മാനന്തവാടി: തോല്‍പ്പെട്ടിയില്‍ കാട്ടാന ജീപ്പ് തകര്‍ത്തു. നാട്ടുകാര്‍ തുരത്തിയോടിച്ച കൊമ്പനാന കാടിറങ്ങിയെത്തിയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പ് തകര്‍ത്തത് . തോല്‍പ്പെട്ടി ഹൈസ്കൂളിന് സമീപം താഴെ മിച്ചഭൂമിയില്‍ പാറക്കണ്ടി റഫീഖിന്റെ ജീപ്പാണ് തകര്‍ത്തത്.റഫീഖും മകനും ആനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ട് ഓടി .
ബുധനാഴ്ച്ച രാവിലെ ആറ് മണിയോടെ റഫീഖ് മകനെ മദ്രസയില്‍ കൊണ്ട് വിടുന്നതിനായി വാഹനമെടുക്കാന്‍ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് ആനയെ കണ്ടത്. . ആന ജീപ്പിന്റെ മുന്‍വശം തകര്‍ത്തു. പിന്നീട് സമീപത്തെ തോട്ടത്തിലേക്ക് കയറി.
വിവരം ഉടന്‍ തന്നെ ബേഗൂര്‍, തോല്‍പ്പെട്ടി റെയ്ഞ്ച് ഓഫീസുകളില്‍ അറിയിച്ചു. ആറരയോടെ ബേഗൂര്‍ റെയ്ഞ്ചാഫീസര്‍ നജ്മല്‍ അമീം, ഡെപ്യൂട്ടി റെയ്ഞ്ചര്‍ വിനോദ് കുമാര്‍, തോല്‍പ്പെട്ടി അസി വൈല്‍ഡ് ലൈഫ് വാര്ഡന് എ.കെ. ഗോപാലന്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുധാകരന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വനപാലക സംഘം സ്ഥലത്തെത്തിയപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് വന്നു. റഫീഖിന് നഷ്ടപരിഹാരം നല്‍കണമെന്നും നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. സ്ഥലത്തത്തെണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ പത്ത് മണിയോടെ സ്ഥലത്തെത്തിയ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേളൂരിയെ പ്രദേശവാസികള്‍ തടഞ്ഞ് വെച്ചു. വിവരമറിഞ്ഞ് വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് പി. ധനേഷ് കുമാറും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.
പ്രദേശത്തിറങ്ങുന്ന ആനകളെ തുരത്താന്‍ പ്രദേശവാസികളായ രണ്ട് വനംവാച്ചര്‍മാരെ നിയോഗിക്കാനും 24 മണിക്കൂറും പ്രദേശത്ത് റോന്ത് ചൂറ്റുന്നതിനായി ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയില്‍ നിന്നുള്ള 18 വനംവാച്ചര്‍മാരെ നിയോഗിക്കും. ആന തകര്‍ത്ത റഫീഖിന്റെ ജീപ്പ് നന്നാക്കി നല്‍കുന്നതിനായി ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ നജ്മല്‍ അമീനെ ചുമതലപ്പെടുത്തി. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തോട് സ്ഥിതി ചെയ്യുന്ന് പ്രദേശത്ത് ആനശല്ല്യം രൂക്ഷമാകുന്നത് കണക്കിലെടുത്ത് വനാതിര്‍ത്തിയിലുള്ള വൈദ്യുതി കമ്പിവേലിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കാലത്തോളമായി തോല്‍പ്പെട്ടി അരണപ്പാറ പ്രദേശത്ത് മോഴയാനയുടെയും കൊമ്പനാനയുടെയും ശല്ല്യം രൂക്ഷമായിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തോല്‍പ്പെട്ടി പ്രദേശത്ത് എത്തിയ കൊമ്പനാനയെ നാട്ടുകാര്‍ തന്നെ തുരത്തിയോടിച്ച് വിട്ടതാണ്. എന്നാല്‍ ഈ ആന വീണ്ടും കാടിറങ്ങിയെത്തിയാണ് റഫീഖിന്റെ ജീപ്പ് തകര്‍ത്തത്. ആന പ്രദേശത്ത് വന്‍തോതില്‍ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആനശല്ല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഈ മാസം പതിനഞ്ചിന് വൈകീട്ട് നാല് മണിക്ക് എല്‍.പി. സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ജനകീയ കമ്മിറ്റി യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: