പത്തനംതിട്ട: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റില്‍ തീപിടുത്തം. മൂന്നര ലക്ഷം രൂപയുടെ നാശനഷ്ട്ടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം.നഗരസഭ കരാര്‍ നല്‍കിയതനുസരിച്ച് മാലിന്യ ശേഖരണം നടത്തുന്ന ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്സ് റിംഗ് റോഡരികില്‍ അറവുശാലയ്ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന പ്ലാന്റില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് തീപടര്‍ന്നത്. സംസ്കരണശാലയ്ക്ക് സമീപം കൂട്ടിയിട്ട് കത്തിച്ച മാലിന്യത്തില്‍ നിന്ന് തീപടര്‍ന്ന് പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. തരം തിരിച്ച് മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് ആദ്യം തീ പിടിച്ചത്. തീ ആളിപ്പടര്ന്നതിനേത്തുടര്ന്ന് പത്തനംതിട്ട, കോന്നി, റാന്നി എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ എത്തി രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവ സമയം 35 ജീവനക്കാര്‍ പ്ലാന്റില്‍ ജോലിയില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളില്‍ പുനരുത്പാദനവിധേയമാക്കേണ്ടവയും ഉപകരണങ്ങളും കത്തിനശിച്ചതിലൂടെയാണ് നഷ്ടം വര്‍ധിപ്പിച്ചത്.
നഗരസഭ പ്രദേശത്തു നിന്ന് ശേഖരിക്കുന്ന മാലിന്യം ഇവിടെ എത്തിച്ച് ഖരം, ജൈവം എന്നിങ്ങനെ തരം തിരിച്ചാണ് സംസ്കരിക്കുന്നത്. പുനരുത്പാദിപ്പിക്കാന്‍ കഴിയുന്നത് പുറത്തേക്ക് കയറ്റി അയയ്ക്കും. ഇത്തരത്തില്‍ കയറ്റി അയക്കാനായി സൂക്ഷിച്ചിരുന്ന മാലിന്യത്തിന്റെ വലിയൊരു ശേഖരം ഇവിടെയുണ്ടായിരുന്നു. ഈ ഭാഗത്ത് തീപടര്‍ന്ന് പിടിക്കുന്നത് കണ്ടതോടെ ജീവനക്കാര്‍ പുറത്തേക്കിറങ്ങി ഓടി. ജീവനക്കാര്‍ തന്നെയാണ് അഗ്നിശമന സേനാംഗങ്ങളെയും വിവരം അറിയിച്ചത്.
പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്നതിനാല്‍ തീ കൂടുതല്‍ ശക്തിയോടെ പടര്‍ന്നു പിടിച്ചു. പത്തടിയോളം ഉയരത്തില്‍ തീ ആളിക്കത്തിയതും ആശങ്ക വര്‍ധിപ്പിച്ചു.
തീപടര്‍ന്ന് പിടിച്ചതറിഞ്ഞ് നിരവധിയാളുകള്‍ പ്രദേശത്തു ഓടിക്കൂടി. മാലിന്യ സംസ്കരണത്തിലൂടെ നഗരസഭയ്ക്കും ലാഭം നല്കിയ മാലിന്യ സംസ്കരണ പ്ലാന്റ് 2014 ല്‍ ആണ് സ്വകാര്യ കമ്പനിയെ ഏല്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: