മാര്‍ച്ച് അഞ്ചിനു രാവിലെ അറിഞ്ഞു, ‘ജി’ അന്തരിച്ചു. ജി എന്ന ജി. മഹാദേവന് അടുത്ത കാലം വരെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തൃശൂര്‍ മഹാനഗര്‍ ജില്ല സംഘചാലക് ആയിരുന്നു. അതിനു മുമ്പ് അദ്ദേഹം ദീര്‍ഘകാലം തൃശൂര്‍ ജില്ല കാര്യവാഹ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. തൃശൂര്‍ നഗരത്തിലെ സാമൂഹ്യ ജീവിതവുമായി അദ്ദേഹത്തിനുണ്ടായിരുന്നത് ഇഴ വേര്‍പ്പെടുത്താന്‍ വയ്യാത്ത ബന്ധമായിരുന്നു.
കുരുക്ഷേത്ര പ്രകാശന് ജനറല്‍ മാനേജര്‍ ഇ.എന്‍. നന്ദകുമാറും ഞാനും പോകാന്‍ തീരുമാനിച്ചു. വിവരം അറിഞ്ഞു എന്റെ ജ്യേഷ്ഠനും (ടി. അശോകന്) എന്നെ വിളിച്ചു. അദ്ദേഹം അറുപതുകളില്‍, വിദ്യാര്‍ത്ഥി ജീവിത കാലത്ത് തൃശൂര്‍ ടൗണിലെ പ്രമുഖ സംഘ പ്രവര്‍ത്തകനായിരുന്നു. പിന്നീട് 1966 മുതല്‍ 1969 വരെയുള്ള കാലത്ത് ജ്യേഷ്ഠന് എബിവിപിയുടെ ആദ്യത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നതെല്ലാം എന്റെ ബാല്യകാല ഓര്‍മ്മകളാണ്. അദ്ദേഹത്തിന് ജിയുമായുള്ള ബന്ധം വളരെ ഗാഢമായിരുന്നു എന്ന് എനിക്കറിയാം. കാണുമ്പോഴെല്ലാം ജി അത് എന്നോട് പറയാറുണ്ടായിരുന്നു. സ്വാഭാവികമായും ജ്യേഷ്ഠനും ഞങ്ങളോടൊപ്പം പോന്നു.
ഞങ്ങള്‍ തൃശൂര്‍ കോട്ടപ്പുറത്തെ ജില്ലാ കാര്യാലയമായ പ്രതാപ് നിവാസില്‍ എത്തിയപ്പോള്‍ സമയം ഉച്ചക്ക് രണ്ടര. അവിടെ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ വരുന്ന ജനസഞ്ചയം. യശ:ശരീരനായ ജിയുടെ ജനസമ്മതി അളക്കുന്ന ബാരോമീറ്റര്‍ ആയിരുന്നു ആ രംഗങ്ങള്‍. തൃശ്ശൂരിലെ പഴയകാല പ്രവര്‍ത്തകരെ ഇത്രയേറെ ഞാന്‍ ഒരുമിച്ചു കാണുന്നത് ആദ്യത്തെ അനുഭവം തന്നെ. എന്റെ ശൈശവകാലത്തെ മുതിര്‍ന്ന പ്രവര്‍ത്തകരും എന്റെ സമകാലീനരും എനിക്ക് ശേഷമുള്ള ഇളം തലമുറയും ഒന്നിച്ച് ദുഃഖത്തില്‍ ആഴ്ന്നു നില്കുന്ന അസുഖകരമായ കാഴ്ച! പ്രതാപ് നിവാസിന്റെ മുറ്റത്ത് മ്ലാനത നിറഞ്ഞ അന്തരീക്ഷത്തില്‍
നില്ക്കുമ്പോള് മനസ്സ് പതിറ്റാണ്ടുകള്‍ക്ക് പിന്നോട്ട് സഞ്ചരിച്ചു.
ജിയെ ആദ്യമായി കാണുമ്പോള്‍ എനിക്ക് ഏഴോ എട്ടോ വയസ്സ്. അന്നദ്ദേഹം തൃശൂര്‍ ജില്ലാകാര്യവാഹ്. ആ ചുമതല എന്നാല്‍ എന്താണെന്നൊന്നും അറിയാനുള്ള പ്രായം അന്ന് എനിക്കില്ല. അന്ന് അദ്ദേഹം ധനലക്ഷ്മി ബാങ്കിലെ ഒരു സാധാരണ ക്ലാര്‍ക്ക് ആയിരുന്നു എന്ന് മുതിര്‍ന്നപ്പോള്‍ ഞാന്‍ മനസ്സിലാക്കി. കഠിനശ്രമം, ആത്മാര്‍ത്ഥത തുടങ്ങിയ ഗുണങ്ങളാല്‍ അദ്ദേഹം ബാങ്കിന്റെ ജനറല്‍ മാനേജരായി. കരിയറിന്റെ അവസാന ഇന്നിങ്സില്‍ അദ്ദേഹം ബാങ്കിന്റെ ചെയര്മാന് സ്ഥാനത്തേക്കും ഉയര്‍ന്നു.
ജില്ലാകാര്യവാഹ് എന്ന നിലയില്‍ ജി എന്റെ വീട്ടില്‍ സൈക്കിള്‍ ചവിട്ടി വന്നിരുന്നതിനു കുട്ടികാലത്ത് ഞാന്‍ നിരവധി തവണ സാക്ഷിയായി. ജിക്ക് എന്റെ അച്ഛനുമായും നല്ല സൗഹൃദമായിരുന്നു. പിന്നീട് ഞാന്‍ സംഘത്തില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിനു എന്നോടുള്ള സൗഹൃദം ഒരു വാത്സല്യമായി. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ കുടുംബം എറണാകുളത്തേക്ക് മാറി. എങ്കിലും സംസ്ഥാനതല പരിപാടികള്‍ക്ക് കാണുമ്പോള്‍ അദ്ദേഹം എന്നോടുള്ള വാത്സല്യം അളവില്ലാതെ ചൊരിഞ്ഞു. ‘ഇത് നമ്മുടെ നാട്ടുകാരനാ, എറണാകുളത്ത് താമസിക്കുന്നു എന്നേയുള്ളു’ എന്നാണ് അദ്ദേഹം തൃശ്ശൂരിലെ പുത്തന്‍ തലമുറയ്ക്ക് എന്നെ പരിചയപ്പെടുത്തിയിരുന്നത്.
ഞാന്‍ വല്ലപ്പോഴും എഴുതുന്ന ലേഖനങ്ങള്‍ ജിയെ ഏറെ സന്തോഷിപ്പിച്ചു. 2013ലെ മണ്‍സൂണ്‍ മഴ തകര്‍ത്ത് പെയ്യുന്ന ഒരു സന്ധ്യയില്‍ തൃശൂര്‍ സാഹിത്യ പരിഷത്ഹാളില് വെച്ച് ഞാന്‍ സഹരചയിതാവായിരുന്ന, ‘വിവേകാനന്ദ ശില : തപസ്സും പോരാട്ടവും’എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങിയപ്പോള്‍ വേദിയില്‍ നിന്ന് സദസ്സിലേക്ക് ഇറങ്ങി ചെന്ന് കാല്‍തൊട്ടു വന്ദിച്ചു പുസ്തകത്തിന്റെ ഓഥേര്‍സ് കോപ്പി കൈയൊപ്പിട്ടു കൊടുത്തു. ആ നിമിഷം അദ്ദേഹത്തിന്റെ കണ്ണ്നിറഞ്ഞത് ഇന്നും ഓര്‍ക്കുന്നു, അദ്ദേഹം ചുറ്റുമുള്ളവരോട് പറഞ്ഞു, ‘ഇത് തൃശൂര്‍ക്കാരന്റെ പുസ്തകമാണ്, എറണാകുളത്തുകാരന്റേതല്ല’ എന്ന്. തൃശ്ശൂരിലെ പ്രമുഖ പ്രവര്‍ത്തകരില്‍ ഒരാളായ രവികുമാര്‍ ഉപ്പത്ത് വക്കീലും ജിയോടൊപ്പം ഉണ്ടായിരുന്നു എന്നോര്‍ക്കുന്നു.
ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന് (ഗോപു) സംഘടിപ്പിച്ച പരിപടിയായിരുന്നു അത്- ‘മാര്‍ക്സും വിവേകാനന്ദനും’ എന്ന വിഷയത്തെ കുറിച്ചുള്ള ചര്‍ച്ച. സി.പി.ജോണ്‍, ബിഎംഎസ് നേതാവ് അഡ്വ. സജി നാരായണന് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വര് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖരില്‍ ചിലരാണ്. ഗോപുവിന്റെ സ്വാഗത പ്രസംഗത്തില്‍ നിന്നാണ് ജി സദസ്സിന്റെ പിന്നില്‍ എവിടെയോ ഇരിക്കുന്നെണ്ടെന്നു ഞാന്‍ അറിഞ്ഞത്. അതാണ് ഞാന്‍ ഇറങ്ങി ചെല്ലാനും കാരണമായത്. എന്റെ ജീവിതത്തിലെ ഒരു അനുസ്മരണീയ നിമിഷം തന്നെയായിരുന്നു അത്.
ജി മുന്‍നിരയില്‍ ഇരിക്കേണ്ട ആളാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ (ഗോപുവിന്റെ പ്രസംഗത്തിലും ഇതേ വാചകമുണ്ടായിരുന്നു), കുറച്ചു നേരം ഇരിക്കുമ്പോള്‍ ഉറക്കം വരും എന്നും, മുന്‍നിരയില്‍ ഇരുന്നുറങ്ങുന്നത് മോശമാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോഴാണ് കാലം ഞങ്ങള്‍ ഇരുവരില്‍ നിന്നും ഏറെ കൊഴിഞ്ഞു പോയി എന്ന് മനസ്സിലായത് !
എന്റെ കുട്ടികാലത്ത് ജീയുടെ സഹോദരന് മൂര്‍ത്തി മരിച്ചത് ഓര്‍ക്കുന്നു.
കൊല്‍ക്കത്തയിലോ മറ്റോ ജോലി ചെയ്യുമ്പോള്‍ ബോണ്‍ ടിബി ബാധിച്ചു തൃശൂരില്‍ തിരിച്ചു വന്ന മൂര്‍ത്തിയെ ജി ധാരാളം പണം ചെലവാക്കി ചികിത്സിച്ചു. പക്ഷെ, മൂര്‍ത്തി മരിച്ചു. അന്നത്തെ ചെറിയ ശമ്പളം കൊണ്ട് ജി ആ ചെലവേറിയ ചികിത്സ എങ്ങിനെ മാനേജ് ചെയ്തുവെന്നത് അത്ഭുതം തന്നെ ആയിരുന്നു. മൂര്‍ത്തിക്ക് വേണ്ടി എന്റെ വീട്ടില്‍ നിന്നും ജ്യേഷ്ഠന് കരിക്ക് കൊണ്ടുപോയിരുന്നത് എന്റെ ഒമ്പത് വയസ്സുകാലത്തെ ഓര്‍മ്മകളിലുണ്ട്. മൂര്‍ത്തിയെ ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. കണ്ണും മൂക്കും ചെവിയും വായും ഒഴിച്ചുള്ള ഭാഗങ്ങളില്‍ പ്ലാസ്റ്റര്‍ ധരിച്ചു നടന്നിരുന്ന മൂര്‍ത്തിയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട് എന്ന് മാത്രം. ആ അവസ്ഥയിലും അദ്ദേഹം പൂങ്കുന്നം സായം ശാഖയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്താറുണ്ടായിരുന്നു എന്നും പിന്നീടറിഞ്ഞു.
ജിയ്ക്ക് എന്നും സംഘം മാത്രമായിരുന്നു ഒരേ ഒരു ജപം. 1946ലോ മറ്റോ തൃശൂരില്‍ ആദ്യത്തെ സംഘ ശാഖ തുടങ്ങിയത് മുതല്‍ ജി ഒരു കറയില്ലാത്ത സ്വയംസേവകനായി ജീവിച്ചു. അടിയന്തരാവസ്ഥ കാലം മുഴുവന്‍ മിസ പ്രകാരം ജയിലില്‍ കിടക്കേണ്ടി വന്നപ്പോള്‍ അദ്ദേഹം അത് പുഞ്ചിരിയോടെ നേരിട്ടു. മക്കള്‍ക്ക് ജോലിയൊന്നും ആവാത്ത, പെണ്‍കുട്ടികളുടെ വിവാഹം കഴിയാത്ത, ആ കാലം എത്രമാത്രം ദുരിതപൂര്‍ണ്ണമായിരുന്നു എന്നത് അടിയന്താരാവസ്ഥ കാലത്ത് സംഘപ്രവര്‍ത്തനം ചെയ്തിരുന്നവര്‍ക്കു മാത്രമേ ഒരു പക്ഷെ സങ്കല്പ്പിക്കാന് പോലുമാവൂ. 1948ല്‍ മഹാത്മജിയുടെ വധത്തെ തുടര്‍ന്ന് സംഘം നിരോധിക്കപ്പെട്ടപ്പോഴും ജി സത്യഗ്രഹം ചെയ്തു ജയില്‍വാസം അനുഭവിച്ചിരുന്നു.
ജീയുടെ ജീവിതം സംഘത്തിനായി അര്പ്പിക്കപ്പെട്ടതായിരുന്നുവെങ്കിലും ഹിന്ദുത്വദേശീയ പ്രസ്ഥാനങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിന്റെ അപ്രഖ്യാപിത ‘ജ്യൂറിസ്ഡിക്ഷന്സ്’ തന്നെ ആയിരുന്നു. ചിന്മയ മിഷന്, അമൃതാനന്ദമയി മഠം, തുടങ്ങി എത്രയോ പ്രസ്ഥാനങ്ങള്‍. സംഘത്തിന്റെ പ്രാന്തീയ സമ്പര്‍ക് പ്രമുഖ്, വിശ്വഹിന്ദു പരിഷദ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്നീ ചുമതകളും വഹിച്ച ജി തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പുമായും സജീവമായി ബന്ധപ്പെട്ടിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ജിയുടെ സ്പര്‍ശവും ചൂടും വെളിച്ചവും ഏല്‍ക്കാത്ത സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ തൃശ്ശൂരില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.
ഇത് ഒരു സമര്‍പ്പിത ജീവിതത്തിന്റെ അന്ത്യമാണ്. പൂജനീയ ഡോക്ടര്‍ ഹെഡ്ഗെവാര്‍ വിഭാവനം ചെയ്ത പോലുള്ള ഒരു ജന്മസാഫല്യം. ജിയുടെ വ്യക്തിജീവിതവും സമാജ ജീവിതവും സംഘടനാ ജീവിതവും എല്ലാം പരസ്പ്പരം ഇഴുകിച്ചേര്‍ന്ന് കിടന്നു. അതില്‍ ഏതിനു കൂടുതല്‍ പ്രാമുഖ്യം എന്നത് ഉത്തരമില്ലാത്ത ചോദ്യം തന്നെയായിരുന്നു. കുടമുല്ലയ്ക്കാണോ, പനിനീര്പൂവിനാണോ സൂര്യകാന്തിയ്ക്കാണോ കൂടുതല്‍ സൗന്ദര്യം എന്ന് ചോദിക്കുന്നത് പോലെ. വെണ്ചന്ദ്രലേഖയ്ക്കാണോ അസ്തമയാര്ക്കനാണോ കൂടുതല്‍ കാന്തി എന്ന് ചോദിക്കുന്നതു പോലെ. അതുകൊണ്ടുതന്നെ ജിയുടെ വിട ഈ സമാജത്തിന്റെ നഷ്ടമാണ്. ജീവിതത്തില്‍ കണ്ടു മുട്ടിയ ആദര്‍ശ സ്വയംസേവകരില്‍ ഒരാളുടെ ദേഹാന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: