കല്‍പ്പറ്റ: വിദേശ പൗരനായ എഡ്വേര്‍ഡ് ജുവര്‍ട്ട് വാനിംഗന്, കര്‍ണാടക സ്വദേശിയായ മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിന് ദാനാധാരമായി നല്കിയ കാട്ടിക്കുളത്തെ ആലത്തൂര്‍ എസ്റ്റേറ്റില്‍ നിന്ന് വീണ്ടും മരം മുറിച്ച് കടത്താന്‍ നീക്കം. വനം, റവന്യൂ വകുപ്പുകളെ സ്വാധീനിച്ച് വിവാദ എസ്റ്റേറ്റില്‍ നിന്ന് മരം മുറിക്കാനാണ് നീക്കം. വിദേശ പൗരന്റെ കാലശേഷം അയാളുടെ ഉടമസ്ഥതയിലുള്ള ഭൂമി നിയമ പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാകണമെന്ന നിയമം പ്രകാരം എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുമ്പോഴാണ് മരം മുറിക്കാന്‍ നീക്കം.
മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യമുന്നയിച്ച് റവന്യൂ അധികൃതര്‍ക്ക് നിലവില്‍ എസ്റ്റേറ്റ് കൈവശംവെക്കുന്നവര്‍ അപേക്ഷ നല്‍കിയിരുന്നു. എസ്റ്റേറ്റ് സംബന്ധിച്ച വിവാദങ്ങളും സര്‍ക്കാര്‍ നടപടികളും ചൂണ്ടിക്കാട്ടി നിലവില്‍ മരംമുറിക്കാന്‍ അനുമതി നല്കാന് നിര്‍വാഹമില്ലെന്നാണ് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് നല്കിയ റിപ്പോര്‍ട്ട്.മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആലത്തൂര്‍ എസ്റ്റേറ്റില്‍ നിന്നു മരം മുറിക്കുന്നതുമായി ബന്ധപ്പട്ട അപേക്ഷയില്‍ പരിശോധന നടത്തിയപ്പോള്‍ പ്രസ്തുത ഭൂമി എസ്ചീറ്റ് നിയമപ്രകാരം സര്‍ക്കാരിലേക്ക് ഏറ്റെടുക്കാന്‍ നടപടിക്രമങ്ങള്‍ നടന്നു വരുന്നതായും എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ലാത്തതുമാണെന്നും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണ്. സര്‍ക്കാരില്‍ നിന്ന് അന്തിമ തീരുമാനം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മരം മുറിക്കുന്നതിനുളള അപേക്ഷയില്‍ എന്തെങ്കിലും തരത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്നുംവില്ലേജ് ഓഫീസര്‍ മാനന്തവാടി തഹസില്‍ദാരെ അറിയിച്ചിട്ടുണ്ട്. എന്നാലും അനുമതി ലഭ്യമാക്കാന്‍ ഉന്നതാധികാരികള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നതായാണ് സൂചന. ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കുന്നതില്‍ റവന്യൂ വകുപ്പ് വീഴ്ച വരുത്തുന്നതിനിടെയാണ് മരം മുറിക്കാന്‍ നീക്കം നടത്തുന്നത്. എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് ഒച്ചിഴയും വേഗമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.അനന്തരാവകാശികളില്ലാത്ത ജുവര്‍ട്ട് വാനിംഗന്റെ ഉടമസ്ഥതയിലുള്ള മാനന്തവാടി കാട്ടിക്കുളത്തെ ആലത്തൂര്‍ എസ്റ്റേറ്റ് അടിയന്തിരമായി സംസ്ഥാന സര്‍ക്കാരിലേക്ക് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 2013 ഡിസംബര്‍ 31 ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വയനാട് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
അനന്തരാവകാശികളില്ലാത്ത വിദേശപൗരന്റെ സ്വത്ത് അയാളുടെ കാലശേഷം സംസ്ഥാന സര്‍ക്കാരിലേക്കാണ് നിയമപ്രകാരം വന്നുചേരേണ്ടത്. എസ്ചിറ്റ് ആന്‍ഡ് ഫോര്‍ ഫീച്ചര്‍ ആക്ട് പ്രകാരം ജില്ലാ കലക്ടര്‍ക്കാണ് ഇത്തരം ഭൂമി ഏറ്റെടുക്കാന്‍ അധികാരമുള്ളത്. 212.5 ഏക്കര്‍ വരുന്ന ആലത്തൂര്‍ എസ്റ്റേറ്റ് ഉടന്‍ ഏറ്റെടുത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടി വൈകിപ്പിച്ചു. ഇതിനിടെ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ കഴിയുന്നതാണെന്നു സൂചിപ്പിക്കുന്ന മാനന്തവാടി സബ് കലക്ടറുടെ റിപ്പോര്‍ട്ട് ഉന്നതാധികാരികള്‍ക്ക് കൈമാറാതെ കലക്ടറേറ്റില്‍ വച്ച് താമസിപ്പിക്കുകയും ചെയ്തിരുന്നു. ജുവര്‍ട്ട് വാനിംഗനുമായി രക്തബന്ധമില്ലാത്ത ബംഗളൂരു സ്വദേശി മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറാണ് നിലവില്‍ എസ്റ്റേറ്റ് കൈവശംവക്കുന്നത്. ്. 2010-11 കാലഘട്ടത്തില്‍ മുന്‍ സബ് കലക്ടര്‍ എസ്. ഹരികിഷോര്‍, ആലത്തൂര്‍ എസ്റ്റേറ്റ് കൈമാറ്റം സംബന്ധിച്ച അനുമതികളെക്കുറിച്ച് അറിയാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഈശ്വറിന്റെ പേരിലേക്ക് എസ്റ്റേറ്റ് മാറ്റിയശേഷം ഭൂമി സംബന്ധിച്ച സീലിംഗ് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിന് മുന്‍ സബ് കലക്ടര്‍ എന്‍. പ്രശാന്ത് കേസെടുക്കുകയും ചെയ്തിരുന്നു. വാനിംഗന് സായ്പില്‍ നിന്ന് 33.5 ഏക്കര്‍ ഭൂമി വാങ്ങിയവര്‍ ഇത് തുണ്ടമായി മുറിച്ചു വില്പന നടത്താന്‍ ശ്രമം നടത്തിയിരുന്നു. ഇതിനായി കാപ്പിച്ചെടികളും മരങ്ങളും മുറിച്ചു നീക്കി. സംഭവം വിവാദമായപ്പോള്‍ പുതിയതായി കാപ്പിച്ചെടികള്‍ നട്ടുപിടിപ്പിച്ച് ബന്ധപ്പെട്ടവര്‍ നിയമവിരുദ്ധ നടപടികളില്‍ നിന്ന് പിന്മാറുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: