ബത്തേരി: ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടക്കനാട് സ്വദേശി പുളിയാട് രതീഷ്(33)നെയാണ് ബത്തേരി പോലിസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ലക്ഷങ്ങളാണ് രതീഷ് തട്ടിയതെന്നാണ് പരാതി. തട്ടിപ്പിരയായത് ഒപ്പം പഠിച്ചവരും വിദ്യാര്‍ത്ഥികളുമാണ്.
ഇരുളം സ്വദേശി പി ജെ മാത്യു, സഹോദരന് സിജോ, ജോസഫ്, കുപ്പാടി വേങ്ങൂര്‍ സ്വദേശി ജിനചന്ദ്രന് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ നാലുപേരില്‍ നിന്നുമായി 2,94,000 രൂപയാണ് തട്ടിയത്. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ ക്ലാര്‍ക്കിന്റെ ജോലി ശരിയാക്കിതരാം എന്ന് വാഗ്ദാനം നല്‍കിയാണ് രതീഷ് മാത്യുവില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 57400 രൂപയാണ് വാങ്ങിയെടുത്തത്. നേരത്തെ, സിജോയുടെ പക്കല്‍ നിന്നും പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് ഒരു വര്‍ഷം മുമ്പ് 48700രൂപയും വാങ്ങി. ജോസഫ് എന്ന പരാതിക്കാരനില്‍ നിന്നും ഇതേ വാഗ്ദാനം നല്കി 40900രൂപയും കുപ്പാടി സ്വദേശി ജനിചന്ദ്രനില് നിന്നും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ പ്യൂണ്‍ ജോലി വാഗ്ദാനം ചെയത് 1,47,000രൂപയുമാണ് രതീഷ് തട്ടിയത്. നിലിവില്‍ നാലുപേരാണ് പരാതിതന്നിരിക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മറ്റര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതുള്‍പ്പടെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായും എസ്.ഐ സി എ മുഹമ്മദ് പറഞ്ഞു.
പണം അക്കൗണ്ട് വഴിയും നേരിട്ടുമാണ് രതീഷിന് നല്‍കിയത്. വാഗാദനം ചെയ്ത സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് രതീഷുമായി ഫോണില്‍ ബന്ധപെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവത്രേ. തുടര്‍ന്ന് പരാതിക്കാര്‍ കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി രതീഷിനെ പോലിസ് സ്റ്റേഷനില്‍ എത്തിക്കുകകയായിരുന്നു.
വിവിധ സ്കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്ത രതീഷിന് സാക്ഷരാത തുല്യപഠന പ്രവര്‍ത്തനങ്ങളുമായും ബന്ധമുണ്ട്. കൂടെ പഠിച്ചവരെയും താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളെയുമാണ് തട്ടിപ്പിനിരയാക്കിയത്. ഈ ബന്ധം മുതലെടുത്ത് പലരില്‍ നിന്നും ഡ്രൈവര്‍, ക്ലാര്‍ക്ക് ജോലികള്‍ വാഗ്ദാനം ചെയ്ത് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പാലക്കാട് സ്വദേശികളില്‍ നിന്നും 28000 രൂപമുതല്‍ ഒന്നര ലക്ഷം രൂപവരെ തട്ടിയെടുത്തതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: