പരപ്പനങ്ങാടി: മുസ്ലീം ലീഗിന്റെ സാംസ്കാരിക മുഖമെന്ന് വിശേഷിപ്പിച്ചിരുന്ന അഡ്വ.കെ.എന്‍.എ.ഖാദറിന് ഇത്തവണ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ലീഗില്‍ ആഭ്യന്തരകലഹം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ജില്ലാ അതിര്‍ത്തിയായ വള്ളിക്കുന്ന് മണ്ഡലത്തിന്റെ പ്രഥമ എംഎല്‍എ കൂടിയായിരുന്നു കെ.എന്‍.എ.ഖാദര്‍. ഇദ്ദേഹത്തെ മാറ്റിനിര്‍ത്തിയതോടെ മണ്ഡലം കൈവിട്ടുപോകാന്‍ വരെ സാധ്യതയുണ്ടെന്ന് പ്രാദേശിക നേതൃത്വം പറയുന്നു. പി.അബ്ദുള്‍ ഹമീദിനാണ് ഇത്തവണ വള്ളിക്കുന്ന് നല്‍കിയിരിക്കുന്നത്. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഒരിക്കല്‍ മത്സരിച്ച് പരാജയപ്പെട്ട് കൂടാരം കയറിയ ചരിത്രമാണ് അബ്ദുള്‍ ഹമീദിനുള്ളത്. നിലവിളക്ക് വിവാദത്തില്‍ മുസ്ലീം ലീഗ് തീരുമാനത്തിന് വിരുദ്ധമായ നിലപാടായിരുന്നു കെഎന്‍എ ഖാദര്‍ സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിലവിളക്ക് തെളിയിക്കില്ലെന്ന് വാശിപിടിക്കുമ്പോള്‍ കെഎന്‍എ ഖാദര്‍ വിദ്യാനികേതന്‍ സ്കൂളുകളുടെയടക്കം പരിപാടികളില്‍ പങ്കെടുക്കുകയും നിലവിളക്ക് തെളിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതോടെ ലീഗിനുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ രൂപപ്പെട്ടു. മത്സരരംഗത്ത് നിന്നും കെഎന്‍എ ഖാദറിനെ മാറ്റി നിര്‍ത്തണമെന്ന് ഒരു വിഭാഗം നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. നിലവിളക്കില്‍ തട്ടിയാണ് ഖാദറിന് സീറ്റ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ സമ്മതിക്കുന്നുമുണ്ട്.
ചേലേമ്പ്ര, പള്ളിക്കല്‍, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മുന്നിയൂര്‍, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വള്ളിക്കുന്ന് മണ്ഡലം. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് എല്‍ഡിഎഫിന്റെ നീക്കം. വള്ളിക്കുന്ന്, ചേലേമ്പ്ര, പള്ളിക്കല്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളില്‍ ബിജെപിക്ക് ശക്തമായ വേരോട്ടമാണുള്ളത്. പൊതുപ്രവര്‍ത്തനത്തിലും സംശുദ്ധരാഷ്ട്രീയത്തിലും മികവുതെളിയിച്ച സ്ഥാനാര്‍ത്ഥിയെയായിരിക്കും ബിജെപി പരിഗണിക്കുക. ഏകദേശം 40000 വോട്ടുകള്‍ ബിജെപി മണ്ഡലത്തില്‍ ഉറപ്പിച്ചു കഴിഞ്ഞു. ത്രികോണ മത്സരത്തിനാണ് വള്ളിക്കുന്നില്‍ കളമൊരുങ്ങുന്നത്.
പൊതുപ്രവര്‍ത്തകന്റെ യാതൊരു ഗുണവുമില്ലാത്ത ആളാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥിയെന്ന് ലീഗ് പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ജില്ലയില്‍ മുസ്ലീം ലീഗിന്റെ അപ്രമാധ്യത്തില് മതിമറന്ന് വൈകാരികമായി ആളുകളോട് ഇടപെടുന്നതാണ് അബ്ദുള്‍ ഹമീദിന്റെ ശൈലി. ഇങ്ങനെയുള്ളൊരാള്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കെഎന്‍എ ഖാദറിന് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ നല്ലൊരു വിഭാഗം പ്രവര്‍ത്തകരും അസംതൃപ്തരാണ്. ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീഗിലെ തന്നെ ഒരു നേതാവിനെ വിമതനായി മത്സരിപ്പിക്കാനും അസംതൃപ്തരുടെ കൂട്ടായ്മ ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: