കൊച്ചി: ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘടനയായ സൊസൈറ്റി ഫോര്‍ കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ജിയോഗ്രാഫി ആന്‍ഡ് ഇന്റര്‍വെന്‍ഷന്‍സ് സംഘടിപ്പിക്കുന്ന സങ്കീര്‍ണ്ണ ആന്‍ജിയോപ്ലാസ്റ്റി സമ്മേളനം മാര്‍ച്ച് 19, 20 തീയതികളില്‍ കൊച്ചി ഹോട്ടല്‍ മാരിയോട്ടില്‍ നടക്കും.
ഹൃദ്രോഗ ചികിത്സയില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തിയ അതിനൂതന കാല്‍വെയ്പുകള്‍, അത്യന്താധുനിക സാങ്കേതികവിദ്യകള്‍, ചികിത്സാരീതികള്‍ എന്നിങ്ങനെ കാതലായ വിഷയങ്ങളില്‍ ചര്‍ച്ചകളും, പ്രഭാഷണങ്ങളും, വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയും ലിസി ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമായ ഡോ. ജാബിര്‍ എ. പറഞ്ഞു. തുറന്നുള്ള ശസ്ത്രക്രിയകള്‍ വഴിയല്ലാതെ ബ്ലോക്കുകള്‍ നീക്കംചെയ്യാന്‍ അവലംബിക്കേണ്ട പ്രക്രിയകള്‍, കാഠിന്യമേറിയ ബ്ലോക്കുകള്‍ ഡ്രില്‍ ചെയ്ത് പൊടിച്ചുകളയുന്ന റോട്ടാബ്ലേഷന്‍ എന്ന ആന്ജിയോപ്ലാസ്റ്റിയുടെ പുതിയ ചികിത്സാരീതി എന്നിവ സമ്മേളനത്തില്‍ വിശദീകരിക്കും.
അന്താരാഷ്ട്ര പ്രതിനിധികള്‍, എസ്സിഎഐ മെമ്പര്‍മാര്‍, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആന്‍ജിയോപ്ലാസ്റ്റി വിദഗ്ധര്‍ ഉള്‍പ്പടെ ഇരുനൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഡോ: ജാബിര്‍ പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സംബന്ധിച്ച ശാസ്ത്ര സെഷനുകള്‍ക്ക് എസ്സിഎഐ അന്താരാഷ്ട്ര ഫാക്കല്‍റ്റികളായ ഡോ. വഖര്‍. എച്ച്. അഹ്മെദ്, പ്രൊഫ. ഒമര്‍ ഗൊക്ടെകിന്, ലൂയി എ. ഗുസ്മാന്, ഡോ. രമേഷ് ദഗ്ഗുബതി എന്നിവര്‍ നേതൃത്വം നല്‍കും. ആഞ്ചിയോപ്ലാസ്റ്റിയുടെ മികവ്, മാനദണ്ഡങ്ങള്‍, ബെഞ്ച്മാര്‍ക്കുകള്‍, മാര്‍ഗരേഖകള്‍ എന്നിവ രൂപപ്പെടുത്തുന്ന അന്താരാഷ്ട്ര സംഘടനയായ എസ്സിഎഐയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ സങ്കീര്‍ണ ആന്‍ജിയോപ്ലാസ്റ്റി സമ്മേളനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: