കോന്നി: നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മെത്രാന്‍കായല്‍ പദ്ധതിയ്ക്ക് അനുമതി നല്കിയ മന്ത്രി അടൂര്‍പ്രകാശ് രാജിവെയ്ക്കണമെന്ന് ബിജെപി കോന്നി നിയോജകമണ്ഡലം കമ്മിറ്റി. കോടതിവിധിയും നിയമസഭാ തീരുമാനവും കാറ്റില്‍ പറത്തിയ റവന്യൂമന്ത്രിയ്ക്കെതിരേ നപടിപടി സ്വീകരിക്കണം. വികസന നായകന് എന്ന അടൂര്‍പ്രകാശിന്റെ സ്വയംപ്രഖ്യാപിത പരിവേഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് നേടാനുള്ള തന്ത്രം മാത്രമാണ്. അദ്ദേഹം പ്രഖ്യാപിക്കുന്ന കോടികളുടെ പദ്ധതികള്‍ ബിസിനസ് താല്പര്യത്തോടെ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് കുമരകം മെത്രാന് കായലിലെ 378 ഏക്കറും എറണാകുളം കടമക്കുടിയില്‍ 48 ഏക്കറും വയല്‍ നികത്താന്‍ റവന്യൂവകുപ്പ് തിരക്കിട്ട് അനുമതി നല്കിയ സംഭവം. നെല്‍വയല്‍ നീര്‍ത്തട നിയമം അട്ടിമറിച്ചും കായല്‍ നികത്തരുതെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ചുമാണ് കോടികള്‍ കൊള്ളയടിക്കുവാനുള്ള ഭൂമി കൈയേറ്റത്തിന് മന്ത്രി കൂട്ടുനിന്നിരിക്കുന്നത്. റെക്കിന്‍ഡോ ഡെവലെപ്പ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും മറ്റ് കമ്പനികളും കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഏറ്റവും ഉല്‍പ്പാദന ക്ഷമതയുള്ള 378 ഏക്കര്‍ കൃഷിഭൂമിയാണ് വാങ്ങിക്കൂട്ടിയത്. ഇതിന് ശേഷം ഇവിടെ കൃഷി ചെയ്യുവാനും കമ്പനി അനുവദിച്ചില്ല. അതില്‍ 85 ശതമാനം തൊഴില്‍ നഷ്ടവും സ്ത്രീകള്‍ക്കാണ് സംഭവിച്ചത്. കോടികള്‍ മുടക്കി നടത്തുന്ന വ്യാജ പ്രചരണത്തില്‍ കോന്നിയിലെ വോട്ടര്‍മാര്‍ ഇനിയും വീണുപോകരുതെന്നും നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വികസനത്തിന്റെ പേരില്‍ മന്ത്രി അടൂര്‍പ്രകാശ് നടത്തിയ കോടികളുടെ ബിസിനസ് ഇടപാടുകള്‍ അന്വേഷിക്കണമെന്നും ബിജെപി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി.മനോജ് മലയാലപ്പുഴ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: