കാഞ്ഞങ്ങാട്: നഗരത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യപിച്ച് സഹായവുമായി പോലീസിനെ സമീപിച്ച പുഞ്ചാവി കടപ്പുറത്തെ സുരേഷ് (43) നെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഹൊസ്ദൂര്‍ഗ് എഎസ്ഐ മൂഹമ്മദ് ഹനീഫിനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. സുരേഷിന്റെ പരാതിയില്‍ മുഹമ്മദ് ഹനീഫിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസയാണ് സസ്പെന്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് പോലീസ് എയ്ഡ് പോസ്റ്റിന് സമീപമാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. വൈകുന്നേരം 5 മണിയോടുകൂടി മദ്യപിച്ചെത്തിയ പുഞ്ചാവി കടപ്പുറം കൈക്ലോന്‍ ദേവാലയത്തിന് സമീപത്തെ സുരേഷിനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ മുഹമ്മദ് ഹനീഫ് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ സുരേഷിന്റെ തലയുടെ പിന്‍ഭാഗത്ത് സാരമായ മുറിവ് പറ്റിയിരുന്നു. പരിക്കേറ്റ സുരേഷിന് പോലീസ് ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഐഎസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കടപ്പുറത്ത് നിന്നും നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ നഗരത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് സംഘം തിരിച്ചുപോകുകയായിരുന്നു. എഎസ്ഐ സുരേഷിനെ മനപൂര്‍വ്വം തള്ളിയിടുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. എന്നാല്‍ മദ്യപിച്ച് പോലീസിന്റെ കൃത്യനിര്‍വഹണത്തിന് സുരേഷ് തടസം നില്‍ക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. സംഘര്‍ഷാവസ്ഥ നിലനിന്നതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.സുനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: