ബത്തേരി : നിയമസഭാതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷവും സാമൂഹ്യനീതി വകുപ്പില്‍ മുന്‍ തീയ്യതി കാണിച്ച് ഉത്തരവിറക്കി തിരക്കിട്ട് പ്രോമോഷന് നിയമനങ്ങള്‍ നടത്തുന്നതായി ജീവനക്കാരുടെ ആരോപണം. മാര്‍ച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് വിഞ്ജാപനവും അതേതുടര്ന്ന് പെരുമാറ്റചട്ടവും നിലവില്‍ വന്നിട്ടും മാര്‍ച്ച് രണ്ട് തീയ്യതി രേഖപ്പെടുത്തി യാതൊരു ആവശ്യവുമില്ലാതെ ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലേക്കാണ് എഴുപത്തി മൂന്നുപേരെ നിയമിക്കുന്നതെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലീംലീഗിലെ വേണ്ടപ്പെട്ടവര്‍ക്കായി പ്രമോഷന് നല്കി ഖജനാവ് കൊളളയടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വരുംദിവസങ്ങളിലും ഇത്തരം ഉത്തരവുകളുടെ പ്രളയം ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു.
ആദിവാസി പിന്നോക്ക-തീരദേശ മേഖലകളിലേക്ക് എന്നുപറഞ്ഞാണ് അനാവശ്യമായി ഈ നിയമനങ്ങളെല്ലാം നടത്തുന്നതത്രെ. തിരുവന്തപുരം ആറ്, കൊല്ലം ആറ്, ആലപ്പുഴ ഒന്‍പത്, എറണാകുളം നാല്, തൃശ്ശൂര്‍ ആറ്, കോഴിക്കോട് എട്ട്, കണ്ണൂര്‍ ഏഴ്, കാസര്‍ഗോഡ് ഒന്‍പത്, പാലക്കാട് രണ്ട്, വയനാട് ആറ്, ഇടുക്കി പത്ത് എന്നിങ്ങനെയാണ് പുതിയ നിയമനങ്ങള്‍. മാര്‍ച്ച് രണ്ടിന് ഇ.7-2813-09 ഉത്തരവുപ്രകാരമാണ് ഈ നിയമനങ്ങള്‍ നടക്കുന്നത്. സംസ്ഥാന ഭരണക്കാര്‍ നടത്തുന്ന സ്വജനപക്ഷാ പാതത്തിന്റെ ഏറ്റവും പുതിയ തെളിവാണിതെന്നും അടിയന്തിരമായി തെരഞ്ഞെടുപ്പുകമ്മീഷന് പ്രശ്നത്തില്‍ ഇടപെടണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: