലാ നേതൃത്വം. നേതാക്കന്മാരെ തഴഞ്ഞ് ന്യൂനപക്ഷ പ്രീണനത്തിനായി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചപ്പോള്‍ പ്രതിഷേധവുമായി അണികള്‍ തെരുവില്‍. ആറന്മുളയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ജോര്‍ജ്ജ് ജോസഫിന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ വീണാജോര്‍ജ്ജിനെ സിപിഎം നേതൃത്വം ലിസ്റ്റില്പെടുത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്. പത്തനംതിട്ട നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ജില്ലാ നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് സിപിഎം എന്ന പേരില്‍ പലയിടത്തും പതിച്ചിട്ടുള്ള പോസ്റ്ററില്‍ നേതൃത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണുള്ളത്. പത്തനംതിട്ട ജില്ലയിലെ സിപിഎം കോണ്‍ഗ്രസ് നേതാക്കളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം സംസ്ഥാന കമ്മിറ്റി അന്വേഷിക്കണമെന്നും വിഭാഗീയതയില്‍ മുങ്ങിയ സിപിഎം ജില്ലാ നേതൃത്വത്തെ തിരുത്താന്‍ സംസ്ഥാന നേതൃത്വം ഇടപെടണമെന്നും പോസ്റ്ററിലൂടെ സിപിഎംകാര്‍ ആവശ്യപ്പെടുന്നു. സഭാ സ്ഥാനാര്‍ത്ഥി ആറന്മുളയില് വേണ്ടെന്നും പെയ്മെന്റ് സ്ഥാനാര്‍ത്ഥിയെ ആറന്മുളയില് ആവശ്യമില്ലെന്നും പറയുന്ന പോസ്റ്ററില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ കുടില തന്ത്രം തിരിച്ചറിയണമെന്നും ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്നുണ്ട്.
കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന മുദ്രാവാക്യവുമായി ഓമല്ലൂരിലടക്കം സിപിഎമ്മുകാര്‍ പ്രകടനവും നടത്തി.
ആറന്മുള മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നതിന് ജില്ലാ സെക്രട്ടറിയേറ്റ് ഏഴുതവണയിലേറെ ചേര്‍ന്നതായാണ് സൂചന. സംസ്ഥാന നേതൃത്വത്തിന് പലതവണ സ്ഥാനാര്‍ത്ഥിലിസ്റ്റ് നല്‍കുകയും ചെയ്തു.ആദ്യം നല്കിയ ലിസ്റ്റില്‍ യോഗ്യരായവര്‍ ഇല്ലെന്ന കാരണത്താല്‍ സംസ്ഥാന നേതൃത്വം തള്ളി. യോഗ്യരായവരെ കണ്ടെത്താന്‍ പിന്നീട് പലതവണ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നെങ്കിലും സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം പേരും സ്ഥാനാര്‍ത്ഥികളാകാന്‍ രംഗത്തെത്തിയതോടെ സമവായത്തിലെത്താന്‍ കഴിയാതെ പിരിഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്തായ നേതാക്കന്മാര് അടുത്തയാള്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കയറിപ്പറ്റാതിരിക്കാന്‍ തന്നാലാവും വിധം പണിതുടങ്ങിയതോടെ ലിസ്റ്റ് പൂര്‍ത്തീകരിക്കാനാകാതെ ജില്ലാ നേതൃത്വവും വലഞ്ഞു. ഇതിനിടെ ഒരു സംസ്ഥാനസമിതിയംഗം സ്ഥാനാര്‍ത്ഥിമോഹവുമായി സംസ്ഥാന നേതൃത്വത്തെ നേരിട്ട് സമീപിച്ചതായും പറയപ്പെടുന്നു. സിപിഎമ്മുമായി പുലബന്ധമില്ലാത്ത പലരേയും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി തടിതപ്പാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയുടെ ഭാര്യയുടെ പേര് നേതൃത്വം മുന്നോട്ട് വെച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളില്‍ പോലും പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരാളെ സിപിഎം ആറന്മുളയിലേക്ക് പരിഗണിച്ചത് മത ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ചാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വീണാജോര്‍ജ്ജിന്റെ ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഒരു പ്രായശ്ചിത്തമാണോ എന്നും സിപിഎമ്മുകാര്‍ ചോദിക്കുന്നു. 2006 ലെ പത്തനംതിട്ട നഗരസഭയില്‍ നടന്ന സംഭവങ്ങളാണ് ഈ ചോദ്യത്തിന് കാരണമായി അവര്‍ ഉന്നയിക്കുന്നത്. വീണാജോര്‍ജ്ജിന്റെ മാതാവ് റോസമ്മ കുര്യാക്കോസ് പത്തനംതിട്ട നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് (ജെ)യുടെ പ്രതിനിധിയായിരുന്നു. എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന അവര്‍ അന്നത്തെ നഗരസഭാ ചെയര്‍പേഴ്സണ്‍ അമൃതം ഗോകുലത്തിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. എല്‍ഡിഎഫ് വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലിക്കാന്‍ നഗരസഭയിലെത്തിയ റോസമ്മ കുര്യാക്കോസിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടയുകയും ദേഹോപദ്രവം ഏല്‍പ്പിച്ചതും ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ റോസമ്മാ കുര്യാക്കോസിന്റെ വസ്ത്രം വലിച്ചുകീറിയതും പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ഇത് സംബന്ധിച്ച് കേസുമുണ്ടായിരുന്നു. ഇതിനുംപുറമേ ഇക്കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിലും നഗരസഭയുടെ പതിനാലാം വാര്‍ഡില്‍ എല്‍ഡിഎഫിനെതിരേ ഇവര്‍ മത്സരിച്ചതായും പ്രതിഷേധക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: